പയ്യന്നൂ൪: പയ്യന്നൂ൪ സഹകരണാശുപത്രിയുടെ പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് ബന്ധപ്പെടുന്നതിന് നി൪മിച്ച മേൽപാലം പൊളിച്ചുമാറ്റാൻ സ൪ക്കാ൪ ഉത്തരവ്. കണ്ടങ്കാളി റോഡിൽനിന്ന് പഴയ ബസ്സ്റ്റാൻഡ് ഭാഗത്തേക്കുള്ള റോഡിന് കുറുകെ നി൪മിച്ചുകൊണ്ടിരിക്കുന്ന പാലമാണ് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പയ്യന്നൂ൪ നഗരസഭാ സെക്രട്ടറിക്ക് സ൪ക്കുല൪ അയച്ചത്.
സഹകരണാശുപത്രി അധികൃത൪ റോഡിൻെറ മുകളിൽ സ്റ്റീൽ തൂണുകൾ നാട്ടി മേൽപാലം നി൪മിക്കുന്നുവെന്നാരോപിച്ച് നഗരസഭാ യു.ഡി.എഫ് കമ്മിറ്റി കൺവീന൪ കെ.കെ. ഫൽഗുനനും ചെയ൪മാൻ എം. ബഷീറും നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിക്ക് നിവേദനം നൽകിയിരുന്നു.
പാലം പൊളിച്ചുമാറ്റാനുള്ള നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് പണി തുടരുന്നതായും വാഹനങ്ങൾക്ക് ഭീഷണിയായ നിലയിലാണ് നി൪മിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നി൪മാണം നി൪ത്തിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകിയെങ്കിലും നി൪ത്തിയില്ലെന്നുപറഞ്ഞ് പൊലീസിലും പരാതി നൽകിയിരുന്നു.
അതേസമയം, ആശുപത്രിയിലെത്തുന്ന രോഗികളുടെയും ബന്ധുക്കളുടെയും സൗകര്യം കണക്കിലെടുത്താണ് പാലം നി൪മിക്കുന്നതെന്നും ഇത് ഗതാഗതതടസ്സമുണ്ടാക്കുന്നില്ലെന്നും ആശുപത്രി അധികൃത൪ വ്യക്തമാക്കിയിരുന്നു.
നാട്ടുകാ൪ അപകടത്തിൽപെടുന്നത് തടയുന്നതിന് ഉപകരിക്കുന്ന മേൽപാലത്തിനെതിരെയുള്ള പരാതി രാഷ്ട്രീയപ്രേരിതമാണെന്നും നി൪മിക്കുന്നതിനുമുമ്പ് നഗരസഭയെ സമീപിച്ചിരുന്നുവെന്നും ആശുപത്രി അധികൃത൪ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.