മലപ്പുറം: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് (ഗെയിൽ) വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേ൪ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപാ൪ട്ടി പ്രതിനിധികളുടെയും യോഗത്തിൽ ഉയ൪ന്ന് കേട്ടത് മുഴുവൻ പ്രതിഷേധ സ്വരം. ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന വാതക പൈപ്പ് ലൈൻ പദ്ധതിക്ക് ജനങ്ങളുടെ കടുത്ത എതി൪പ്പ് നേരിടേണ്ടി വരുമെന്ന് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. യോഗത്തിൻെറ പൊതു വികാരം കണക്കിലെടുത്ത് താരതമ്യേന ജനസാന്ദ്രത കുറഞ്ഞ ഭാഗങ്ങളിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സ്ഥല പരിശോധന നടത്തുമെന്ന് ഗെയിൽ പ്രതിനിധി ടോണി മാത്യു യോഗത്തിൽ അറിയിച്ചു. വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികളുടെ ആദ്യ യോഗമാണ് തിങ്കളാഴ്ച കലക്ടറേറ്റിൽ നടന്നത്.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ അവ്യക്തതകൾ ദൂരീകരിക്കണമെന്ന് യോഗത്തിനെത്തിയ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പൈപ്പ് ലൈൻ കടന്ന് പോകുന്ന ഭാഗങ്ങളിലെ വില്ലേജ് ഓഫിസുകളിലോ പഞ്ചായത്ത് ഓഫിസുകളിലോ പൈപ്പ് ലൈനിൻെറ റൂട്ട് സ്കെച്ച് ലഭ്യമല്ല.
ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് ജനപ്രതിനിധികൾക്ക് വരെ ധാരണയില്ല. പത്ത് വ൪ഷം മുമ്പ് നടത്തിയ സ൪വേ അനുസരിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അശാസ്ത്രീയമാണ്. സുരക്ഷയെ കുറിച്ചും ജനം ആശങ്കയിലാണ്. ഭൂവുടമകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ചും വ്യക്തതയില്ല. പൈപ്പ് ലൈൻ സ്ഥാപിക്കാൻ പത്ത് മീറ്റ൪ ഭൂമി ഏറ്റെടുക്കുന്നതിൽ ദുരൂഹതയുണ്ടെന്നും യോഗത്തിനെത്തിയവ൪ ആരോപിച്ചു. പദ്ധതിയെകുറിച്ച അവ്യക്തതകളാണ് ജനപ്രതിനിധികളടക്കമുള്ളവ൪ യോഗത്തിൽ പങ്കുവെച്ചത്.
എന്നാൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ഒരു വീട് പോലും പൊളിച്ച് മാറ്റേണ്ടി വരില്ലെന്ന് ഗെയിൽ പ്രതിനിധികൾ പറഞ്ഞു. പദ്ധതി നടപ്പാക്കാൻ ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കും. സംസ്ഥാനത്തെ ജനസാന്ദ്രത പരിഗണിച്ചാണ് 10 മീറ്ററിൽ പദ്ധതി നടപ്പാക്കുന്നത്. അഞ്ചോ ആറോ സെൻറിൽ വീട് വെച്ച് താമസിക്കുന്നവ൪ പൈപ്പിടാനുളള സ്ഥലം മാത്രം നൽകിയാൽ മതി. നിലവിലെ കമ്പോള വിലയുടെ പത്ത് ശതമാനം യൂസേജ് ഫീ നൽകും.
1962ലെ പെട്രോളിയം മിനറൽസ് പൈപ്പ് ലൈൻ (അക്വിസിഷൻ ഓഫ് റൈറ്റ് യൂസ് ഓഫ് ലാൻഡ്) ആക്റ്റിലെ 3 (1) അനുസരിച്ചുള്ള കരട് വിജ്ഞാപനം മാത്രമാണ് ഇപ്പോൾ കേന്ദ്ര ഗവൺമെൻറ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതനുസരിച്ച് പൊതുജനങ്ങളുടെ പരാതി പരിഗണിക്കുകയും ആവശ്യമെങ്കിൽ പൈപ്പ് ലൈൻ റൂട്ട് മാറ്റാനും സാധിക്കും. ഈ നിയമത്തിലെ സെക്ഷൻ 7 പ്രകാരം യാതൊരു കാരണവശാലും വീടുൾപ്പെടെയുളള നി൪മിതികൾ പൊളിക്കാൻ പാടില്ല. സെക്ഷൻ 6 (1) അനുസരിച്ച് അന്തിമ റൂട്ട് വിഞ്ജാപനം ചെയ്ത ശേഷമായിരിക്കും പൈപ്പ് ലൈൻ സ്ഥാപിക്കുക.
എം.എൽ.എ മാരായ പി.കെ. ബഷീ൪, പി. ഉബൈദുല്ല എന്നിവ൪ രണ്ട് സമയങ്ങളിലായി യോഗത്തിനെത്തിയെങ്കിലും പെട്ടെന്ന് മടങ്ങി. പദ്ധതി നടപ്പാക്കുമ്പോൾ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അബ്ദുസമദ് സമദാനി എം.എൽ.എയുടെ പ്രതിനിധി പങ്കെടുത്തു. പൂക്കോട്ടൂ൪ പഞ്ചായത്ത് പ്രസിഡൻറ്, അരീക്കോട് പഞ്ചായത്ത് പ്രസിഡൻറ്, കോഡൂ൪ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, കാവനൂ൪ പഞ്ചായത്ത് പ്രസിഡൻറ്, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻറ്, സ്ഥിരം സമിതി അധ്യക്ഷൻ നാസ൪, വളാഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്, സി.പി.എം പ്രതിനിധി ജ്യോതിബസു, സി.പി.ഐ പ്രതിനിധി ബാലകൃഷ്ണൻ, ഐ.എൻഎൽ പ്രതിനിധി മുജീബ് ഹസൻ, വെൽഫയ൪ പാ൪ട്ടി പ്രതിനിധി അബ്ദുൽ അസീസ്, സോഷ്യൽ ജനത പ്രതിനിധി സിദ്ധാ൪ഥ് തുടങ്ങിയവ൪ സംസാരിച്ചു.
ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്, ഡെപ്യൂട്ടി കലക്ട൪ അബ്ദുന്നാസ൪, കമ്പനി പ്രതിനിധികളായ ടോണി മാത്യു, വിപിൻ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.