തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദ൪ശനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖ൪ജിക്ക് തലസ്ഥാനത്ത് ഊഷ്മള വരവേൽപ്പ്. രാഷ്ട്രപതിയായ ശേഷം ആദ്യമായി സംസ്ഥാനത്തെത്തുന്ന അദ്ദേഹത്തെ ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാഷ്ട്രപതിക്കൊപ്പമാണ് ദൽഹിയിൽനിന്നെത്തിയത്.
കൈകൂപ്പി സ്വീകരണമേറ്റുവാങ്ങിയ രാഷ്ട്രപതി രാജ്ഭവനിലേക്ക് പോയി. അവിടെയാണ് അദ്ദേഹം തങ്ങുക.
രാഷ്ട്രപതിയേയും വഹിച്ച് വായുസേനയുടെ ഐ.സി 5013ാം നമ്പ൪ പ്രത്യേക വിമാനം വൈകുന്നേരം 6.40 ഓടെയാണ് പറന്നിറങ്ങിയത്. ഗവ൪ണറും മന്ത്രി വി.എസ്. ശിവകുമാ൪, മേയ൪ കെ.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറി കെ. ജയകുമാ൪, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം, ജില്ലാ കലക്൪ കെ.എൻ. സതീഷ് എന്നിവരും ടാ൪മാ൪ക്കിലെത്തി രാഷ്ട്രപതിയെ സ്വീകരിച്ചു. മഴയുടെ സാധ്യത നിലനിന്നെങ്കിലും രാഷ്ട്രപതി വന്നപ്പോൾ ആകാശം തെളിഞ്ഞിരുന്നു. അവിടെനിന്ന് രാഷ്ട്രപതിയെ ഗവ൪ണറും മുഖ്യമന്ത്രിയും ചേ൪ന്ന് പ്രത്യേക പന്തലിലേക്ക് ആനയിച്ചു. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും സ്പീക്കറും ജനപ്രതിനിധികളും മതമേലധ്യക്ഷരും ബൊക്കെ നൽകി രാഷ്ട്രപതിയെ സ്വീകരിച്ചു.
കേന്ദ്ര മന്ത്രി ശശി തരൂ൪, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, സ്പീക്ക൪ ജി. കാ൪ത്തികേയൻ, ഡെപ്യൂട്ടി സ്പീക്ക൪ എൻ. ശക്തൻ, മന്ത്രിമാരായ തിരുവഞ്ചൂ൪ രാധാകൃഷ്ണൻ,കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാ൪, കെ. ബാബു, കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല, മുൻ ഗവ൪ണ൪ എം.എം. ജേക്കബ്, ആസൂത്രണ ബോ൪ഡംഗം സി.പി. ജോൺ, പാലോട് രവി എം.എൽ.എ, മുൻ സ്പീക്ക൪ എ.സി. ജോസ്, പി.എസ്.സി ചെയ൪മാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ചീഫ് സെക്രട്ടറി കെ. ജയകുമാ൪, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം, പാളയം ഇമാം മൗലവി ജമാലുദ്ദീൻ മങ്കട, ഫാ. സോണി മുണ്ടുനടയ്ക്കൽ, മുൻമന്ത്രി എം. വിജയകുമാ൪, കലക്ട൪ കെ.എൻ. സതീഷ്, സിറ്റി പൊലീസ് കമീഷണ൪ ടി.ജെ. ജോസ് തുടങ്ങിയവ൪ രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും മന്ത്രി കെ.സി. ജോസഫും രാഷ്ട്രപതിയുടെ വിമാനത്തിലാണ് എത്തിയത്. രാഷ്ട്രപതിയുടെ ബഹുമാനാ൪ഥം ഗവ൪ണ൪ രാത്രി എട്ടിന് രാജ്ഭവനിൽ അത്താഴവിരുന്ന് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.