പൂന്തുറ: കടലിനൊപ്പം ആറുകളുടെയും കായലുകളുടെയും തീര സുരക്ഷ ശക്തമാക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി തലസ്ഥാനത്ത് പാളി. കടലിനൊപ്പം തിരുവല്ലമാറ്, വെള്ളായണി കായൽ തുടങ്ങിയ ജലപാതകളിൽ ഹൈവേ പട്രോളിങ് മാതൃകയിൽ വാട്ട൪വേ പട്രോളിങ് നടത്താനാണ് സംസ്ഥാന സ൪ക്കാ൪ ലക്ഷ്യമിട്ടിരുന്നത്.
ആധുനിക സുരക്ഷാബോട്ടുകൾ ഉപയോഗിച്ച് പട്രോളിങ് നടത്തുമെന്നും അറിയിച്ചിരുന്നു. ബോട്ട് ഓടിക്കുന്നതിന് കേരള പൊലീസിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ൪ക്ക് കൊച്ചി ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനവും നൽകി. എന്നാൽ പദ്ധതി ഫലം കാണാതെ പകുതിവഴിയിലാണ്.
തിരുവനന്തപുരം സിറ്റിക്ക് രണ്ടും റൂറലിന് മൂന്നും ബോട്ടുകളാണ് അനുവദിച്ചത്. ഇതിൽ ഓരോന്ന് വീതം തിരുവല്ലം, ശ്രീകാര്യം സ്റ്റേഷനുകൾക്ക് നൽകി. തിരുവല്ലത്തിന് നൽകിയ ആധുനിക ബോട്ട് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ഇട്ടതിനാൽ അന്നുതന്നെ കട്ടപ്പുറത്തായി. ജലമാ൪ഗമുള്ള കള്ളക്കടത്ത്, മണലൂറ്റ് തുടങ്ങിയവ തടയാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് പൊലീസ് നഷ്ടമാക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള പട്രോളിങ്ങിന് 42 ആധുനിക ബോട്ടുകളാണ് ആഭ്യന്തര വകുപ്പ് വാങ്ങിയത്. 6.8 മീറ്റ൪ നീളമുള്ള ബോട്ട് ഉപയോഗിച്ച് 35 മുതൽ 75 വരെ നോട്ടിക്കൽ മൈൽ വേഗത്തിൽ പട്രോളിങ് നടത്താൻ കഴിയും.
നാവിഗേഷൻ ലൈറ്റ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. എല്ലാ ഭാഗത്തേക്കും വെടിയുതി൪ക്കാനുള്ള സംവിധാനവും രാത്രിക്കാഴ്ച സുഗമമാക്കാനുള്ള ബൈനോക്കുലറുകളുമുണ്ട്. ആഴം കുറഞ്ഞ ഭാഗങ്ങളിൽപ്പോലും സഞ്ചരിക്കാൻ കഴിയുന്ന നിലവാരത്തിലുള്ളതാണ് ബോട്ട്. പവ൪സ്റ്റിയറിങ്ങും ഘടിപ്പിച്ചിട്ടുണ്ട്.
തിരുവല്ലം, പൂവാ൪, ശ്രീകാര്യം, വ൪ക്കല, ചിറയിൻകീഴ് എന്നീ മേഖലകളായി തിരിച്ച് ഉൾനാടൻ ജലപാത സുരക്ഷിതമാക്കണമെന്ന വിദഗ്ധ നി൪ദേശം നടപ്പാക്കാത്തതാണ് തലസ്ഥാന സുരക്ഷക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഓരോ മേഖലക്കും സ്ഥിരമായി ഓരോ പട്രോളിങ് ബോട്ട് അനുവദിക്കണമെന്നും ബോട്ട് ഓടിക്കുന്നതിനും പട്രോളിങ്ങിനും വിദഗ്ധ പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ആഭ്യന്തര വകുപ്പ് ഉന്നതതല യോഗങ്ങളിൽ തീരുമാനമെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രാവ൪ത്തികമാകാത്തത് മണലൂറ്റ് സംഘങ്ങളെ സഹായിക്കാനാണെന്ന ശക്തമായ ആക്ഷേപവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.