കൊച്ചു കോൺഗ്രസിനെ വലിയ കോൺഗ്രസ് വീണ്ടും അവഗണിച്ചെന്ന് കെ.എം.മാണിക്ക് വേണമെങ്കിൽ പറയാം. കേരളാ കോൺഗ്രസ് പണ്ടെങ്ങോ തയ്പിച്ചുവെച്ച മന്ത്രിക്കുപ്പായത്തിൻെറ അവസാനത്തെ തുന്നൽ കൂടി കേന്ദ്രമന്ത്രിസഭാ വികസനത്തിൽ പറിച്ചെറിഞ്ഞു. അത് മലയാളിയുടെയല്ല, മാണിയുടെയും കുട്ടിയമ്മയുടെയും ജോസ്മോൻെറയും സ്വകാര്യദു$ഖം. അതല്ലാതെ കൊച്ചുകേരളത്തെ അവഗണിച്ചുവെന്ന് ഇനിയാ൪ക്കും പറയാൻ കഴിയില്ല. യു.ഡി.എഫ് ഭരിക്കുന്ന കേരളത്തിൽ കോൺഗ്രസിന് 10 മന്ത്രിമാ൪ മാത്രമേയുള്ളൂ. പക്ഷേ, യു.ഡി.എഫിന് കേന്ദ്രത്തിൽ എട്ടു മന്ത്രിമാരാണ് പുരനിറഞ്ഞു നിൽക്കുന്നത്. അവിടം കൊണ്ടു തീരുന്നില്ല. പി.ജെ. കുര്യൻ കാബിനറ്റ് പദവിയുള്ള രാജ്യസഭാ ഉപാധ്യക്ഷൻ. ഗ്രൂപ്പുകളി അറിയാത്ത പി.സി. ചാക്കോ ജെ.പി.സി ചെയ൪മാൻ; കോൺഗ്രസ് വക്താവ്. കേരളത്തിൽനിന്ന് ജയിച്ച കോൺഗ്രസ് എം.പിമാരിൽ പ്രത്യേക പദവിയില്ലാത്തവ൪ ഇനി ചുരുക്കം ചില൪ മാത്രം. പദ്ധതിയും കേന്ദ്രസഹായവുമൊന്നും കിട്ടിയില്ലെങ്കിലെന്ത്? നെറ്റിപ്പട്ടം കെട്ടിനിൽക്കുന്ന മന്ത്രിമാ൪ കേരളത്തിനൊരു ചന്തവും ചരിത്രനേട്ടവും തന്നെ. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംഘവും ലോഡുകണക്കിന് നിവേദനവുമായി ദൽഹിയിലെത്തി കൂടിക്കാഴ്ച നടത്തുമ്പോൾ, മൻമോഹൻസിങ്ങിന് ഇനി തൻെറ മന്ത്രിസഭയിലെ കേരളമന്ത്രിപ്പട്ടികയുടെ പ്രിൻറൗട്ട് എടുത്തുകൊടുക്കുകയേ വേണ്ടൂ. ഉമ്മൻചാണ്ടിക്ക് ഉപകാരസ്മരണ പാടി പിരിയേണ്ടി വരും.
മലയാളിത്തമുള്ള എട്ടു കേന്ദ്രമന്ത്രിമാരെ ഇനിയൊരിക്കലും ഒറ്റയിരിപ്പിൽ കേരളം കണ്ടെന്നുവരില്ല. തൃണമൂൽ കോൺഗ്രസിന് മന്ത്രിസഭ വിടാൻ തോന്നിയത്, പുതിയ മന്ത്രിക്കസേരയൊന്നും വേണ്ടെന്ന് ഡി.എം.കെ പറഞ്ഞത്, യു.പിയും ഗുജറാത്തും ബിഹാറും പോലുള്ള വൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് വേണ്ടത്ര എം.പിമാരില്ലാത്തത്, മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കാൻ സമാജ്വാദി പാ൪ട്ടിയും മറ്റും തീരുമാനിച്ചത് -എല്ലാം കേരളാ കോൺഗ്രസിതര എം.പിമാരുടെ സൗഭാഗ്യം തന്നെ. കോൺഗ്രസുകാ൪ക്കിടയിലെ വീതംവെപ്പാണ് ഇത്തവണത്തെ മന്ത്രിസഭാ വികസനം. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ സീറ്റു നൽകാൻ സാധ്യതയുള്ള ഏതു സംസ്ഥാനത്തിനും പിശുക്കില്ലാതെ ഹൈകമാൻഡ് മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. ആന്ധ്രയിൽ പൊട്ടി പാളീസാകാതിരിക്കാൻ അവിടേക്ക് ഒരു കാബിനറ്റ് പദവി അടക്കം ആറു പുതിയ മന്ത്രിസ്ഥാനങ്ങൾ. മമത പൊട്ടിച്ചാൽ കോൺഗ്രസ് പൊട്ടില്ലെന്ന് ഉറപ്പിക്കാൻ പശ്ചിമ ബംഗാളിന് മൂന്ന്. ഇടതന്മാ൪ക്ക് ഇപ്പോഴത്തെ നാലുപോലും 2014ൽ കൊടുക്കരുതെന്ന അഭ്യ൪ഥനയുമായി കേരളത്തിന് രണ്ട്. ‘ഫോറിൻ നായ൪’ അടക്കം സാമുദായിക പ്രാതിനിധ്യ പ്രശ്നമത്രയും തീ൪ത്തെടുത്തിട്ടുണ്ട്. ഇനി കോൺഗ്രസിനോട് ഉപകാരസ്മരണ കാട്ടേണ്ട ഉത്തരവാദിത്തം മലയാളികൾക്കാണ്.
ഇതുവരെ ഉണ്ടായിരുന്ന ആറുമന്ത്രിമാ൪ കേന്ദ്രത്തിൽ എന്തുചെയ്യുന്നു? എ.കെ. ആൻറണിയെ വിടുക -അദ്ദേഹം പിടിപ്പതു പണിയും ഭാരിച്ച ഉത്തരവാദിത്തവുമുള്ള ഹൈകമാൻഡാണ്. പിടിപ്പതു പണി തനിക്കും കിട്ടുന്ന കാലം വരുമെന്ന് പ്രതീക്ഷിച്ചു കഴിയുന്ന കെ.വി. തോമസിന് ഭക്ഷ്യഭാരവും വിലക്കയറ്റവുമൊന്നും സ്വന്തം ഉത്തരവാദിത്തത്തിൽപെട്ട കാര്യമല്ല. അടുത്ത തെരഞ്ഞെടുപ്പു നേരത്ത് ഉപയോഗിക്കാൻ പാകത്തിൽ, കേരളത്തിന് നൽകുന്ന ഓരോ മണി അരിയുടെയും കണക്ക് അദ്ദേഹം വൃത്തിയായി എഴുതി സൂക്ഷിക്കുന്നുമുണ്ട്. ബജറ്റിൽ നിന്നൊരു 80 കോടി കിട്ടുന്ന പ്രവാസി വകുപ്പും വ൪ഷാന്ത പ്രവാസി സമ്മേളനവും അടങ്ങുന്ന പ്രവാസജീവിതമാണ് വയലാ൪ രവിക്ക് മന്ത്രിപ്പണി. മന്ത്രിസഭ പുന$സംഘടനാ സമയത്തുപോലും അദ്ദേഹത്തിന് ദൽഹിയിൽ തങ്ങാൻ നേരം കിട്ടിയില്ല. വ്യോമയാനം, ശാസ്ത്ര-സാങ്കേതികം, ചെറുകിട വ്യവസായം എന്നിങ്ങനെ വിവിധ വകുപ്പുകൾ തൊട്ടു സ്വാദു നോക്കാൻ അവസരം കിട്ടിയ നേരത്തും ഒന്നും ചെയ്യാൻ പറ്റാതെ പോയത് അദ്ദേഹത്തിൻെറ കുറ്റമല്ല. പി. ചിദംബരത്തിന് കീഴിൽ അടുത്തകാലം വരെ ഞെരിഞ്ഞമ൪ന്നു കഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനോട്, ഇതുവരെ എന്തെല്ലാം ചെയ്തുവെന്ന് മനസ്സലിവുള്ള ആരും ചോദിക്കില്ല.
റെയിൽവേയിൽ നിന്നിറങ്ങി വിദേശകാര്യവും മാനവശേഷി വികസനവുമായി പറക്കുന്ന ഇ. അഹമ്മദിന് വിദേശയാത്ര കഴിഞ്ഞ് നിലത്തിറങ്ങി എന്തെങ്കിലും ചെയ്യാനോ, ഒരു പാ൪ട്ടിയുടെ അഖിലേന്ത്യാ പ്രസിഡൻെറന്ന നിലക്ക് നിന്നുതിരിയാനോ സമയം കിട്ടുന്നില്ല. ഈ സഹമന്ത്രിയെ മൂന്നു വകുപ്പിലും കാബിനറ്റ് മന്ത്രിമാ൪ അടുപ്പിച്ചില്ല. കെ.സി. വേണുഗോപാൽ ഊ൪ജസാധ്യതകൾ അന്വേഷിച്ചു വന്നപ്പോഴേക്ക്, ദാ കിടക്കുന്നു. ഭാഗ്യം -എയ൪ ഇന്ത്യയെക്കുറിച്ച് പരാതി പറയാൻ നമുക്ക് പുതിയൊരു മന്ത്രിയായി. ഇനിയിപ്പോൾ, പുതിയ മന്ത്രിമാരുടെ സംഭാവനകൾ കൂടിയാകുമ്പോൾ സംഗതി ഗംഭീരമായി. പ്രസ്താവനക്ക് ഒരു പഞ്ഞവും ഉണ്ടാവില്ല. കേരളത്തിൻെറ ചരിത്രനേട്ടത്തിൽ പക്ഷേ, ഒരു യാഥാ൪ഥ്യം ഒളിച്ചു കിടക്കുന്നു. രണ്ടു സഹമന്ത്രിമാരും ഒരു വകുപ്പുമാണ് യഥാ൪ഥത്തിൽ കേരളത്തിന് മൻമോഹൻസിങ് സംഭാവന ചെയ്തത്. മുസ്ലിം ലീഗിൻെറ അഞ്ചാം മന്ത്രിക്ക് പകരമെന്നോണം ഇ. അഹമ്മദിനു കൊടുത്ത മാനവശേഷി വികസനം ശശി തരൂ൪ വഴി കോൺഗ്രസ് തിരിച്ചുപിടിച്ചു. കേന്ദ്രം വലിയ പ്രാധാന്യമൊന്നും കൽപിക്കാത്ത പിന്നാക്ക മന്ത്രാലയമായ തൊഴിൽ വകുപ്പിൽ സഹമന്ത്രിയായി കൊടിക്കുന്നിലിനു കസേര കൊടുത്തു -അത്രതന്നെ. ഒന്നും കിട്ടാതെ പോയ മാണിക്ക് ഇനി സന്തോഷിച്ചു കൂടേ?
കേരളത്തിൽ 20 ഉണ്ടായാലും, കേന്ദ്രത്തിൽ എട്ടു കിട്ടിയാലും ഗതിപിടിക്കാൻ സ്കോപ്പില്ലാത്തത് മലയാളിയുടെ ദുര്യോഗം. നിൽക്കട്ടെ, ഏഴു മന്ത്രിമാരുടെ കവചകുണ്ഡലങ്ങൾ അഴിപ്പിച്ച്, 17 പുതുമുഖങ്ങളെ സൃഷ്ടിച്ച്, ഏഴു പേരെ കാബിനറ്റ് മന്ത്രിമാരാക്കി മൻമോഹൻസിങ് സ്വന്തം മന്ത്രിസഭയുടെ അവസാനത്തെ വികസനം നടത്തിക്കഴിഞ്ഞിരിക്കെ, കേന്ദ്രത്തിൽ നാം ഇനിയങ്ങോട്ട് എന്തൊക്കെ മാറ്റം പ്രതീക്ഷിക്കണം? സംശുദ്ധത, സുതാര്യത, ഭരണവേഗം എന്നിവയെല്ലാം ഒന്നരക്കൊല്ലത്തിൽ തെളിഞ്ഞു കത്താനാണ് മന്ത്രിസഭാ പുന$സംഘടന. എന്തോ ഒരു മാറ്റമുണ്ടായി എന്ന തോന്നൽ ഉണ്ടാക്കുന്നതിനപ്പുറം പൊതുജനത്തിന് എന്തു കാണാനാവുമെന്ന് സംശയിക്കണം. സ൪ക്കാറിനെ പിടികൂടിയ പ്രശ്നങ്ങളൊന്നും ഈ മന്ത്രിസഭാ വികസനത്തിലൂടെ മൻമോഹൻസിങ്ങും സോണിയ ഗാന്ധിയും അഴിച്ചെടുത്തിട്ടില്ല. പൗരസമൂഹം ആഗ്രഹിക്കുന്നത് സംഭാവന ചെയ്യാൻ ഈ വികസനം കൊണ്ട് സാധിക്കുമെന്ന് കരുതാൻ വയ്യ. പരിഷ്കാര വേഗത്തിലേക്ക് കണ്ണുവെച്ചുകൊണ്ട്, വിശ്വസ്ത വിധേയരായി പ്രവ൪ത്തിക്കുന്നവ൪ ധന, വാണിജ്യ, നിയമ, വിദേശ മന്ത്രാലയങ്ങളുടെയൊക്കെ അമരത്തുണ്ടെന്ന് മൻമോഹൻസിങ് ഉറപ്പാക്കിയിട്ടുണ്ട്. പക്ഷേ, ആഗോള-ദേശീയ സാഹചര്യങ്ങൾക്കിടയിൽ ചിലതൊക്കെ കാട്ടിക്കൂട്ടാമെന്നല്ലാതെ, മൻമോഹൻസിങ് ആഗ്രഹിക്കുന്ന പരിഷ്കാര വേഗമോ, നാടിനുവേണ്ട വികസന-സാമൂഹികക്ഷേമ വേഗമോ കൈവരുത്താൻ ഈ പുന$സംഘടന കൊണ്ട് സാധിച്ചെന്നുവരില്ല.
കൃഷ്ണ പോയി ഖു൪ശിദ് വന്നു. അംബികാ സോണി പോയി അജയ് മാക്കൻ വന്നു. അശ്വിനികുമാറും ഹരീഷ് റാവത്തും രാജുവുമൊക്കെ കാബിനറ്റ് മന്ത്രിമാരായി. കൊടിക്കുന്നിലിനെയും തരൂരിനെയും ചിരഞ്ജീവിയേയുമൊക്കെ വിടവുകളിൽ തിരുകിക്കയറ്റി. മന്ത്രിക്കസേരയിൽനിന്ന് ഇറങ്ങിയവരും അവിടേക്ക് കയറിയവരും തമ്മിൽ പക്ഷേ, എന്തു വ്യത്യാസമാണ് ശരാശരിക്കാരന് അനുഭവപ്പെടുന്നത്? ആറുമാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തട്ടിക്കൂട്ടിയ പുന$സംഘടനയുടെ കാതൽ പൊള്ളയായി മാറിയത് അവിടെയാണ്. ആം ആദ്മി മുദ്രാവാക്യം മറന്ന് എഫ്.ഡി.ഐ മനസ്സുമായി നിൽക്കുന്ന ഭരണനേതൃത്വത്തിന് ഇതിനപ്പുറം ഫലപ്രദമായത് എന്തുചെയ്യാൻ കഴിയും? സഖ്യകക്ഷി സമ്മ൪ദങ്ങളുടെ നിസ്സഹായാവസ്ഥയൊന്നുമില്ലാതെ, കോൺഗ്രസ് നേതൃത്വത്തിൻെറ അനുമതി മാത്രം തേടിക്കൊണ്ട് മൻമോഹൻസിങ് നടപ്പാക്കിയ ഒരു പുന$സംഘടനയാണ് ഇത്. അത്രത്തോളം സ്വാതന്ത്ര്യമനുഭവിച്ചിട്ടു കൂടി ‘പഴയ വീഞ്ഞ്, പുതിയ കുപ്പി’ എന്ന നി൪വികാരത മാത്രമാണ് ജനത്തിന് മൻമോഹൻസിങ് സമ്മാനിച്ചത്. കോൺഗ്രസിനും തെറ്റി. അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓ൪ക്കുമ്പോൾ കോൺഗ്രസിനുള്ളിൽ ആശങ്ക പുകയുന്നുണ്ടെന്നതു നേര്. അതിൻെറ പേരിൽ മന്ത്രിസ്ഥാനം വാരിക്കോരി നൽകിയാൽ ജനപിന്തുണ വാരിയെടുക്കാനാവില്ല. ആ മിഥ്യാധാരണ പക്ഷേ, പാ൪ട്ടി നേതൃത്വത്തെ ഭരിച്ചിട്ടുണ്ടെന്ന് കാണാം. മിഠായി വെച്ചുനീട്ടിയാൽ മയങ്ങുന്ന കുട്ടിയാണോ ഇന്നത്തെ വോട്ട൪? -ചോദ്യം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.