പാലക്കാട്: തറക്കല്ലിട്ട് എട്ട് മാസമായിട്ടും കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം ഒരു നടപടിയും തുടങ്ങിയിട്ടില്ലെന്ന് എം.ബി. രാജേഷ് എം.പി. ശക്തമായ ജനകീയ സമ്മ൪ദം ഉണ്ടായില്ലെങ്കിൽ കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം അട്ടിമറിക്കപ്പെടും. ജനങ്ങളെ അണിനിരത്തി നാട്ടിലും സഹകരിക്കാവുന്ന എല്ലാ എം.പിമാരേയും ചേ൪ത്ത് പാ൪ലമെൻറിലും ഇതിനായി പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി 22നാണ് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത്. കഞ്ചിക്കോട്ടെ നി൪ദിഷ്ട ഫാക്ടറിക്ക് പാലക്കാട് കോട്ടമൈതാനത്ത് ആഘോഷമായി തറക്കല്ലിടുന്നത് പിറവം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തുന്ന തട്ടിപ്പാണെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഫാക്ടറി പൊതുമേഖലയിൽ വേണമെന്നാണ് ഇടത്പക്ഷത്തിൻെറ നിലപാട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നി൪മിക്കുമെന്ന് റെയിൽവേ പറയുന്നു. പി.പി.പിയായി നി൪മിച്ച ദൽഹി വിമാനത്താവളവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സി.എ.ജി വെളിച്ചത്ത് കൊണ്ടുവന്നത്. ഏത് മേഖലയിലായാലും തറക്കല്ലിന് ശേഷം ഒന്നും നടന്നിട്ടില്ല. വിഷയം ഒരു ഡസൻ തവണയെങ്കിലും ലോക്സഭയിൽ ഉന്നയിച്ചിട്ടുണ്ട്. നടപടി പുരോഗമിക്കുന്നുവെന്ന തെറ്റിധരിപ്പിക്കുന്ന മറുപടിയാണ് കിട്ടാറുള്ളത്. തറക്കല്ലിട്ട മന്ത്രിയും പിന്നീട് വന്നയാളും അധികാരമൊഴിഞ്ഞു. ഇപ്പോൾ വകുപ്പിന് മന്ത്രിയില്ല.
കോച്ച് ഫാക്ടറിയുടെ അവസ്ഥയെന്തെന്ന് മുഖ്യമന്ത്രിയും കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രിമാരും വ്യക്തമാക്കണം. വ്യക്തമായി ഒന്നും പറയാതെ ഇവ൪ ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളത്തിൻെറ പൊതുവായ പ്രശ്നങ്ങളിൽ സങ്കുചിത രാഷ്ട്രീയ നിലപാടാണ് യു.ഡി.എഫ് എം.പിമാ൪ കൈക്കൊള്ളുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.
പാലക്കാട്-പൊള്ളാച്ചി പാത ഗേജ് മാറ്റത്തിൻെറ കാര്യത്തിലും അനാസ്ഥയാണ്. പ്രഖ്യാപിക്കുന്ന പദ്ധതികൾക്ക് ഫണ്ടില്ലാതെ റെയിൽവെ തക൪ച്ചയുടെ വക്കിലാണ്. പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗലാപുരം ഡിവിഷൻ രൂപവൽകരിക്കുന്നതിനെക്കുറിച്ച് ഔദ്യാഗിക നീക്കമുള്ളതായി അറിവില്ല. അതേസമയം, ഇതിന് കുറേ കാലമായ രഹസ്യനീക്കം നടക്കുന്നുണ്ടെന്ന് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.