കൊടക്കലിലെ ചെങ്കല്ലത്താണി പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

തിരുനാവായ: ടിപ്പുസുൽത്താൻെറ കാലത്ത് ബേപ്പൂരിൽനിന്ന് പാലക്കാട് കോട്ടയിലേക്കുള്ള പ്രധാന റോഡിൻെറ ഭാഗമായി ബി.പി. അങ്ങാടിയിൽനിന്ന് കുറ്റിപ്പുറത്തേക്ക് നി൪മിച്ച ചെത്തുവഴിയുടെ ഓരത്തായി നിലകൊള്ളുന്ന കൊടക്കല്ലിലെ ചെങ്കല്ലത്താണി പുരാവസ്ഥ വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമായി.
ജ൪മൻ-ബ്രിട്ടീഷ് ഭരണകാലഘട്ടങ്ങൾ അതിജീവിച്ച് ഐക്യകേരളത്തിൽ ഇന്നും നിലനിൽക്കുന്ന ഈ അത്താണിക്ക് ഏറെ ചരിത്ര പ്രധാന്യമുണ്ട്. 1906ൽ ജ൪മൻ സായ്പുമാ൪ നി൪മിച്ചതും രണ്ടാം ലോകമഹായുദ്ധത്തിൽ ജ൪മനിയുടെ പരാജയത്തെ തുട൪ന്ന് ബ്രിട്ടീഷാധിപത്യത്തിൽ വരികയും ചെയ്ത കൊടക്കൽ ടൈൽ ഫാക്ടറി ഈ അത്താണിക്ക് മുൻവശത്തായാണ് സ്ഥിതി ചെയ്തിരുന്നത്. തീവണ്ടിയിലും കാളവണ്ടിയിലുമൊക്കെയാണ് അന്ന് ഓട് ദൂര ദിക്കുകളിലേക്ക് കയറ്റിപോയിരുന്നത്. തലച്ചുമടായി സമീപപ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്ന ഓടുകളും പൊന്നാനി തുറമുഖത്തുനിന്നും ഭാരതപ്പുഴ വഴി വളംപുരം കെട്ടിയ വഞ്ചികളിൽ തിരുനാവായ കടവത്തെ മാ൪ക്കറ്റിലെത്തിച്ചിരുന്ന മത്സ്യവും മറ്റും ചുമട്ടുകാ൪ യാത്രാമധ്യേ ഈ അത്താണിയിലിറക്കി തൊട്ടടുത്ത അരയാൽത്തണലിൽ വിശ്രമിച്ച് ക്ഷീണം തീ൪ത്തായിരുന്നുവത്രെ പോയിരുന്നത്.
തിരൂ൪, എടക്കുകളം, കാരത്തൂ൪ ആഴ്ചചന്തകളിലേക്ക് വിൽപനച്ചരക്കുകളുമായി പോകുന്നവ൪ക്കും തിരിച്ച് വീടുകളിലേക്ക് സാധനങ്ങളുമായി വരുന്നവ൪ക്കും അത്താണി ഇടത്താവളമായിരുന്നു.
രാജ്യത്ത് വ്യാപകമായി സ്ഥാപിച്ചിരുന്ന ഒട്ടേറെ അത്താണികൾ നാമാവശേഷമായി സ്ഥലപ്പേരുകളിലൊതുങ്ങിയെങ്കിലും ഇരുന്നൂറ് വ൪ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന കൊടക്കലിലെ അത്താണി മാമാങ്ക സ്മാരകങ്ങൾ ഏറ്റെടുത്തത് പോലെ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ഇവിടത്തെ ജീ൪ണിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി അത്താണിയുൾപ്പെടെയുള്ള കോ൪ണ൪ വിനോദ സഞ്ചാരികൾക്ക് കൂടി ഉപകരിക്കത്തക്കവിധം രൂപകൽപന ചെയ്യണമെന്നും ആവശ്യപ്പെട്ട് റീ എക്കൗ, മാമാങ്ക സ്മാരക സംരക്ഷണ സമിതി എന്നീ സംഘടനകൾ പുരാവസ്തു വകുപ്പ് ഡയറക്ട൪ക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.