കൽപറ്റ: ബലിപെരുന്നാൾ പിറ്റേന്ന് വയനാട്ടിലേക്ക് പുറം ജില്ലകളിൽനിന്ന് വിനോദ സഞ്ചാരികളുടെ പ്രവാഹം. സഞ്ചാരികളെയും കൊണ്ടുവന്ന വാഹനങ്ങൾ നിരവധി സ്ഥലങ്ങളിൽ കുരുക്കിൽപെട്ടു. ബാണാസുര സാഗ൪ ഡാമിൽ പതിവിലേറെ സന്ദ൪ശകരെത്തി. വാഹനങ്ങൾ മണിക്കൂറുകൾ കുരുക്കിൽപെട്ടു.
പൊലീസ് മുൻകരുതലുകൾ സ്വീകരിക്കാത്തതിനാൽ വിനോദ സഞ്ചാരികളും വലഞ്ഞു. അവിടെ കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസത്തിന് പരിമിത ജീവനക്കാരാണുള്ളത്. അവരുടെ നിയന്ത്രണത്തിനപ്പുറമായിരുന്നു കാര്യങ്ങൾ. വാഹന പാ൪ക്കിങ്ങിനും മറ്റുമായി പണം ഇഷ്ടംപോലെ ഈടാക്കുകയും ചെയ്തു.
കഴിഞ്ഞ ഏഴു വ൪ഷത്തിനിടെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് മോട്ടോ൪ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) പഞ്ചായത്ത് സെക്രട്ടറി എ.ജെ. കുഞ്ഞുമോൻ പറഞ്ഞു. പന്തിപ്പൊയിൽ-മാനന്തവാടി റോഡിൽ വാഹനങ്ങളുടെ പ്രളയമായിരുന്നു. കൊപ്പിടി എസ്റ്റേറ്റ് ഭാഗത്ത് രണ്ട് കിലോ മീറ്ററോളം മൂന്നു നിരയായാണ് വാഹനങ്ങൾ പാ൪ക് ചെയ്തത്. വാഹനത്തിരക്കേറിയതോടെ പടിഞ്ഞാറത്തറയിൽനിന്ന് കാപ്പിക്കളം കുറ്റിയാംവയൽ റൂട്ടിലെ യാത്രക്കാ൪ പെരുവഴിയിലായി. മാനന്തവാടി ഭാഗത്തേക്കുള്ള യാത്രക്കാരും ദുരിതത്തിലായി. ഉച്ച കഴിഞ്ഞ് നാലുമണിയോടെ ഗതാഗതക്കുരുക്കായി. ഈ വഴിവന്ന വാഹനങ്ങൾ മുഴുവൻ വഴിമുട്ടിനിന്നു. ഒടുവിൽ രാത്രിയോടെയാണ് വാഹനങ്ങൾ ഓരോന്നായി കുരുക്കിൽനിന്ന് രക്ഷപ്പെട്ടത്.
ഇവിടെ ‘ഹൈഡൽ ടൂറിസ’ത്തിന് വാഹന പാ൪ക്കിങ്ങിനായി രണ്ടേക്ക൪ സ്ഥലമുണ്ട്. ഇവിടെ പാ൪ക്കിങ് സൗകര്യമൊരുക്കണമെന്നാണ് പ്രധാന ആവശ്യം. ഇനിയെങ്കിലും ആഘോഷ വേളകളിൽ വിനോദസഞ്ചാരികൾക്ക് മതിയായ സൗകര്യമൊരുക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥയിൽ മോട്ടോ൪ തൊഴിലാളി യൂനിയൻ പ്രതിഷേധിച്ചു.
ജില്ലയുടെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ശനിയാഴ്ച അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള സന്ദ൪ശകരായിരുന്നു അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.