റെയില്‍വേയുടെ വഞ്ചനക്കെതിരെ വിദ്യാര്‍ഥികള്‍ നിയമനടപടിക്ക്

കൊല്ലം: ട്രെയിനുകളുടെ കൂട്ടിയിടിഒഴിവാക്കാൻ എൻജിനിയറിങ് വിദ്യാ൪ഥികൾ തയാറാക്കി സമ൪പ്പിച്ച സാങ്കേതികവിദ്യ പരീക്ഷിച്ച് വിജയിച്ച റെയിൽവേ ഇതിന് പിന്നിൽ പ്രവ൪ത്തിച്ചവരെ വഞ്ചിച്ചെന്ന് ആക്ഷേപം. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കൊല്ലം യൂനുസ്കോളജ് ഓഫ് എൻജിനിയറിങ്ങിലെ 2010 ബാച്ചിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാ൪ഥികൾ. സാങ്കേതികവിദ്യയുടെ വിശദാംശങ്ങൾ വാങ്ങിയ റെയിൽവേ തങ്ങളെ തഴഞ്ഞ് പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നുവെന്ന് കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയവരും കോളജ് അധ്യപകരും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
 2010ലാണ്  ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം വിദ്യാ൪ഥികൾ കണ്ടെത്തിയത്. പ്രോജക്ട് റിപ്പോ൪ട്ടുമായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം റെയിൽവെ മാനേജ൪ രാജീവ്ദത്ത് ശ൪മയെ സമീപിച്ചു. തിരുവനന്തപുരത്ത് നടന്ന റെയിൽവേ സുരക്ഷാ വിഭാഗം യോഗത്തിൽ ഇത് അവതരിപ്പിക്കുകയുംചെയ്തു. ആലപ്പുഴ എഫ്.സി.ഐയിൽ സാങ്കേതിക വിദ്യയുടെ പരീക്ഷണം ഉടൻ നടത്താമെന്ന് ഡിവിഷനൽ മാനേജ൪ ഉറപ്പ് നൽകി. എന്നാൽ പിന്നീട് അനുകൂല നടപടി  ഉണ്ടായില്ല. വിദ്യാ൪ഥികൾ കണ്ടെത്തലിനെക്കുറിച്ച് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിനെ അറിയിച്ചു. വിദ്യാ൪ഥികൾ അയച്ച കത്ത് കലാം റിസ൪ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓ൪ഗനൈസേഷന്  (ആ൪.ഡി.എസ്.ഒ)  കൈമാറി.ഡയറക്ട൪ എ.കെ. ജയിൻ ആവശ്യപ്പെട്ടതനുസരിച്ച് 2010 സെപ്റ്റംബറിൽ പൂ൪ണമായ പ്രോജക്ട് റിപ്പോ൪ട്ട് ലഖ്നോവിലെ ആ൪.ഡി.എസ്.ഒ  എന്ന സ്ഥാപനത്തിലേക്ക് അയച്ചുകൊടുത്തു.  എന്നാൽ പിന്നീട് റെയിൽവേയിൽനിന്ന് ഒരു മറുപടിയും ലഭിച്ചില്ല.
ഇതിനിടെയാണ് ഏതാനും ദിവസംമുമ്പ് ട്രെയിൻ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സാങ്കേതികവിദ്യ ആന്ധ്രാപ്രദേശിലെ രംഗനറെഡിയിൽ വിജയകരമായി പരീക്ഷിച്ചുവെന്ന വാ൪ത്ത പുറത്തുവന്നത്. റെയിൽവേ പരീക്ഷിച്ചത് 2010ൽ കൈമാറിയ അതേ സാങ്കേതികവിദ്യയാണ്.
 വാ൪ത്താസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.എം. അബ്ദുൽ മജീദ്, ഡയറക്ട൪ നൗഷാദ് യൂനുസ്, പ്രഫ. മായ, അസി. പ്രഫ. അഖില ഹനീഫ്, കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയ വിദ്യാ൪ഥി സംഘത്തിലുണ്ടായിരുന്ന അച്ചു ഉണ്ണിക്കൃഷ്ണൻ, മുകേഷ് എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.