മന്ത്രി മോഹനനും ടി.വി. രാജേഷും സഞ്ചരിച്ച തോണി മറിഞ്ഞു

പഴയങ്ങാടി: ഏഴോം കോട്ടുമണലിൽ കൊയ്ത്തുത്സവം ഉദ്ഘാടനത്തിനെത്തിയ കൃഷിമന്ത്രി കെ.പി. മോഹനനും ടി.വി. രാജേഷ് എം.എൽ.എയും ഉൾപ്പെടെ പത്തോളംപേ൪ തോണി മറിഞ്ഞ് കൈപ്പാട് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു. വെള്ളം രണ്ടടിയിൽ താഴെ മാത്രമായതിനാൽ അപായം ഒഴിവായി.  തോണിയിൽ ഉണ്ടായിരുന്ന ഏഴോം പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുഞ്ഞിരാമൻ, പടന്നക്കാട് കാ൪ഷിക കോളജിലെ നെല്ല് ഗവേഷക ഡോ. ടി. വനജ, ഏഴോം പഞ്ചായത്തംഗം കെ.പി. മനോജ്, കണ്ണൂ൪ ജില്ലാ പഞ്ചായത്തംഗം എം.വി. രാജീവൻ തുടങ്ങിയവരും വീണു.
വ്യാഴാഴ്ച രാവിലെ 9.30നാണ് സംഭവം. ഏഴോം ഗ്രാമപഞ്ചായത്തും കേരള കാ൪ഷിക സ൪വകലാശാലയും കൃഷിവകുപ്പും മലബാ൪ കൈപ്പാട് ഫാ൪മേഴ്സ് സൊസൈറ്റിയും ചേ൪ന്ന് കുറുവാട് പാടശേഖരത്തിൽ സംഘടിപ്പിച്ച കൊയ്ത്തുത്സവത്തിൻെറ ഉദ്ഘാടനത്തിനാണ് കൃഷി മന്ത്രിയും എം.എൽ.എയും എത്തിയത്. റോഡിൽ നിന്ന് ഏതാണ്ട് എട്ടുമീറ്റ൪ അകലെയുള്ള ഭാഗത്തുനിന്ന് കൊയ്ത്ത് നടത്തി ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതി. റോഡരികിൽനിന്ന് കയറി നാലുമീറ്റ൪ പിന്നിട്ടപ്പോഴേക്കും തോണി മറിഞ്ഞു. പരിധിവിട്ട് ആളുകൾ കയറിയതാകാം മറിയാൻ കാരണമെന്ന് കരുതുന്നു. വീഴ്ച കാര്യമാക്കാതെ ചളി പുരണ്ട നനഞ്ഞ വസ്ത്രത്തോടെ മന്ത്രിയും എം.എൽ.എയും കൂടെയുള്ളവരും കതി൪ കൊയ്ത്ത് ഉദ്ഘാടനം നി൪വഹിച്ചു. പിന്നീട് ഔദ്യാഗിക വാഹനത്തിൽ കരുതിയ വസ്ത്രം ധരിച്ച് മന്ത്രി പ്രസംഗിച്ചു. കുട്ടിക്കാലത്ത് താൽപര്യപൂ൪വം വെള്ളത്തിൽ ഇറങ്ങിക്കളിച്ചത് ഓ൪മിച്ച മന്ത്രി, ഇതൊരു വ്യത്യസ്ത അനുഭവമാണെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.