ഇന്ത്യ-പാക് ചര്‍ച്ച: നേട്ടങ്ങളും കോട്ടങ്ങളും

ഒരു മുള്ളുപോലെ കിടക്കുന്ന കശ്മീ൪ പ്രശ്നം പരിഹരിക്കുന്നതിന് വിഷയം മറ്റൊരു കോണിൽനിന്ന് കാണാൻ തയാറാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖ൪ പറയുമ്പോൾ ഒരു കാര്യം വ്യക്തമാണ്, അകത്തുനിന്നുള്ള സമ്മ൪ദം ഇസ്ലാമാബാദ് അതിജീവിച്ചിരിക്കുന്നു. മരവിച്ചുകിടക്കുന്ന വിഷയം വീണ്ടും തുറക്കുകയെന്ന ലക്ഷ്യത്തോടെതന്നെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ വാക്കുകൾ. ‘മറ്റൊരു കോണിൽനിന്ന്’എന്നുള്ള നി൪ദേശം ആസിഫ് അലി സ൪ദാരി സ൪ക്കാ൪ ആ൪ജിച്ച പുതിയൊരു ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്.
ഈ സാഹചര്യത്തിൽ, പരിമിതമെങ്കിലും വിസ ചട്ടങ്ങളിലെ ഇളവ് ഒരു ക്രിയാത്മക നടപടിയാണ്; ഇരു രാജ്യങ്ങൾക്കുമിടയിൽ വിസാ രഹിത യാത്ര എന്ന വലിയ സ്വപ്നത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പാണ് അത്. അതി൪ത്തിയില്ലാത്ത ഒരുദേശം ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് ലണ്ടനിൽനിന്ന് പാകിസ്താനിലേക്ക് തിരിക്കുന്നതിന് ഏതാനും ദിവസംമുമ്പ് ബേനസീ൪ ഭൂട്ടോ എന്നോട് പറഞ്ഞിരുന്നു. ജീവിച്ചിരുന്നെങ്കിൽ അതിനുവേണ്ടി അവ൪ അങ്ങേയറ്റം ശ്രമിക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങനെയാണെങ്കിൽപോലും രാജ്യം ഇപ്പോഴും ഭരിക്കുന്ന ഇൻറലിജൻസ് ഏജൻസികൾ ആ ശ്രമം പരാജയപ്പെടുത്തുമായിരുന്നു.
വിസ കൈവശം വെക്കുന്നവ൪ പൊലീസ് സ്റ്റേഷനിൽ റിപ്പോ൪ട്ട് ചെയ്യണമെന്ന് ഇരു രാജ്യങ്ങളിലെയും ഇൻറലിജൻസ് ഏജൻസികൾ ശഠിക്കുന്നു. അവിടെ, ഭീഷണികളും അപമാനവുമാണ് അവ൪ക്ക് നേരിടേണ്ടി വരുക. സംശയത്തിൻേറതും വിരോധത്തിൻേറതുമായ അവരുടെ മനോഭാവങ്ങളിൽ ഒരു മാറ്റവുമില്ല.
അതേസമയം, ഇരു രാജ്യങ്ങളിലും വള൪ന്നുകൊണ്ടിരിക്കുന്ന തീവ്രവാദത്തെ എങ്ങനെ നേരിടാമെന്ന സുപ്രധാന കാര്യത്തിൽ രണ്ട് വിദേശകാര്യ മന്ത്രിമാരും ഒന്നും പറഞ്ഞില്ല. ആരെയാണ് കൂടുതൽ കുറ്റപ്പെടുത്തേണ്ടത്, ആരാണ് ആദ്യം തുടങ്ങിയത് എന്ന കാര്യത്തിൽ പ്രസക്തിയില്ല. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സംയുക്ത കമീഷൻ പുന$സ്ഥാപിക്കുന്നതിന് പകരം തീവ്രവാദമുണ്ടാക്കിയ പ്രത്യാഘാതം അടിവരയിട്ട് പറയണമായിരുന്നു. ഇതിനായി, തീവ്രവാദ കാര്യത്തിൽ മാത്രമായി ഒരു സംയുക്ത കമീഷനെ നിയമിക്കണമായിരുന്നു. കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവ൪ക്ക് അത് ശക്തമായൊരു സന്ദേശമാകുമായിരുന്നു.
ഇത്തരത്തിലൊരു സംയുക്ത കമീഷൻ നി൪ദേശിക്കപ്പെട്ടില്ല എന്നതുതന്നെ, 2008 നവംബ൪ 26ലെ മുംബൈ ആക്രമണ വിഷയത്തിലുള്ള ഭിന്നതക്ക് തെളിവാണ്. ആക്രമണത്തിന് പിന്നിൽ പ്രവ൪ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടത്. തങ്ങൾ കാലതാമസം വരുത്തുകയില്ലെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടി മാത്രമാണ് ഹിന റബ്ബാനി നൽകിയത്. കുറ്റവാളികളെ, പ്രത്യേകിച്ച് ലശ്കറെ ത്വയ്യിബ തലവൻ ഹാഫിസ് സഈദിനെ ശിക്ഷിക്കുന്നതുവഴി പാകിസ്താൻെറ ആത്മാ൪ഥത അളക്കാൻ ഇന്ത്യക്കാകും.
മുംബൈ ആക്രമണത്തിലെ പ്രതികളെ ക്രോസ് വിസ്താരം നടത്താൻ പാക് ജുഡീഷ്യൽ കമീഷൻെറ മുംബൈ സന്ദ൪ശനശേഷം കേസ് വേഗത്തിൽ നീങ്ങണം. ശരിയാണെങ്കിലും തെറ്റാണെങ്കിലും, ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻെറ പാക് സന്ദ൪ശനംപോലും മുംബൈ ആക്രമണത്തിലെ പ്രതികളെ ശിക്ഷിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പാകിസ്താനിലെ സ്വന്തം ഗ്രാമത്തിലേക്ക് മൻമോഹൻ സിങ് എന്നാണ് എത്തുകയെന്ന പ്രസിഡൻറ് സ൪ദാരിയുടെ ചോദ്യത്തിന് എസ്.എം. കൃഷ്ണയും ഏറക്കുറെ ഇതേ മറുപടിയാണ് നൽകിയത്.
കൂടിക്കാഴ്ചയുടെ നേട്ടങ്ങൾ കോട്ടങ്ങളേക്കാൾ ഏറെയാണ്. തയാറെടുപ്പിൻെറ കാര്യത്തിൽ ന്യൂദൽഹിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിരുന്നില്ലെങ്കിൽ കാര്യങ്ങൾ കുറേക്കൂടി വേഗത്തിലാകുമായിരുന്നു. നമ്മെ സ്വീകരിക്കുന്ന കാര്യത്തിൽ ഇസ്ലാമാബാദിന് എത്രത്തോളം താൽപര്യമുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് ധാരണയില്ലെന്നാണ് എൻെറ അറിവ്. സ൪ദാരി സ൪ക്കാറിന് പാകിസ്താൻ സേനാ മേധാവി അഷ്ഫാഖ് പ൪വേസ് കയാനി ഏറക്കുറെ പൂ൪ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഒറ്റമനസ്സോടെ താലിബാനെതിരെ പോരാടാനാണ് കയാനി ആഗ്രഹിക്കുന്നത്. വസീറിസ്താൻ മേഖലയിൽ വിന്യസിക്കാനായി ഇന്ത്യൻ അതി൪ത്തിയിൽനിന്ന് അദ്ദേഹം സേനയെ പിൻവലിക്കുകപോലും ചെയ്തു. ന്യൂദൽഹിയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന കാര്യത്തിൽ കയാനിക്കുള്ള ആത്മവിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യ തിരിച്ചറിയുന്നു. ഇസ്ലാമാബാദ് ഒപ്പുവെക്കാൻ തയാറായ സി൪ ക്രീക്കിനെ സംബന്ധിച്ച കരാറിൽ ധാരണയുണ്ടാക്കുന്നതിനുള്ള അവസരമായി ഇന്ത്യ ഇതിനെ സ്വീകരിക്കണമായിരുന്നു. ഒന്ന് മറ്റൊന്നിലേക്ക് നയിക്കുമായിരുന്നു.
ഇന്ത്യ ഏറെ കാര്യങ്ങൾ നേടിയതായാണ് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ കരുതുന്നത്. ‘രണ്ട് വ൪ഷം മുമ്പ് പടിപടിയായുള്ള സമീപനം നാം നി൪ദേശിച്ചപ്പോൾ പാകിസ്താൻ അത് തള്ളിക്കളയുകയായിരുന്നു. ഇപ്പോൾ ഇരു രാജ്യങ്ങളും ആ പാത സ്വീകരിച്ചിരിക്കുന്നു’-തന്നോടൊപ്പമുണ്ടായിരുന്ന മാധ്യമസംഘത്തോട് കൃഷ്ണ പറഞ്ഞു. പാകിസ്താൻ വിദേശകാര്യ മന്ത്രി അത് നിഷേധിച്ചില്ല. സംഭാഷണങ്ങളിലൂടെ ഐക്യം കെട്ടിപ്പടുക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നാണ് അവ൪ പറഞ്ഞത്.
ബിസിനസ് വിഭാഗം എന്ന പുതിയൊരുതരം വിസ ഏ൪പ്പെടുത്താനുള്ള തീരുമാനമാണ് ഇരു വിദേശകാര്യ മന്ത്രിമാരുടെയും കൂടിക്കാഴ്ചയുടെയും പ്രധാന നേട്ടം. ഏറെക്കാലമായി പരിഗണനയിൽ ഉണ്ടായിരുന്നതാണിത്. തുടക്കംതൊട്ടുതന്നെ ഇരുരാജ്യങ്ങളിലെയും ബിസിനസുകാരെ വ്യാപാരം ചെയ്യുന്നതിന് അനുവദിച്ചിരുന്നെങ്കിൽ ഇതിനകംതന്നെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം സാധാരണ നിലയിലാകുമായിരുന്നു.
ഇരു രാജ്യങ്ങളിലെയും യുവ ഗായകരെ പങ്കെടുപ്പിച്ചുള്ള സംഗീത മത്സരമാണ് മറ്റൊരു പ്രധാന നേട്ടം. ദൗ൪ഭാഗ്യവശാൽ, ഇതിനെതിരെ ശിവസേന രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെ അവഗണിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. യുവഗായകരുടെ ചുവടുവെപ്പ് രാഷ്ട്രീയക്കാ൪ക്കും മാതൃകയാണ്.
ഇരുരാജ്യങ്ങളിലെയും പത്രങ്ങൾ കൈമാറ്റം ചെയ്യുന്ന കാര്യത്തിൽ ധാരണയിലെത്താൻ വിദേശകാര്യമന്ത്രിമാ൪ക്ക് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു രാജ്യത്തുനിന്നുള്ള പുസ്തകം മറുരാജ്യത്ത് വിൽക്കുന്ന കാര്യത്തിൽപോലും തീരുമാനമുണ്ടായില്ല. പരസ്പര വിശ്വാസക്കുറവാണ് ഇത് കാണിക്കുന്നത്. സംശയത്തിൻെറ വിടവ് കുറച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നില്ലെങ്കിൽ വിസ ഉദാരമാക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല. തുടക്കമെന്ന നിലയിൽ, ഇരുഭാഗവും പരസ്പരം പുസ്തകങ്ങൾ പരിശോധിച്ച് വെറുപ്പും സംശയവും ഉളവാക്കുന്ന ഭാഗങ്ങൾ നീക്കംചെയ്യണം. ഇരു വിദേശകാര്യ മന്ത്രിമാരുടെയും കൂടിക്കാഴ്ച ഒരു നഷ്ടാവസരമായി വേണമെങ്കിൽ കണക്കാക്കാം. കൂടുതൽ നേട്ടമുണ്ടാക്കാൻ അതിന് കഴിയുമായിരുന്നു.
n

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.