അങ്കാറ: അതി൪ത്തി മേഖലയിൽ ഇരു സൈന്യവും നടത്തിയ പരസ്പര ഷെല്ലാക്രമണങ്ങൾക്ക് പിന്നാലെ സിറിയ-തു൪ക്കി സംഘ൪ഷം കൂടുതൽ വഷളായി. തു൪ക്കിയുടെ യാത്രാ വിമാനങ്ങൾക്ക് സിറിയൻ അതി൪ത്തിയിൽ നിരോധമേ൪പ്പെടുത്തിക്കൊണ്ടുള്ള സിറിയൻ ഭരണകൂടത്തിൻെറ നടപടിയാണ് ഇപ്പോൾ പ്രശ്നം കൂടുതൽ സങ്കീ൪ണമാക്കിയിരിക്കുന്നത്. ശനിയാഴ്ച അ൪ധരാത്രിമുതലാണ് ബശ്ശാ൪ അൽ അസദിൻെറ ഭരണകൂടം വിവാദ തീരുമനം കൈകൊണ്ടത്. കഴിഞ്ഞയാഴ്ച സിറിയൻ വിമാനം തു൪ക്കി തടഞ്ഞതായി റിപ്പോ൪ട്ടുകളുണ്ടായിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് സിറിയയുടെ നടപടി. എന്നാൽ, സിറിയൻ വിമാനം തടഞ്ഞ വാ൪ത്ത തു൪ക്കി നിഷേധിച്ചിട്ടുണ്ട്.
അതിനിടെ, അതി൪ത്തിയിൽ സിറിയൻ സേന അക്രമം ആവ൪ത്തിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് തു൪ക്കി വിദേശകാര്യമന്ത്രി അഹമ്മദ് ദാവൂദോഗ്ലു മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം, അതി൪ത്തി അതിക്രമിച്ചു കടന്ന 11 സിറിയൻ സൈനികരെ തു൪ക്കി സേന പിടികൂടിയിരുന്നു. സിറിയയിലെ വിമതസേനയുടെ ക്യാമ്പ് പ്രവ൪ത്തിക്കുന്നുവെന്ന് കരുതപ്പെടുന്ന ഹതായ് പ്രവിശ്യയിലാണ് സംഭവം. പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാനും സിറിയൻ ഭരണകൂടത്തിനെതിരെ രംഗത്തെത്തി. രാജ്യത്ത് കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാകാൻ യു.എൻ രക്ഷാ സമിതി ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്തംബൂളിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ അൽ അറബിയുമൊത്ത് നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. സിറിയൻ പ്രശ്നം ച൪ച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ഇസ്തംബൂളിൽ വിവിധ രാഷ്ട്ര നേതാക്കൾ ഒത്തുചേ൪ന്നിരുന്നു. ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ രക്ഷാസമിതി എന്നും തണുപ്പൻ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇതു കാരണം 90കളിൽ ബോസ്നിയയിൽ സംഭവിച്ചതുപോലെ കൂട്ടക്കൊലകൾ ആവ൪ത്തിക്കുകയാണ്. സിറിയയിൽ 20 മാസമായി തുടരുന്ന നരഹത്യകളെ ചെറുക്കാൻ പര്യാപ്തമായ നടപടി രക്ഷാ സമിതി കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം വിമ൪ശിച്ചു. യു.എൻ-അറബ്ലീഗ് ദൂതൻ ഇഖ്്ദ൪ ഇബ്രാഹീമി, ജ൪മൻ വിദേശകാര്യ മന്ത്രി ഗ്വിഡൊ വെസ്റ്റ൪വെല്ലെ, ലിബിയൻ നേതാവ് മഹ്മൂദ് ജിബ്രീൽ തുടങ്ങിയ നേതാക്കളും ഇസ്തംബൂൾ ച൪ച്ച നടത്തി.
രണ്ടാഴ്ച മുമ്പ്, സിറിയൻ സേന തു൪ക്കിയിൽ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ചുപേ൪ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുട൪ന്ന്, സിറിയയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തു൪ക്കിയും പ്രത്യാക്രമണം നടത്തിയിരുന്നു. സിറിയക്കെതിരായ സൈനിക നീക്കത്തിന് തു൪ക്കി പാ൪ലമെൻറിൻെറ അനുമതിയും ലഭിച്ചിട്ടുണ്ട്.
അതിനിടെ, സിറിയയുടെ കൂടുതൽ മേഖലകൾ വിമത സേനയുടെ നിയന്ത്രണത്തിലായതായുള്ള റിപ്പോ൪ട്ടുകൾ പുറത്തുവന്നു. നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനായി ഈ മേഖലകളിൽ ഇരു സൈന്യവും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.