ഹജ്ജ് കഥകൾ കേൾക്കാൻ കുട്ടിക്കാലത്തുതന്നെ ധാരാളം അവസരം കിട്ടിയിരുന്നു. എൻെറ ബാപ്പ പതിനെട്ടാം വയസ്സിൽ ആരോടും പറയാതെ ബോംബെയിൽചെന്ന് കപ്പൽകയറി ഹജ്ജിനുപോയ വീരസാഹസിക കഥ കുട്ടിക്കാലം മുതൽ കേൾക്കാറുണ്ടായിരുന്നു. ബോംബെയിൽനിന്ന് കപ്പൽകയറുമ്പോഴാണ് ഹജ്ജിനുപോകുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ബാപ്പയുടെ ഹജ്ജ് യാത്രയെക്കുറിച്ചുള്ള ഓ൪മകൾ അദ്ദേഹം കുറിച്ചുവെച്ചിരുന്നു എന്ന് എന്നോടു പറഞ്ഞത് എൻെറ സഹോദരൻ ബി.എം. ഗഫൂറായിരുന്നു.
കാട്ടറബികളെ പേടിച്ച് മരുഭൂമിയിലൂടെയുള്ള യാത്രാക്ളേശങ്ങളെക്കുറിച്ചും അന്നത്തെ സാഹസിക യാത്രയെക്കുറിച്ചും വായിച്ച് കണ്ണുനിറഞ്ഞ കഥ ഇക്കാക്ക പറഞ്ഞപ്പോൾ എൻെറ കണ്ണും നനഞ്ഞു. അതുകഴിഞ്ഞ് വല്ലിപ്പയും ഉമ്മാമയും മറ്റുബന്ധുക്കളും കപ്പലിൽത്തന്നെയാണ് ഹജ്ജിനുപോയതെങ്കിലും ബാപ്പ അനുഭവിച്ചതുപോലുള്ള ദു൪ഘടങ്ങളൊന്നും അവ൪ക്ക് അനുഭവിക്കേണ്ടി വന്നില്ല. ഇതെല്ലാം ഞാൻ ജനിക്കുന്നതിനും എത്രയോ മുമ്പാണ് സംഭവിച്ചതെങ്കിലും പലരിൽനിന്നും കേട്ട പലപതിപ്പുകൾ, മുതി൪ന്നിട്ടും എൻെറ മനസ്സിൽ മായാതെ കിടന്നു.
മക്കയും മദീനയും തിരുനബിയുടെ റൗദയും കാണാൻ നീ എത്തിക്കണേ എന്ന ഉറക്കെയും പതുക്കെയുമുള്ള എൻെറ ഉമ്മയുടെ പ്രാ൪ഥന നിത്യേന കേട്ടാണ് ഞാൻ വള൪ന്നത്. ഇത്ര പൂതിയുണ്ടെങ്കിൽ പോകാനൊരുങ്ങിക്കൂടേ എന്ന് മുതി൪ന്നപ്പോൾ ഞാൻ ചോദിക്കാറുണ്ടായിരുന്നു. അതിനുള്ള ഉമ്മയുടെ ഉത്തരം എന്നെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയത്. ‘യതീമായ ഇന്നെ മംഗലം കയിപ്പിക്കലാ എൻെറ ആദ്യത്തെ ചുമതല. അത് കയിഞ്ഞേ ഹജ്ജ് നി൪ബന്ധമുള്ളൂ.’
ഉമ്മയുടെ സ്വരം ഭാരിച്ചതായിരുന്നു. അന്ന് ഞാൻ ഒമ്പതിലോ പത്തിലോ ആണ് പഠിക്കുന്നത്. പഠിച്ച് ജോലിനേടി ഉന്നത സ്ഥാനത്ത് എത്തണമെന്ന് സ്വപ്നംകണ്ടുനടക്കുന്ന കാലം. അതുകൊണ്ടാണ് ഉമ്മയുടെ ഹജ്ജുമോഹം എനിക്കു ഷോക്കായത്. എൻെറ ബാപ്പ ഞാൻ ഏഴാം ക്ളാസിൽ പഠിക്കുമ്പോഴായാണ് മരിച്ചത്. അറുപതാംവയസ്സിൽ രോഗങ്ങളുമായി മല്ലിട്ടാണ് ബാപ്പ മരിച്ചത്. ബാപ്പ വിവാഹത്തിനു മുമ്പാണ് ഹജ്ജു ചെയ്തത്. ഉമ്മയേയും കൂട്ടി വീണ്ടും ഹജ്ജിനുപോകണമെന്ന് ആശിച്ചിരുന്നു. പക്ഷേ, അന്ന് ഹജ്ജിനുപോകൽ ഇക്കാലത്തെപ്പോലെ എളുപ്പമായിരുന്നില്ല. സ്വന്തം കടമകളും ബാധ്യതകളും നിറവേറ്റാതെ ആരുംതന്നെ ഹജ്ജിനു പുറപ്പെടാറുണ്ടായിരുന്നില്ല. ബാപ്പ മരിച്ചതോടെ കുടുംബഭാരം ഉമ്മക്ക് ഏറ്റെടുക്കേണ്ടിവന്നു. ഹജ്ജ് ഉമ്മയുടെ എക്കാലത്തെയും മോഹമായിരുന്നെങ്കിലും ആൺമക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കുകയും എൻെറ വിവാഹം നടത്തുകയും ചെയ്തശേഷമാണ് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഉമ്മയുടെ ഹജ്ജുകഥകൾ കേട്ടാണ് മക്കത്തെ ഹറംപള്ളിയും കഅ്ബയും മിനായും അറഫാ മൈതാനവും റൗദാശരീഫും കാണുക എന്നത് എൻെറയും സ്വപ്നമായത്.
‘അടിയാരുകളുടെ മനസ്സറിഞ്ഞുള്ള ദുആ പടച്ചവൻ കേക്കാതിരിക്കൂലാ. അല്ലാൻെറ വിളിയെത്തുന്നവരേ മക്കത്തെത്തൂ. അയിനുവേണ്ടി തേടിക്കോ’- എൻെറ സ്വപ്നം ഉമ്മയുമായി പങ്കുവെക്കുമ്പോഴൊക്കെ ഉമ്മ സമാധാനിപ്പിക്കുമായിരുന്നു. അങ്ങനെ വിളിയുണ്ടായപ്പോൾ എൻെറ ഹജ്ജ്യാത്രയും എളുപ്പമായി. ഹജ്ജ് ക൪മങ്ങൾ യഥാവിധി ചെയ്യണമെങ്കിൽ ശാരീരികമായും മാനസികമായും വളരെയേറെ പ്രയാസങ്ങളനുഭവിക്കേണ്ടതുണ്ട്. സ്വന്തം നാട്ടിൽനിന്ന് ഇഹ്റാംവേഷത്തിൽ വിമാനം കയറുന്നതോടെ തീ൪ഥാടക൪ ലൗകികകാര്യങ്ങളെല്ലാം മറന്ന് മനസ്സും ശരീരവും അല്ലാഹുവില൪പ്പിക്കുകയാണ് ഹജ്ജിൻെറ ഒന്നാംഘട്ടം.
ജിദ്ദയിൽ വിമാനമിറങ്ങുന്നതോടെ ഹജ്ജാജികളുടെ പ്രയാസങ്ങൾക്ക് തുടക്കമാവുന്നു. ഔദ്യാഗികപരിശോധനകൾ ഏറെനേരം നീളുന്നു. പത്തും പന്ത്രണ്ടും മണിക്കൂറുകളാണ് പലപ്പോഴും ജിദ്ദ എയ൪പോ൪ട്ടിൽ ചെലവഴിക്കേണ്ടിവരുന്നത്. അതുകഴിഞ്ഞ് മക്കത്തേക്കുള്ള നീണ്ട ബസ് യാത്ര. വാഹനത്തിരക്കും ഇടക്കിടെയുള്ള പരിശോധനകളും പലപ്പോഴും വിചാരിച്ച സമയത്ത് ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തടസ്സമാകുന്നു. ശരീരം തളരുമെങ്കിലും മനസ്സ് മക്ക കാണാനുള്ള തിടുക്കത്തിലായിരിക്കും. ‘മക്കത്തെത്താറായി. ആദ്യമായി കഅ്ബ കാണുന്നതോടെ നിങ്ങളുടെ അവശതയെല്ലാം പമ്പകടക്കും.’ കൂടെയുള്ള മൗലവിമാ൪ നിരന്തരം ഓ൪മിപ്പിക്കുന്നതും യാത്രാക്ളേശങ്ങൾ അകറ്റാൻ സഹായിക്കാറുണ്ട്.
ഹജ്ജിന് ഒരു മാസംമുമ്പേ മിക്ക തീ൪ഥാടകരും മക്കത്തെത്താറുണ്ടെങ്കിലും പരിശുദ്ധ ഹജ്ജിൽ പ്രവേശിക്കുന്നത് ദുൽഹജ്ജ് മാസം എട്ടുമുതലാണ്. അതുവരെ മക്കയിലും മദീനയിലുമായി കഴിയുന്നവ൪ ദുൽഹജ്ജ് എട്ടിനു മിനായിൽ ഒത്തുചേരുന്നു. ആൾപ്പെരുമാറ്റമില്ലാതെ അനക്കമറ്റുകിടന്ന മിനാ തമ്പുകൾക്ക് അതോടെ ജീവൻ വെക്കുന്നു. തമ്പുകളിൽ തക്ബീ൪ ധ്വനികളുടെ മുഴക്കം. പാറപ്പുറത്തു കെട്ടിയുണ്ടാക്കിയ തമ്പുകൾ ശീതീകരിച്ചതാണെങ്കിലും ഹജ്ജ് ക൪മങ്ങൾ വേണ്ടതുപോലെ നി൪വഹിക്കാനാകുമോ എന്ന വേവലാതി തീ൪ഥാടകരുടെ ഉള്ളിൽ ചൂടായി പടരുന്നു. അത്യാവശ്യം സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും ജനത്തിരക്കുകാരണം തീ൪ഥാടക൪ക്ക് കഷ്ടതകൾ എമ്പാടും സഹിക്കേണ്ടിവരുന്നു. ഹജ്ജെന്നാൽ ത്യാഗമനുഷ്ഠിക്കൽ കൂടിയാണെന്ന് ഉത്തമബോധ്യമുള്ള വിശ്വാസിക്ക് ഇത്തരം കഷ്ടപ്പാടുകൾ ബുദ്ധിമുട്ടായി തോന്നാറേയില്ല. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ ഒരേ ലക്ഷ്യത്തോടെ പ്രാ൪ഥനകളിൽ മുഴുകുന്ന ലക്ഷക്കണക്കിനു വിശ്വാസികളുടെ കൂട്ടായ്മ കൂടിയാണ് ഹജ്ജ്. പാറപ്പുറത്ത് കരിമ്പടം വിരിച്ചാണ് കിടപ്പ്. നമസ്കരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും അവിടെവെച്ചുതന്നെ. പുറത്തിറങ്ങണമെങ്കിൽ അടുത്തുകിടക്കുന്ന ആളുടെ കരിമ്പടം ചവിട്ടാതെയും ദേഹത്തു തട്ടാതെയും നിവൃത്തിയില്ല.
അതിലൊന്നും ആ൪ക്കും പരിഭവമോ പരാതിയോ ഇല്ല. അന്യോന്യം സഹകരിച്ചും പൊരുത്തപ്പെട്ടും ഭക്ഷണം പങ്കുവെച്ചും പരസ്പരം സഹായിച്ചും നാലുദിവസം കഴിയുന്നതോടെ പൊങ്ങച്ചക്കാരൻെറ പൊങ്ങച്ചവും അഹങ്കാരിയുടെ അഹങ്കാരവും അസ്തമിക്കുന്നു; ഹജ്ജ് കഴിയുന്നതുവരെ. ഹജ്ജ് പൂ൪ത്തിയാക്കുന്നതോടെ പലരും അവനവൻെറ ത്യാഗങ്ങൾ മറന്ന് ഇഹലോക ജീവിതത്തിൽ മുഴുകുന്ന കാഴ്ചയും നമുക്കവിടത്തന്നെ കാണാം.
മക്കയിലെത്തുന്ന തീ൪ഥാടകരെല്ലാം അറഫാ മൈതാനത്തിൽ ഒന്നിച്ചുകൂടുക എന്നതും ഹജ്ജിൻെറ മറ്റൊരു പ്രധാനമായ അനുഷ്ഠാനങ്ങളിൽ ഒന്നാണ്. ദുൽഹജ്ജ് ഒമ്പതിനാണ് അറഫാദിനം. വിശ്വാസി തൻെറ സ്രഷ്ടാവിനെ അറിയുന്ന ദിവസംകൂടിയാണത് . ചുട്ടുപഴുത്ത കുന്നിൻമുകളിൽ പ്രാ൪ഥനകളിൽ മുഴുകിക്കഴിയുമ്പോൾ വിചാരണനാളിനെക്കുറിച്ചോ൪ത്ത് ഉള്ളുരുകാത്ത വിശ്വാസികളുണ്ടാവില്ല. ഒടുക്കം നാളായ ഖിയാമത്ത് നാളിൽ വിചാരണക്കായി മഹ്ശറയിൽ ഒരുമിച്ചുകൂടുമ്പോൾ തലക്കുമുകളിൽ കത്തിജ്ജ്വലിക്കുന്ന സൂര്യൻ. താഴെയോ ചെമ്പുതറപോലെ ചുട്ടുപഴുത്ത ഭൂമി. ക൪മപുസ്തകം വലംകൈയിൽകിട്ടുന്നവ൪ക്ക് പക്ഷേ, ചൂടിൻെറ കാഠിന്യം കുറയും. അവനവൻ ചെയ്തുകൂട്ടിയ നന്മതിന്മകൾ ഒന്നും വിട്ടുപോകാതെ അക്കമിട്ട് നിരത്തിയിരിക്കും. ഓരോരുത്തരും ചെയ്തുകൂട്ടിയ അതിക്രമങ്ങൾക്ക് അവരുടെ കൈയും കാലും കണ്ണും കാതും സാക്ഷി പറയും. ആരുടെ ക൪മപുസ്തകത്തിൽ നന്മ കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നുവോ അവ൪ക്കുള്ളതാണ് താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വ൪ഗപ്പൂന്തോപ്പ്. ആരുടെ പുസ്തകമാണോ തിന്മയുടെ ഭാരം പേറുന്നത്, അവ൪ക്കുള്ളതാണ് കത്തിക്കാളുന്ന നരകം. ഒഴിവാക്കാനാവാത്ത ആ ദിവസത്തെ ഓ൪ത്തുകൊണ്ടാണ് ഓരോ വിശ്വാസിയും അറഫയിലെ കുന്നുകളിൽ ഇരുന്നും നിന്നും കരുണക്കായി കേഴുന്നത്. ഉച്ചയാകുന്നതോടെ അറഫാ മൈതാനം തീ൪ഥാടകരെക്കൊണ്ട് നിറഞ്ഞുകവിയുന്നു. മറ്റുകാലങ്ങളിൽ മനുഷ്യൻെറ ചെത്തവും ചൂരുമില്ലാതെ ഉറങ്ങിക്കിടക്കുന്ന കുന്നുകൾക്ക് ഹജ്ജുതീ൪ഥാടന കാലത്തുമാത്രം ജീവൻവെക്കുന്നു. മുഹമ്മദ്നബി ആദ്യത്തെയും അവസാനത്തെയും ഹജ്ജിനായി മക്കയിലെത്തിയപ്പോൾ അറഫയിലെ കുന്നിൻമുകളിൽ നിന്നുകൊണ്ട് ജനങ്ങളെ അഭിസംബോധനചെയ്തു സംസാരിച്ചു എന്നത് അറഫയുടെ പ്രാധാന്യം വ൪ധിപ്പിക്കുന്നു. വിടവാങ്ങൽ പ്രസംഗമായും അതിനെ കണക്കാക്കുന്നു. മുഹമ്മദ് നബിയുടെ ഒടുവിലത്തെ പ്രസംഗത്തിന് സാക്ഷിയായതും അറഫാ കുന്നുകളുടെ പവിത്രത വ൪ധിപ്പിക്കുന്നു. വെള്ളപ്രാവുകൾ കൂട്ടത്തോടെ പറന്നിറങ്ങിയതുപോലെ കാണക്കാണെ അറഫയിലെ കരിമ്പാറകൾ വെളുക്കുന്നു. വെള്ളവസ്ത്രം ധരിച്ച ഹാജിമാ൪ പിന്നെയും പിന്നെയും എത്തുന്നതോടെ കുന്നുകൾ കാണാതെയാവുന്നു. പലനാടുകളിൽനിന്നെത്തിയവ൪. പല ഭാഷകൾ സംസാരിക്കുന്നവ൪. പക്ഷേ, എല്ലാവരുടെയും ലക്ഷ്യമൊന്ന്. സ്വന്തം പാപങ്ങൾ ഏറ്റുപറഞ്ഞ് മാപ്പിനപേക്ഷിക്കുക. എല്ലാവരും ഏറ്റു പറയുന്നതും ഒന്ന്... ‘പ്രപഞ്ചനാഥാ, നീയാകുന്നു മഹാൻ...നിനക്കു മാത്രമാകുന്നു മഹത്വം.’
ഹജ്ജിൻെറ മറ്റൊരു പ്രധാന ചടങ്ങാണ് ത്വവാഫും സഅ്യും. കഅ്ബയെ ഏഴുതവണ വലംവെക്കുന്നതാണ് ത്വവാഫ്. അത് ആ൪ക്കും എപ്പോഴുമാവാം. ഉംറയും ഹജ്ജും നി൪വഹിക്കുമ്പോൾ ത്വവാഫിനുശേഷം സഅ്യ് നി൪ബന്ധമാണ്. സഫാ-മ൪വാ കുന്നുകൾക്കിടയിൽ ഏഴുതവണ നടക്കുന്നതാണ് സഅ്യ്. അറഫാസംഗമവും ജംറകളിലെ കല്ലേറും കഴിഞ്ഞ് മക്കത്തെത്തി ത്വവാഫും സഅ്യും കഴിച്ച് മുടി മുറിക്കുകയും ബലിയറുക്കുകയും ചെയ്യുന്നതോടെയാണ് ഹജ്ജ് പൂ൪ത്തിയാകുന്നത്. സഫാ- മ൪വാ കുന്നുകൾക്കിടയിലൂടെ തിരക്കിട്ട് നടക്കുമ്പോൾ ഹാജറിൻെറയും കുഞ്ഞിൻെറയും നിലവിളിയായിരുന്നു എൻെറ കാതിൽ. ദാഹിച്ചുവലഞ്ഞ് തൊണ്ടകീറിക്കരയുന്ന ഇസ്മാഈലിന് ഒരിറ്റുവെള്ളത്തിനായി സഫാ-മ൪വാ കുന്നുകൾക്കിടയിൽ നെട്ടോട്ടമോടുന്ന ഹാജ൪ എന്ന മാതാവ്. അല്ലാഹുവിൻെറ കൽപന നിറവേറ്റാനായി അറ്റംകാണാത്ത മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ടവൾ. ചുട്ടുപഴുത്ത മണൽക്കൂനകൾ മാത്രം മുന്നിൽ. സഹായത്തിനാളില്ല. നിസ്സഹായതയുടെ നൊമ്പരമായി ഹാജ൪ കുന്നുകൾക്കിടയിൽ വെള്ളത്തിനായി പരക്കംപായുമ്പോൾ മനസ്സു നിറയെ പ്രാ൪ഥനയായിരുന്നു.
അപ്പോഴതാ കുഞ്ഞ് കാലിട്ടടിച്ച സ്ഥലത്ത് വെള്ളം ഉറവ്പൊട്ടുന്നു. സ൪വശക്തനെ സ്തുതിച്ചുകൊണ്ട് ആ മാതാവ് കൈക്കുടന്നയിൽ വെള്ളം കോരിയെടുത്ത് കുഞ്ഞിൻെറ വായിലൊഴിച്ചു. ദാഹം മാറുന്നതുവരെ ഹാജറും കുടിച്ചു. എന്നിട്ടും ജലധാരയിൽനിന്നെന്നപോലെ വെള്ളം ചീറ്റിയപ്പോൾ ‘സം...സം...വെള്ളമേ അടങ്ങ്’ എന്ന് നിലവിളിക്കേണ്ടി വന്നു. പക്ഷേ, ആ ഉറവ അടങ്ങിയില്ല. ഇന്നും അനുസ്യൂതം പ്രവഹിക്കുന്നു. തീ൪ഥാടക൪ക്ക് ദാഹജലമായും അനുഗ്രഹമായും രോഗശാന്തിയായും! സഫാ-മ൪വാ കുന്നുകൾക്കിടയിൽ നടന്നപ്പോഴെല്ലാം ഹാജറിൻെറ നിലവിളിയും കുഞ്ഞിൻെറ തൊണ്ടപൊട്ടിയുള്ള കരച്ചിലും എന്നെ കുറച്ചൊന്നുമല്ല അലട്ടിയത്. ഹാജറുമാരുടെ നിലവിളി ഇന്നും തുടരുകയാണല്ലോ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.