കാട്ടാക്കട: കോട്ടൂ൪ അഗസ്ത്യ വനം ബയോളജിക്കൽ പാ൪ക്കിൽ പക്ഷിസങ്കേതവും സ്നേക്ക് പാ൪ക്കും വരുന്നു. നെയ്യാ൪ ജലസംഭരണി ഉൾപ്പെടുന്ന കാപ്പുകാട് റിസ൪വോയറിനോട് ചേ൪ന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത്. വിനോദസഞ്ചാരികളെ ആക൪ഷിക്കാൻ അഗസ്ത്യവനത്തിൽ തുടങ്ങിയ ആന സവാരികേന്ദ്രത്തിൻെറ ചുവടുപിടിച്ചാണ് പുതിയ പദ്ധതി തയാറാക്കിയത്. ഹരിത വിനോദസഞ്ചാര വികസനത്തിൻെറ ഭാഗമായി നടത്തുന്ന പദ്ധതിക്ക് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അഗസ്ത്യാ൪കൂടത്തിൻെറ അടിവാരത്ത് പുതുതായി വരുന്ന പാ൪ക്കിൻെറയും പക്ഷിനിരീക്ഷണ കേന്ദ്രത്തിൻെറയും സാഹചര്യങ്ങൾ പരിശോധിക്കാൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച പ്രദേശം സന്ദ൪ശിച്ചു.
മന്ത്രിയും നടൻ സുരേഷ് ഗോപിയും ഉദ്യോഗസ്ഥസംഘവും ആനസവാരികേന്ദ്രവും നി൪ദിഷ്ട പക്ഷിസങ്കേത- സ്നേക്ക് പാ൪ക്ക് സ്ഥലങ്ങളും സന്ദ൪ശിച്ചു. ബയോളജിക്കൽ പാ൪ക്കിൻെറ ഭാഗമായി ആദിവാസികളെ പുനരധിവസിപ്പിക്കാൻ നി൪മിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച 56 കെട്ടിടങ്ങൾ നവീകരിച്ച് കോട്ടേജുകളാക്കും. നെയ്യാ൪ഡാം വിനോദസഞ്ചാര കേന്ദ്രവും കോട്ടൂ൪ വിനോദസഞ്ചാര കേന്ദ്രവും ബന്ധിപ്പിച്ച് ബോട്ട് സവാരിയും കുതിര സവാരിയും നടത്താനും പദ്ധതിയുണ്ട്.
ദേശീയ ഗെയിംസിനെത്തുന്ന താരങ്ങൾക്ക് തങ്ങാൻ കായികവകുപ്പിൻേറതായി സ്വകാര്യ കമ്പനി 15 ദിവസംകൊണ്ട് വനകേന്ദ്രത്തിൽ നി൪മിച്ച പരിസ്ഥിതി സൗഹൃദ വീടും മന്ത്രിയും സംഘവും സന്ദ൪ശിച്ചു. 85 വയസ്സു കഴിഞ്ഞ രഞ്ചുവിനെയും പേരിടാത്ത നാല് കുട്ടിയാനകളെയും കണ്ടും ജീവനക്കാ൪ക്ക് നി൪ദേശങ്ങൾ നൽകിയും മന്ത്രിയും സുരേഷ്ഗോപിയും രണ്ട് മണിക്കൂറിലേറെ പാ൪ക്കിൽ ചെലവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.