വത്തിക്കാൻ: വിചാരണത്തടവിൽ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന പോപ്പിൻെറ മുൻ പാചകക്കാരൻെറ ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി. കൈ നിവ൪ത്താൻ പോലും കഴിയാത്ത ഇടുങ്ങിയ തടവറയിൽ, 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന വെളിച്ചത്തിനടിയിൽ താമസിപ്പിച്ച തൻെറ കണ്ണ് തകരാറിലായെന്നാണ്, മാ൪പാപ്പയുടെ ഓഫിസിൽനിന്ന് രഹസ്യരേഖകൾ മോഷ്ടിച്ചെന്ന കുറ്റത്തിന് വിചാരണ നേരിടുന്ന പാചകക്കാരൻ പാവ്ലോ ഗബ്രിയേലിൻെറ ആരോപണം. രേഖകൾ മോഷ്ടിച്ചെന്ന കേസ് വിചാരണ നടക്കുന്ന കോടതിയിലാണ് പാവ്ലോ ഇക്കാര്യം ഉന്നയിച്ചത്. കേസിൽ പിടിയിലായ തന്നെ പോപ്പിൻെറ പൊലീസ് സേന തന്നെ ഏകാന്തതടവിൽ പീഡിപ്പിച്ചെന്നും ആരോപിച്ചു. പാവ്ലോ മോഷ്ടിച്ച രേഖകൾ കിട്ടിയ ഒരു പത്രപ്രവ൪ത്തകൻ ഇതിലെ വിവരങ്ങൾ പുസ്തകമായി ഇറക്കിയിരുന്നു. ‘പിടിയിലായി ആദ്യ 1520 ദിവസം ഇടുങ്ങിയ തടവറയിൽ, സ്വിച്ചില്ലാത്ത ലൈറ്റിനു കീഴിലായിരുന്ന ഞാൻ. ഇതുകാരണം, എൻെറ കാഴ്ചശക്തിക്ക് മങ്ങലേറ്റു’ -പാവ്ലോ ആരോപിച്ചു. ഈ പീഡനംതന്നെ മാനസികമായി തള൪ത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാവ്ലോക്ക് എല്ലാ മാനുഷിക പരിഗണനയും നൽകിയിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളാലാണ് ലൈറ്റിട്ടുനി൪ത്തിയതെന്നും വത്തിക്കാൻ പൊലീസ് അധികൃത൪ പറഞ്ഞു. കണ്ണു മൂടാൻ ഉപകരണം നൽകിയിരുന്നെന്നും അദ്ദേഹത്തിൻെറ സ്വകാര്യതയിൽ ഇടപെട്ടിരുന്നില്ലെന്നും ‘വത്തിക്കാൻ ജെൻഡ൪മെറി’ എന്ന, പോപ്പിൻെറ പൊലീസ് അറിയിച്ചു.
കഴിഞ്ഞമേയിൽ നടന്ന റെയ്ഡിൽ പാവ്ലോയുടെ മുറിയിൽനിന്ന് നിരവധി രഹസ്യരേഖകൾ കിട്ടിയെന്നാണ് കേസ്. കുറ്റം തെളിഞ്ഞാൽ നാലുവ൪ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നു കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.