ന്യൂദൽഹി: പ്രമുഖ ഇസ്ലാമിക ചിന്തകനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീറുമായ ഡോ. അബ്ദുൽ ഹഖ് അൻസാരി നിര്യാതനായി. 81 വയസ്സായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ അലീഗഢിലെ വസതിയിൽ ഹൃദയാഘാതം മൂലമാണ് അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുട൪ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ അലീഗഢ് മുസ്ലിം വാഴ്സിറ്റി ഖബ൪സ്ഥാനിൽ.
ഉത്ത൪പ്രദേശ് സ്വദേശിയായ ഡോ. അബ്ദുൽ ഹഖ് അൻസാരി ഏറെക്കാലമായി അലീഗഢിലാണ് താമസം. 2003 മുതൽ 2007 വരെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീ൪ സ്ഥാനം വഹിച്ച അദ്ദേഹം സംഘടനയുടെ കേന്ദ്ര കൂടിയാലോചന സമിതി അംഗമായി പ്രവ൪ത്തിച്ചുവരികയായിരുന്നു.
സ്കൂൾ പഠനകാലത്തുതന്നെ ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത അബ്ദുൽ ഹഖ് അൻസാരി റാംപൂരിലാണ് പ്രാഥമിക പഠനം നേടിയത്. അലീഗഢ് സ൪വകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം. 62ൽ അവിടെനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടി. 72ൽ അമേരിക്കയിലെ ഹാ൪വാഡ് സ൪വകലാശാലയിൽനിന്ന് മതതാരതമ്യ പഠനത്തിൽ മാസ്റ്റേ൪സ് ബിരുദം. ഡസനോളം ഇസ്ലാമിക് ഗ്രന്ഥങ്ങളുടെ ക൪ത്താവാണ്. ഫിലോസഫി, സൂഫിസം തുടങ്ങിയ വിഷയങ്ങളിലാണ് ഏറെയും എഴുതിയത്.
വിവിധ സ൪വകലാശാലകളിൽ പ്രഭാഷകനായിരുന്നു. ദേശീയ, അന്ത൪ദേശീയ ഇസ്ലാമിക സെമിനാറുകളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അബ്ദുൽ ഹഖ് അൻസാരിയുടെ നേതൃത്വത്തിൽ അലീഗഢിൽ പ്രവ൪ത്തിക്കുന്ന ഇസ്ലാമിക് അക്കാദമിയുടെ പ്രവ൪ത്തനങ്ങളിലാണ് അവസാനകാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇസ്ലാമും ഇതര മതങ്ങളും തമ്മിലുള്ള താരതമ്യപഠനങ്ങൾക്കാണ് അബ്ദുൽ ഹഖ് അൻസാരി ഡയറക്ടറായ ഇസ്ലാമിക് അക്കാദമി ഊന്നൽ നൽകുന്നത്.
ഭാര്യ: റാബിയ അൻസാരി. മക്കൾ: ഖാലിദ് ഉമ൪ അൻസാരി, ഹസ്റ മഹ്മൂദ്, സുഹറ അൻസാരി, സൽമ അൻസാരി, സൈമ അൻസാരി (എല്ലാവരും അമേരിക്ക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.