മാനന്തവാടി: ചത്ത പുള്ളിമാനെ കാണാതായ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി. അനാസ്ഥ കാട്ടിയ വനപാലക൪ക്കെതിരെ നടപടിക്ക് സാധ്യത. നോ൪ത് വയനാട് വനം ഡിവിഷനിൽപ്പെട്ട ബേഗൂ൪ റെയ്ഞ്ചിനു കീഴിലെ ബേഗൂ൪ സെക്ഷനിലാണ് പാൽവെളിച്ചത്തെ സ്വകാര്യ റബ൪ തോട്ടത്തിൽ ഏകദേശം 15 കിലോ തൂക്കംവരുന്ന മാനിൻെറ ജഡം വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. തോട്ടമുടമ പുതിയൂ൪ മാവൂ൪ വെങ്കിട സുബ്ബൻ വിവരം തോൽപ്പെട്ടി വന്യജീവി സങ്കേതം അധികൃതരെ വിവരമറിയിച്ചു.
വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തിയെങ്കിലും തങ്ങളുടെ അധികാര പരിധിയിലല്ലെന്ന് പറഞ്ഞ് മേൽ നടപടികൾ സ്വീകരിക്കാതെ മടങ്ങുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ് ബേഗൂ൪ റെയ്ഞ്ചിലെ വനപാലക൪ സ്ഥലത്തെത്തിയെങ്കിലും മാനിൻെറ ജഡം കണ്ടെത്താനായില്ല. സംഭവം പുറത്തറിയാതെ വനപാലക൪ സൂക്ഷിച്ചെങ്കിലും രഹസ്യ വിവരത്തെ തുട൪ന്ന് കൽപറ്റ ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച൪ പി. രാമകൃഷ്ണൻെറ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സംഭവ സ്ഥലം സന്ദ൪ശിച്ച് മഹസ൪ തയാറാക്കി. മഹസ൪ റിപ്പോ൪ട്ട് ബേഗൂ൪ റെയ്ഞ്ച൪ ടി.പി. ദേവസ്യക്ക് കൈമാറി. അന്വേഷണം നടത്താൻ നി൪ദേശിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. ജോലിയിൽ ഗുരുതര വീഴ്ചവരുത്തിയ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയുണ്ടായേക്കും. പ്രദേശത്തെ റിസോ൪ട്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.