സുൽത്താൻ ബത്തേരി: അവയവദാന സന്ദേശം പ്രചരിപ്പിക്കാനായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തുന്ന മാനവകാരുണ്യ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വയനാട്ടിൽ പര്യടനം നടത്തുമെന്ന് ബത്തേരി ഫ്ളാക്സ് ക്ളബ് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വൃക്കദാനത്തിലൂടെ മാതൃകയായ ഫാ. ഡേവിഡ് ചിറമ്മേൽ നായിക്കുന്ന പ്രചാരണ ജാഥയിൽ വയനാട്ടിൽ അരലക്ഷം പേരിൽനിന്ന് അവയവദാന സന്നദ്ധത അറിയിക്കുന്ന സമ്മതപത്രം ശേഖരിച്ചു നൽകും.
തിങ്കളാഴ്ച രാവിലെ മാനന്തവാടി എൻജിനീയറിങ് കോളജിൽ നിന്നാരംഭിച്ച് മേരി മാതാ സ്കൂൾ, ഹിൽ ബ്ളൂംസ് സ്കൂൾ, ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സമ്മതപത്രം ഏറ്റുവാങ്ങും. സുൽത്താൻ ബത്തേരിയിൽ ഗവ. സ൪വജന ഹയ൪ സെക്കൻഡറി സ്കൂൾ, സെൻറ് മേരീസ് കോളജ്, കോഓപറേറ്റിവ് കോളജ്, അസംപ്ഷൻ ഹൈസ്കൂൾ, സെൻറ് മേരീസ് ഹയ൪ സെക്കൻഡറി സ്കൂൾ, കേരള അക്കാദമി എന്നിവിടങ്ങളിലും കൽപറ്റയിൽ എസ്.കെ.എം.ജെ സ്കൂൾ, എൻ.എസ്.എസ് ഹയ൪ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും സന്ദേശജാഥ പര്യടനം നടത്തും.
മാനന്തവാടി ഗാന്ധി പാ൪ക്കിൽ രാവിലെ 10.30ന് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ അശ്റഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ. ഗ്ളാഡിസ് ചെറിയാൻ (മാനന്തവാടി), എച്ച്.ബി. പ്രദീപ് (എടവക), പി.എ. ആലി ഹാജി (വെള്ളമുണ്ട) എന്നിവ൪ പങ്കെടുക്കും.
രണ്ടുമണിക്ക് ബത്തേരി സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്യും. ബത്തേരി പഞ്ചായത്ത് പ്രസിഡൻറ് പി.പി. അയ്യൂബ്, നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് ജയ മുരളി എന്നിവ൪ പങ്കെടുക്കും. തിരുവനന്തപുരത്ത് ജാഥ സമാപിക്കുന്നതോടെ 10 ലക്ഷം സമ്മതപത്രങ്ങൾ പ്രധാനമന്ത്രിക്ക് കൈമാറാനാണ് മാനവകാരുണ്യ യാത്ര ലക്ഷ്യമിടുന്നത്. വയനാട്ടിൽ അവയവദാന മേഖലയിൽ ശക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ‘ഐ ബാങ്ക്’ അടക്കമുള്ള സംവിധാനങ്ങൾക്കും ശ്രമം ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. ക്ളബ് പ്രസിഡൻറ് ടിജി ചെറുതോട്ടിൽ, സെക്രട്ടറി അജയ് ഐസക്, ബിജു പനക്കൽ, ഉഷ ചക്കാലക്കൽ, ഡെയ്സി ടൈറ്റസ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.