വടവാതൂര്‍ മാലിന്യപ്രശ്നം ദേശീയ ശ്രദ്ധയിലേക്ക്

കോട്ടയം: വടവാതൂ൪ മാലിന്യപ്രശ്നം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ അണിയറനീക്കം. പ്രമുഖ പരിസ്ഥിതി പ്രവ൪ത്തകരെയും എൻ.ജി.ഒകളെയും സാമൂഹിക പ്രവ൪ത്തകരെയും അണിനിരത്തി വരുന്ന മാസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് നീക്കം. രാഷ്ട്രീയ പാ൪ട്ടികളുടെ പ്രത്യക്ഷ ഇടപെടലുകൾ ഒഴിവാക്കിയാണ് പുതിയ മുന്നേറ്റം രൂപപ്പെടുന്നത്.
വിളപ്പിൽശാല, ലാലൂ൪ മോഡൽ പോലെ വടവാതൂ൪ മാലിന്യപ്രശ്നവും ഉയ൪ത്തിക്കൊണ്ടുവരും. ഇതിനായി ഒക്ടോബ൪ രണ്ടിന് വിപുലമായ കൺവെൻഷൻ നടത്താൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.
മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി തുടങ്ങി നാല് മന്ത്രിമാ൪ കോട്ടയത്ത് ഉണ്ടായിരുന്നിട്ടും മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയാത്തതാണ് മുഖ്യ വിഷയമായി ഉന്നയിക്കുക.
70 വ൪ഷമായി വടവാതൂരാണ് നഗരത്തിൻെറ മാലിന്യങ്ങൾ ഏറ്റുവാങ്ങുന്നത്. 12 വ൪ഷമായി മാലിന്യം ഇവിടെ തള്ളുന്നതിനെതിരെ നാട്ടുകാ൪ സമരത്തിലാണ്. നഗരസഭാ ഡമ്പിങ്യാ൪ഡ് മൂലം വടവാതൂരിലും നാല് കിലോമീറ്റ൪ ചുറ്റളവിലുമുള്ള ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് നാട്ടുകാ൪ ആരോപിക്കുന്നു. കുളങ്ങളും കിണറുകളും ഉൾപ്പെടെ ജലസ്രോതസ്സുകൾ മലിനമായിക്കഴിഞ്ഞു.
ഡമ്പിങ് യാ൪ഡിന് സമീപത്തെ സ്കൂൾ കുട്ടികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് അനുഭവിക്കുന്നത്.
നഗരസഭാ പരിധി വ൪ധിപ്പിച്ചപ്പോൾ കുമാരനല്ലൂ൪, നാട്ടകം പഞ്ചായത്തുകൾകൂടി ചേ൪ക്കപ്പെട്ടു. ഇപ്പോൾ ഈ പഞ്ചായത്തുകളിലെ മാലിന്യവും ഇവിടേക്ക് എത്തുന്നു. ഹൈകോടതി ഉത്തരവിലൂടെ നേടിയ പൊലീസ് സംരക്ഷണം ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി മാലിന്യം തള്ളുകയാണ് നഗരസഭ. ഇത് ഇനി അധികകാലം തുടരാൻ അനുവദിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ പറയുന്നു. ഡമ്പിങ്യാ൪ഡ് അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.