മയക്കുമരുന്ന് ചേര്‍ത്ത അരിഷ്ടക്കച്ചവടം; ഉടമയും സഹായിയും പിടിയില്‍

ശാസ്താംകോട്ട: അലോപ്പതി വൈദ്യശാലയിലെ മയക്കുമരുന്നുകൾ ചേ൪ത്ത അരിഷ്ടം ആയു൪വേദശാലയുടെ മറവിൽ വിപണനം ചെയ്തുവന്നയാൾ ശൂരനാട് പൊലീസിൻെറ പിടിയിലായി. ചക്കുവള്ളി ടൗണിൽ പത്മ ഫാ൪മസി എന്ന സ്ഥാപനം നടത്തിവന്ന കരുനാഗപ്പള്ളി തഴവ താലോലിത്തറ പുത്തൻവീട്ടിൽ സച്ചിദാനന്ദക്കുറുപ്പ് (60), സഹായി പോരുവഴി വടക്കേമുറി ആലുവിള കിഴക്കതിൽ വിക്രമൻ (45) എന്നിവരെയാണ് ശൂരനാട് എസ്.ഐ. കെ.ടി സന്ദീപും സംഘവും വെള്ളിയാഴ്ച രാത്രി എട്ടോടെ പിടികൂടിയത്.
പരിസരത്തുള്ള കടകളിലെ ചില തൊഴിലാളികൾ സന്ധ്യക്ക് കടത്തിണ്ണയിൽ മയങ്ങിയിരിക്കുന്നതുകണ്ട് സംശയം തോന്നിയ പൊലീസ്  വൈദ്യശാലയിൽ പരിശോധനനടത്തുകയായിരുന്നു. അകത്തെ മൂന്ന് മുറികളിലായി എട്ട് കൂറ്റൻ ടാങ്കുകളിൽ കോടയുടെ രൂപത്തിൽ കലക്കി നിറച്ച് മണ്ണുകൊണ്ട് മൂടിയിരുന്നു. കുപ്പികളിൽ നിറച്ച അരിഷ്ടത്തിൽ ഡയസിപാം, പെത്തഡിൻ തുടങ്ങിയവ ചൂടാക്കി കല൪ത്തിയാണ് ഇയാൾ വിതരണംചെയ്തിരുന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വിവരം ലഭിച്ചു. നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ ഒഴിഞ്ഞ നിരവധി കുപ്പികൾ കണ്ടെടുത്തു.
മുറിക്കുള്ളിൽ രഹസ്യമായി ചാരായം വാറ്റിയിരുന്നതിൻെറ തെളിവുകളും പൊലീസിന് ലഭിച്ചു.  ശ്രീനാരായണഗുരു സമാധി പ്രമാണിച്ച് മദ്യശാലകൾ അവധിയിലായിരുന്നതിനാൽ രാവിലെ മുതൽ ഇവിടെ വലിയ തിരക്കായിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞു.ആയു൪വേദത്തിൽ ഡിപ്ളോമ മാത്രമുള്ള സച്ചിദാനന്ദക്കുറുപ്പ് ഇവിടെ വ്യാപകമായി അലോപ്പതി ചികിത്സ നടത്തിവന്നതിൻെറ തെളിവും ലഭിച്ചു. ടെറ്റനസ് ടോക്സോയിഡ്, ന്യൂറോ ബയോൺ തുടങ്ങിയ ഇഞ്ചക്ഷൻ മരുന്നുകളും നിരവധി അലോപ്പതി ഗുളികകളും കണ്ടെടുത്തു. റൂറൽ എസ്.പി, ഡിവൈ.എസ്.പി തുടങ്ങിയവരുമായി കൂടിയാലോചിച്ച് പ്രതികൾക്കെതിരെ തുട൪നടപടികൾ സ്വീകരിക്കുമെന്ന് എസ്.ഐ കെ.ടി. സന്ദീപ് അറിയിച്ചു. വൈദ്യശാലയും അനുബന്ധ സാമഗ്രികളും പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. എ.എസ്.ഐ സൈറസ്പോൾ, സി.പി.ഒമാരായ അജയകുമാ൪, അസീസ്, ഷൗക്കത്ത് എന്നിവ൪ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.