പത്ത് വയസ്സുകാരിയെ പൊലീസ് സ്റ്റേഷനിലേക്ക് തെളിവെടുപ്പിന് വിളിപ്പിച്ചത് വിവാദമായി

പാലക്കാട്: മകനുമൊത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ 10 വയസ്സുകാരിയായ മകളെ പൊലീസ് സ്റ്റേഷനിലേക്ക് തെളിവെടുപ്പിന് വിളിപ്പിച്ചത് വിവാദമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച മകൻ അഖിലിനോടൊപ്പം കിണറ്റിൽ ചാടി മരിച്ച പാലക്കാട് പുത്തൂ൪ മാട്ടുമന്ത മുരുകണി നിവാസിൽ ബിന്ദുവിൻെറ മകൾ ഗോപികയെയാണ് ബുധനാഴ്ച രാവിലെ ടൗൺ നോ൪ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയത്. സ്പെഷൽ സിറ്റിങ്ങ് നടത്തുന്നതിൻെറ ഭാഗമായി ഗോപികയെ കാണാൻ ശിശുക്ഷേമസമിതി ചെയ൪മാൻ വി.പി. കുര്യാക്കോസിൻെറ നേതൃത്വത്തിൽ ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമം, ചൈൽഡ് വെൽഫെയ൪ നിയമം എന്നിവ ഇക്കാര്യത്തിൽ ലംഘിക്കപ്പെട്ടതായി വി.പി. കുര്യാക്കോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കുട്ടിയിൽനിന്ന് തെളിവെടുക്കണമെങ്കിൽ മുൻകൂട്ടി അറിയിച്ച് വീട്ടിലെത്തണം. പൊലീസ് ഉദ്യോഗസ്ഥ൪ സാധാരണ വേഷത്തിൽ പോകണമെന്നും വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രായഭേദമന്യേ പെൺകുട്ടികളേയും സ്ത്രീകളേയും 15 വയസ്സ് വരെയുള്ള ആൺകുട്ടികളേയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത് സി.ആ൪.പി.സി 160 പ്രകാരം തെറ്റാണെന്ന് അഡീഷനൽ പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. പ്രേംനാഥ് പറഞ്ഞു.  ഗോപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണെങ്കിൽ അത് തെറ്റായ നടപടിയാണെന്ന് ഡിവൈ.എസ്.പി പി.ബി. പ്രശോഭ് പറഞ്ഞു. ബിന്ദുവിൻെറ ഭ൪ത്താവ് ഗണേശനെ വിളിപ്പിച്ചപ്പോൾ ഗോപികയും കൂടെ ചെന്നതാണെന്ന് നോ൪ത് സി.ഐ ബിജു പറഞ്ഞു. കുട്ടിയുമായി സ്റ്റേഷനിൽ ചെല്ലാൻ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പോയതെന്ന് ഗോപികയുടെ പിതാവ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.