കാസ൪കോട്: എൻഡോസൾഫാൻ ഇരകളുടെ പേര് വെട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ മൂന്നു മന്ത്രിമാ൪ നാളെ ജില്ലയിലെത്തും. എൻഡോസൾഫാൻ മൂലം ദുരിതമനുഭവിക്കുന്നവരുടേതായി തയാറാക്കിയ പട്ടികയിലെ 4182പേ൪ക്ക് ദേശീയ മനുഷ്യാവകാശ കമീഷൻ നി൪ദേശപ്രകാരം ധനസഹായം നൽകുന്നതിന് പകരം ആരോഗ്യവകുപ്പ് സ്വന്തം പട്ടിക തയാറാക്കുകയായിരുന്നു ചെയ്തത്. എൻഡോസൾഫാൻ ഇരകൾക്ക് ധനസഹായം നൽകുന്നതിന് പകരം സ൪ക്കാ൪ രോഗികളെ തരംതിരിവ് നടത്തുകയും വെട്ടിച്ചുരുക്കുകയും ചെയ്ത് ധനസഹായ ലിസ്റ്റ് പുറത്തിറക്കുകയായിരുന്നു. ഇതിനെ തുട൪ന്ന് ധനസഹായം പ്രതീക്ഷിച്ച കാൻസ൪രോഗി ബെള്ളൂരിലെ ജാനുനായിക് ആത്മഹത്യചെയ്തു. ഇത് വലിയ കോളിളക്കമുണ്ടാക്കുകയും സ൪ക്കാ൪ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയും ചെയ്തു.ഇതേ തുട൪ന്ന് ജില്ലാപഞ്ചായത്തിൻെറ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കാണുകയും പ്രശ്നം പരിശാധിക്കാൻ കൃഷിമന്ത്രി കെ.പി. മോഹനൻ, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪, സാമൂഹിക ക്ഷേമമന്ത്രി എം.കെ. മുനീ൪ എന്നിവരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. സെപ്റ്റംബ൪ മൂന്നിനാണ് മന്ത്രിമാരെ ആദ്യം നിശ്ചയിച്ചത്. എന്നാൽ, മന്ത്രിമാരുടെ അസൗകര്യം കാരണം 18ലേക്ക് മാറ്റുകയായിരുന്നു. മന്ത്രിമാ൪ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാൻ ചീഫ് സെക്രട്ടറി കാസ൪കോട് എത്തി കലക്ട൪ വി.എൻ. ജിതേന്ദ്രനുമായി ച൪ച്ച നടത്തിയിരുന്നു. നാളെ സന്ദ൪ശിക്കുന്ന മന്ത്രിമാ൪ക്ക് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു.
പൂ൪ണ വികലാംഗരായ 180പേരാണ് എൻഡോസൾഫാൻ ഇരകളുടെ പട്ടികയിലുണ്ടായത്. ഇത് വെട്ടിനിരത്തിയപ്പോൾ 108ആയി മാറി. മറ്റുള്ളവരുടെ അവശതക്ക് സ്ഥിരീകരണം ലഭിച്ചില്ലെന്നതാണ് കാരണം. 108 പേരുടെ പട്ടിക പുറത്തിറങ്ങുകയും പട്ടികയിലില്ലാത്ത ഒരാൾ ആത്മഹത്യചെയ്യുകയും ചെയ്തപ്പോഴാണ് രണ്ടാമത് ഒരു പട്ടിക കൂടി പുറത്തിറക്കിയത്. അതും വികലാംഗ വിഭാഗത്തിൽ പെട്ടവ൪ക്കാണ്. 512പേരുടെ പട്ടികയാണ് രണ്ടാമത് പുറത്തിറക്കിയത്. കാൻസ൪, ബുദ്ധിമാന്ദ്യം എന്നിവക്ക് പുറമെ ഗുരുതരമായ കരൾ, വൃക്ക, ത്വക്, ഹൃദയം തുടങ്ങിയ രോഗങ്ങൾക്ക് ഇരയായവരും പട്ടികക്ക് പുറത്തായി. രണ്ടുതവണയും വികലാംഗരുടെ പട്ടിക മാത്രം പുറത്തിറക്കിയത് മറ്റുരോഗികളെ ആശങ്കക്കിടയാക്കിയിട്ടുണ്ട്. പട്ടിക പുറത്തിറക്കുന്നതും തയാറാക്കുന്നതും ജില്ലാ പഞ്ചായത്ത് അറിയുന്നില്ലെന്ന് പ്രസിഡൻറ് പി.പി. ശ്യാമളാ ദേവി പറഞ്ഞു.
എൻഡോസൾഫാൻ സെല്ലിൻെറ ചെയ൪മാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറാണ്. മൂന്നു മന്ത്രിമാരുടെ നാളത്തെ പരിപാടി സംബന്ധിച്ച വിവരവും ജില്ലാ പഞ്ചായത്തിനെ അറിയിച്ചില്ലെന്ന് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.