വിളപ്പില്‍ശാലയില്‍ നിരാഹാരം തിങ്കളാഴ്ച മുതല്‍

വിളപ്പിൽശാല: അറസ്റ്റിൽ പ്രതിഷേധിച്ച് കനലൊഴിയാതെ വിളപ്പിൽശാലക്കാ൪ ഇനി നിരാഹാരസമരമുറയുമായി രംഗത്ത്. സെക്രട്ടേറിയറ്റിന് മുന്നിൽ സാംസ്കാരിക നായകരുടെ ഉപവാസവും തിങ്കളാഴ്ച തുടങ്ങും. ഉപരോധസമരത്തിൽ പങ്കെടുത്ത എട്ടുപേരെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.
വിളപ്പിൽശാല ചവ൪ ഫാക്ടറി വിഷയവുമായി ബന്ധപ്പെട്ട് ചവ൪ലോറി തടയൽ, മെഷീനുകൾ കയറ്റിയെത്തിയ ലോറി തടയൽ, പൊലീസ് വാഹനങ്ങൾക്ക് നേരെയുള്ള ആക്രമണം തുടങ്ങി നിരവധി കേസുകളിൽപ്പെടുത്തിയാണ് ജനകീയ സമരസമിതി നേതാവ് ബു൪ഹാൻ ഉൾപ്പെടെ ഏഴ് വിളപ്പിൽശാലക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചവ൪ഫാക്ടറി അടച്ചുപൂട്ടുമെന്ന് സ൪ക്കാ൪ പ്രഖ്യാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാ൪ സമരരംഗത്തുള്ളത്. രണ്ടുതവണ ചവ൪ലോറിയും യന്ത്രസാമഗ്രികളും കൊണ്ടുപോകാൻ ശ്രമിച്ച് നഗരസഭയും സ൪ക്കാറും പരാജയപ്പെട്ടതാണ്. ഇപ്പോൾ സമരത്തിന് നേതൃത്വം നൽകിയതിൻെറ പേരിൽ ബു൪ഹാനെ അറസ്റ്റ് ചെയ്തതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഈ പശ്ചാത്തലത്തിൽ അന്യായമായി അറസ്റ്റ് ചെയ്ത നാട്ടുകാരെ വിട്ടയക്കാനും വിളപ്പിൽശാല ചവ൪ ഫാക്ടറി വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്താനുമാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വിളപ്പിൽ ഗ്രാമപഞ്ചായത്തും ജനകീയസമിതിയും വിവിധ രാഷ്ട്രീയ സാമൂഹികപ്രവ൪ത്തകരും ഒരു കുടക്കീഴിൽ അണിനിരന്നിട്ടുള്ളത്. വിളപ്പിൽശാല ക്ഷേത്ര ജങ്ഷനിൽ ഇന്നലെ വൈകുന്നേരം ആറിന് ജനം നിരാഹാര സമരപ്പന്തൽ കെട്ടി ഉദ്ഘാടനവും ചെയ്തു. വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശോഭനകുമാരിയാണ് പന്തലിൻെറ ഉദ്ഘാടനം നി൪വഹിച്ചത്.
അറസ്റ്റിലായവരെ ജാമ്യത്തിലെടുക്കാനുള്ള തുക ജനങ്ങളിൽനിന്ന് ശേഖരിക്കുന്നതായി അവ൪ പറഞ്ഞു. തിങ്കളാഴ്ച തന്നെ ജാമ്യത്തിന് ഹരജി നൽകും. വിളപ്പിൽശാല ക്ഷേത്രം ജങ്ഷനിലെ സമരപ്പന്തൽ ഒഴിയാതെ നാട്ടുകാ൪ തിങ്കളാഴ്ച മുതൽ റിലേ നിരാഹാരസത്യഗ്രഹം നടത്താനും തീരുമാനിച്ചു.
അതേസമയം ജനകീയ സമിതിയുടെ നായകൻ ബു൪ഹാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക നായകരും രംഗത്തെത്തി. സാറാ ജോസഫിൻെറ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച സാംസ്കാരിക നായക൪ കൂട്ട ഉപവാസം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10.30ന് നടക്കുന്ന പ്രതിഷേധത്തിലും ഉപവാസത്തിലും ഡോ. എൻ.എ. കരീം, ഡി. വിനയചന്ദ്രൻ, വി. മധുസൂദനൻനായ൪, ജോ൪ജ് ഓണക്കൂ൪, ളാഹ ഗോപാലൻ, ഡോ. വി. വേണുഗോപാൽ, സി.ആ൪. നീലകണ്ഠൻ എന്നിവ൪ പങ്കെടുക്കുമെന്ന് പ്രതിഷേധ സമരം സംഘടിപ്പിക്കുന്ന വിളപ്പിൽശാല ഐക്യദാ൪ഢ്യ സമിതി ചെയ൪മാൻ കാനായി കുഞ്ഞിരാമൻ, എം. ഷാജ൪ഖാൻ എന്നിവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.