മുഖ്യമന്ത്രി അനുവദിച്ച സഹായധനം കിട്ടാന്‍ എം.എല്‍.എയുടെ സമരം

ശാസ്താംകോട്ട: അയൽവാസിയുടെ കുത്തേറ്റുമരിച്ച വീട്ടമ്മയുടെ അനന്തരാവകാശികൾക്ക് മുഖ്യമന്ത്രി അനുവദിച്ച രണ്ടുലക്ഷം രൂപ മാസങ്ങൾ കഴിഞ്ഞിട്ടും വിതരണംചെയ്യാത്ത കുന്നത്തൂ൪ തഹസിൽദാറുടെ നടപടിക്കെതിരെ കോവൂ൪ കുഞ്ഞുമോൻ എം.എൽ.എ താലൂക്ക് ഓഫിസിൽ സമരം നടത്തി. ഒടുവിൽ തഹസിൽദാറുടെ ചുമതലയുള്ള അഡീഷനൽ തഹസിൽദാ൪ നിസാ൪ അഹമ്മദ് രണ്ട് ലക്ഷത്തിൻെറ ചെക്ക് അനന്തരാവകാശികൾക്ക് കൈമാറി.
ജൂൺ 20 ന് രാത്രി 8.30 നാണ് കുന്നത്തൂ൪ മാനാമ്പുഴ പുത്തൻവീട്ടിൽ മോഹനൻപിള്ളയുടെ ഭാര്യ വിജയലക്ഷ്മി കുത്തേറ്റുമരിച്ചത്.  എം.എൽ.എയുടെ ഇടപെടലിനെതുട൪ന്ന്  30ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ കുടുംബത്തിന് രണ്ട് ലക്ഷം അനുവദിച്ചു.  തുക താലൂക്ക് ഓഫിസിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥ൪ കൈമാറിയില്ല. ഈ പശ്ചാത്തലത്തിലാണ് എം.എൽ.എ, വിജയലക്ഷ്മിയുടെ ഭ൪ത്താവ് മോഹനൻപിള്ള, മക്കളായ ശ്രുതി, കൃഷ്ണ എന്നിവ൪ക്കൊപ്പം ഇന്നലെ രാവിലെ 10.30 ന് താലൂക്ക് ഓഫിസിലെത്തിയത്. 200 ലധികം ആ൪.വൈ.എഫ്. പ്രവ൪ത്തകരും അനുഗമിച്ചു.
വിജയലക്ഷ്മിയുടെ അവകാശികൾ ഓഫിസിൽ നേരിട്ടെത്തിയിട്ടും തുക കൈമാറാൻ ഉദ്യോഗസ്ഥ൪ വൈമുഖ്യം കാട്ടിയത് എം.എൽ.എയെ പ്രകോപിപ്പിച്ചു. തഹസിൽദാറുടെ ചേംബറിനുമുന്നിൽ വിജയലക്ഷ്മിയുടെ കുടുംബാംഗങ്ങളുമായി കുത്തിയിരിപ്പ് തുടങ്ങി.
ഒടുവിൽ ചെക്ക് മോഹനൻപിള്ളക്ക് കൈമാറിയ ശേഷമാണ് എം.എൽ.എയും സംഘവും പിരിഞ്ഞുപോയത്.
എന്നാൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെകൂടി സൗകര്യം പരിഗണിച്ച് തുക കൈമാറാമെന്ന് ഉദ്ദേശിച്ചതിനാലാണ് അൽപം വൈകിയതെന്ന് തഹസിൽദാ൪ ബേബി സുധീര പറഞ്ഞു. എം.പിയെയും എം.എൽ.എയെയും ഒരുമിച്ചു കിട്ടാൻ ഒന്നരമാസമായി ശ്രമിച്ചുവരികയായിരുന്നുവെന്ന് തഹസിൽദാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.