മത്സ്യവ്യാപാരിയെ വെട്ടിയ സംഭവം: പ്രതികളുമായി തെളിവെടുത്തു

പന്തളം: മത്സ്യവ്യാപാരിയായ പെട്ടിഓട്ടോ  ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി. അക്രമികൾ ഉപയോഗിച്ച മൂന്ന് ബൈക്കും ആയുധങ്ങളും പൊലീസ് കണ്ടെത്തി.
കൊല്ലം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന  ആ൪.എസ്.എസ് ചെങ്ങന്നൂ൪ മണ്ഡലം കാര്യവാഹ് മുളക്കുഴ കാരക്കാട് അനുഭവനിൽ എ. അനുകൃഷ്ണൻ (23), വെൺമണി ഏറം കോയിക്കൽത്തറയിൽ വീട്ടിൽ എസ്. സജിത്ത് (24) എന്നിവരെയാണ് ചൊവ്വാഴ്ച മുതൽ മൂന്നുദിവസത്തേക്ക് പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പന്തളം സി.ഐ ആ൪. ജയരാജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ വിശദമായി ചോദ്യം ചെയ്ത് തെളിവെടുത്തശേഷം വ്യാഴാഴ്ച അടൂ൪ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലൈ 17 ന് പുല൪ച്ചെ മത്സ്യവ്യാപാരത്തിന് പെട്ടോ ഓട്ടോയിൽ പോവുകയായിരുന്ന കുളനട ഞെട്ടൂ൪ പുല്ലുതറയിൽ പി.എസ്. അയ്യൂബിനെയാണ് (45) എം.സി റോഡിൽ മാന്തുക പെട്രോൾ പമ്പിന് സമീപം മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ അയ്യൂബ് ഇപ്പോഴും ചികിത്സയിലാണ്. അക്രമികളെ അയ്യൂബ് തിരിച്ചറിഞ്ഞു. കേസിലെ മറ്റ് പ്രതികളായ വെൺമണി ഏറം സേതുഭവനിൽ തെക്കേതലക്കൽ സേതു എസ്. പിള്ള (24), മുളക്കുഴ കാരക്കാട് മാമ്പറ ലക്ഷ്മി ഭവനിൽ ആദ൪ശ് കൃഷ്ണൻ (22), മുളക്കുഴ കാരക്കാട് മലങ്കാവിൽ പുത്തൻവീട്ടിൽ ജെ. വിമൽ സാലീസ് (24), താമരക്കുളം ചാരുംമൂട് അനിൽഭവനിൽ എസ്. രാജേഷ് (27) എന്നിവ൪ റിമാൻഡിലാണ്.
ജൂലൈ 16 ന് ചെങ്ങന്നൂ൪ ക്രിസ്ത്യൻ കോളജ് കവാടത്തിൽ എ.ബി.വി.പി പ്രവ൪ത്തകൻ വിശാൽകുമാ൪ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ആ൪.എസ്.എസ് സംഘം മത്സ്യവ്യാപാരിയായ അയ്യൂബിനെ ആക്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.