ചരിത്രത്തിലേക്ക് വെളിച്ചം വീശി പുരാരേഖ പ്രദര്‍ശനത്തിന് നാളെ തുടക്കം

മലപ്പുറം: ചരിത്രകുതുകികൾക്കും പഠിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന ചരിത്രരേഖകളുടെ പ്രദ൪ശനത്തിന് വ്യാഴാഴ്ച കലക്ടറേറ്റിൽ തുടക്കമാകും. ജില്ലാ ഇൻഫ൪മേഷൻ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവ൪ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് പ്രദ൪ശനം.
പുരാരേഖ വകുപ്പിൻെറയും ഇൻഫ൪മേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പിൻെറയും കോഴിക്കോട് മേഖലാ കേന്ദ്രങ്ങളാണ് പ്രദ൪ശനം ഒരുക്കുന്നത്. സിവിൽ സ്റ്റേഷൻ ബി മൂന്ന് ബ്ളോക്കിൽ രാവിലെ 10.30ന് കലക്ട൪ എം.സി. മോഹൻദാസ് ഉദ്ഘാടനം നി൪വഹിക്കും.
1831നും 1851നുമിടയിൽ മലബാ൪ ജില്ലയിലെ വിവിധ താലൂക്കുകളിലുണ്ടായിരുന്ന മുസ്ലിംകളുടെയും പള്ളികളുടെയും എണ്ണം, ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരെ സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റ് എച്ച്.വി. കൊനോലിയുടെ റിപ്പോ൪ട്ട്, മലബാ൪ സമരകാലത്ത് തിരൂരങ്ങാടിയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച രേഖ, 1873ലെ കൊളത്തൂ൪ ലഹള സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റിൻെറ നോട്ടീസ്, മലപ്പുറം നേ൪ച്ച സംബന്ധിച്ച് മലപ്പുറം ഖാദി അഹമ്മദ്ബിൻ മുഹമ്മദ് ഹൈദ്രോസ് മുത്തുക്കോയ തങ്ങൾ മലബാ൪ കലക്ട൪ക്കയച്ച കത്ത്, താനൂരിൽ 1921ൽ നടന്ന പോരാട്ടവുമായി ബന്ധപ്പെട്ട റിപ്പോ൪ട്ട്, 1921ലെ സമരത്തിൽ കൊല്ലപ്പെട്ടവരുടെ തിരൂരങ്ങാടിയിലും മറ്റുമുള്ള ഖബറിടങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച കത്ത്, മലബാ൪ സമരത്തെ സംബന്ധിച്ച് കൊണ്ടോട്ടി വലിയ തങ്ങൾ ജില്ലാ മജിസ്ട്രേറ്റ് ജെ.എ. തോരന് എഴുതിയ കത്ത്, മലബാ൪ സമരം-അന്തമാൻ കോളനൈസേഷനുമായി ബന്ധപ്പെട്ട രേഖ, പഴശ്ശിരാജാവ് ബ്രിട്ടീഷ് സൈന്യവുമായി നടത്തിയ ഒളിപ്പോരാട്ടം, കണ്ണൂ൪ അറക്കൽ രാജകുടുംബവുമായി ബന്ധപ്പെട്ട രേഖകൾ, മലബാറും വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങൾ വ്യക്തമാക്കുന്ന രേഖകൾ എന്നിവ പ്രദ൪ശനത്തിലുണ്ടാകും.
തപാൽ വകുപ്പ് പുറത്തിറക്കിയ പ്രധാനപ്പെട്ട മലയാളികളുടെ സ്റ്റാമ്പുകളും പ്രദ൪ശനത്തിനുണ്ട്.
സി.വി. അബ്ദുല്ല കുറ്റ്യാടിയുടെ ശേഖരത്തിലുള്ളതാണ് സ്റ്റാമ്പുകൾ.
 തെരഞ്ഞെടുത്ത രാജകീയ വിളംബരങ്ങൾ, സ൪ക്കാ൪ തിട്ടൂരങ്ങൾ, ഷോക്കേയ്സ് രേഖാ സൂചിക, പെരുമ്പടപ്പ് ഗ്രന്ഥാവരി, സ്വാതന്ത്ര്യസമര സേനാനികളുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ, തിരുവിതാംകൂ൪ നീട്ടുസൂചിക, കേരളത്തിലെ പ്രാചീന ലിപി മാതൃകകൾ, സ്വാതന്ത്ര്യ സമര സേനാനികളുടെ നിരോധിക്കപ്പെട്ട കൃതികൾ തുടങ്ങിയ പുസ്തകങ്ങളുടെ പ്രദ൪ശനവും വിൽപനയുമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.