ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ കിട്ടാക്കനി; ലാന്‍ഡ്ഫോണുകള്‍ക്ക് മിണ്ടാട്ടമില്ല

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരത്തും പരിസര പ്രദേശങ്ങളിലും ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് കണക്ഷന് ആവശ്യക്കാ൪ ഏറെ. എന്നാൽ, അപേക്ഷ കൊടുത്ത് മാസങ്ങളായി കാത്തിരിക്കുകയാണിവിടുത്തുകാ൪.
ഇപ്പോൾ എക്സ്ചേഞ്ചുകളിൽ അപേക്ഷകൾ സ്വീകരിക്കുന്നുമില്ല. ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് ആവശ്യമുള്ളവ൪ തൊട്ടടുത്ത ടെലിഫോൺ എക്സ്ചേഞ്ചിൽ അപേക്ഷ നൽകണമെന്ന് മൊബൈലുകളിലും മറ്റും വരുന്ന സന്ദേശങ്ങൾ ശ്രദ്ധിച്ച് എക്സ്ചേഞ്ചിലെത്തുന്നവ൪ നിരാശരായി മടങ്ങുന്നു. പല൪ക്കും അപേക്ഷാഫോറംപോലും ലഭിക്കുന്നില്ല.
ലാൻഡ്ഫോൺ ഇല്ലെന്ന മറുപടിയാണ്  അധികൃതരിൽനിന്ന് ലഭിക്കുന്നത്. കോട്ടപ്പുറം എക്സ്ചേഞ്ചിനു കീഴിൽ ബ്രോഡ്ബാൻഡിനും ലാൻഡ്ഫോണിനും അപേക്ഷ നൽകി കാത്തിരിക്കുന്നവ൪ ഏറെയാണ്. ചില ആളുകൾക്ക് ലാൻഡ്ഫോൺ നമ്പറുംകിട്ടി. പക്ഷേ, ഇതുവരെ കണക്ഷൻ കിട്ടിയിട്ടില്ല.
ഡബ്ള്യു.എൽ.എൽ കണക്ഷൻ ധാരാളം ലഭിക്കുന്നുണ്ട്. ലാൻഡ്ലൈൻ പ്രോത്സാഹിപ്പിക്കാത്ത നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ജീവനക്കാരുടെ സേവനവും ഈ മേഖലയിൽ മോശമാണ്.
ശ്രീകൃഷ്ണപുരത്തും പരിസര പ്രദേശങ്ങളിലും നിലവിലുള്ള ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ സേവനം മികച്ച രീതിയിലായതാണ് പ്രദേശത്ത് ആവശ്യക്കാരുടെ എണ്ണം വ൪ധിച്ചുവരുന്നത്. ശ്രീകൃഷ്ണപുരം ഉൾപ്പെടെ എക്സ്ചേഞ്ചുകളിൽ വൈമാക്സ് സൗകര്യവും ലഭ്യമാണ്.
എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അലസ മനോഭാവമാണ് കണക്ഷൻ ലഭിക്കാനുള്ള കാലതാമസത്തിനിടയാക്കുന്നതെന്ന് നാട്ടുകാ൪ പരാതിപ്പെടുന്നു.
 അതേസമയം, നിലവിലുള്ള നൂറുകണക്കിന് ലാൻഡ്ഫോൺ കണക്ഷനുകൾ തകരാറിലായി കിടക്കുകയാണ്. പല ഫോണുകളും തകരാറിലായിട്ട് ആഴ്ചകൾ പിന്നിട്ടു. പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഉപഭോക്താക്കൾ പരാതി പറയുന്നു. നേരെയാക്കി കൊടുക്കാനുള്ള നടപടികൾ ഒന്നുംതന്നെയില്ല.
കേടുവന്ന ഫോണിന് പകരമായി പുതിയ ഫോൺ മാറ്റികൊടുക്കാനില്ലെന്ന അവസ്ഥയാണ്. കേടുവന്നത് ശരിയാക്കി നൽകുകയാണിപ്പോൾ ചെയ്യുന്നത്. അത് ഉടൻതന്നെ കേട് വരികയും ചെയ്യുന്നു.
പലയിടത്തും കേബിൾ തകരാറാണ് മുഖ്യ കാരണം. തകരാറുകൾ ശരിയാക്കാൻ എക്സ്ചേഞ്ചിൽ ആവശ്യത്തിന് ജീവനക്കാരില്ലത്രെ. എക്സ്ചേഞ്ചിൽ വിളിച്ചാൽ ഫോണെടുക്കാൻ ആളുമില്ല.
ലാൻഡ്ഫോൺ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരികയാണിപ്പോൾ. ബ്രോഡ്ബാൻഡ് ആവശ്യമുള്ളവ൪ മാത്രമാണ് ലാൻഡ്ഫോണുകൾ നിലനി൪ത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.