കാരുണ്യമില്ലാത്തവര്‍ കണ്ടുനിന്നപ്പോള്‍ ഒരുജീവന്‍ നഷ്ടമായി

തിരുവനന്തപുരം: കണ്ടുനിന്നവരുടെ മനസ്സാക്ഷിയില്ലായ്മയിൽ പൊലിഞ്ഞത് ഒരു ജീവൻകൂടി. വ്യാഴാഴ്ച വൈകുന്നേരം ഊരൂട്ടമ്പലം വേലിക്കോട് നടന്ന ബൈക്കപകടത്തിൽപ്പെട്ട് റോഡിൽ രക്തംവാ൪ന്ന നിലയിൽ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ സംഭവസ്ഥലത്ത് ഓടിക്കൂടിയവ൪ തയാറായില്ലത്രെ.
പീരുമുഹമ്മദും സുഹൃത്ത് സന്തോഷുമായി ബാലരാമപുരത്തുനിന്ന് ബൈക്കിൽ പേയാടിലേക്കുപോകവെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഉടൻ സന്തോഷ് റോഡിൽ കിടന്ന് മൊബൈൽഫോണിൽ ബാലരാമപുരത്തെ സുഹൃത്തിനെ വിവരമറിയിച്ചു. ഇതിനെ തുട൪ന്ന് സുഹൃത്തുക്കൾ വാഹനത്തിൽ സംഭവസ്ഥലത്തെത്തിയശേഷമാണ് ഇരുവരെയും 108 ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലെത്തിച്ചത്. ബാലരാമപുരം സ്വദേശി പീരുമുഹമ്മദ് പിതാവിൻെറ മുറുക്കാൻകട നോക്കിനടത്തിവരികയാണ്. ഇതിൽ നിന്നുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഭാര്യയും പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം ജീവിച്ചുപോന്നിരുന്നത്.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും എന്തുകാര്യത്തിനും എന്നും മുന്നിൽനിൽക്കാറുള്ള പീരുമുഹമ്മദിൻെറ വിയോഗം പല൪ക്കും വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. ബാലരാമപുരം വലിയപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹി, യൂത്ത്കോൺഗ്രസ് മണ്ഡലം ഭാരവാഹി എന്നീ നിലകളിൽ പ്രവ൪ത്തിച്ചുവരികയായിരുന്നു. ആറും അഞ്ചും മൂന്നും വയസ്സായ മൂന്ന് കുട്ടികളാണ് പീരുമുഹമ്മദിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.