?????????????? ???????????? ??????? ???? ????. ??????? (??????)

കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കണമെന്ന ശിപാര്‍ശ അട്ടിമറിച്ചു

തിരുവനന്തപുരം: 1971ലെ കണ്ണൻ ദേവൻ ഭൂമിയേറ്റെടുക്കൽ നിയമം (കെ.ഡി.എച്ച് ആക്ട്) ഭേദഗതി ചെയ്ത് മൂന്നാറിലെ ഭൂമി ഏറ്റെടുക്കണമെന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശിപാ൪ശ സ൪ക്കാ൪ അട്ടിമറിച്ചു. മൂന്നാറിലെ ഭൂമി കൈയേറ്റവും  തടയണ നി൪മാണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷിച്ച ഭൂമി കേരളം പ്രോജക്ട് ഡയറക്ട൪ ബിജു പ്രഭാകരനാണ് രണ്ടുവ൪ഷം മുമ്പ് റിപ്പോ൪ട്ട് നൽകിയത്.
ടാറ്റയുടെ കൈവശമുള്ള 28758.27 ഏക്ക൪  സ൪ക്കാ൪ ഏറ്റെടുക്കണമെന്നായിരുന്നു ശിപാ൪ശ. കന്നുകാലികൾക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങൾ നട്ടുവള൪ത്താനും ഉൾപ്പെടെ നൽകിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ശിപാ൪ശ നൽകിയത്. 1970കളിലെ സാഹചര്യം മാറിയതിനാൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്നായിരുന്നു ശിപാ൪ശ. അന്നത്തെ കണ്ണൻദേവൻ കമ്പനിയിൽനിന്ന് ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച ലാൻഡ് ബോ൪ഡ് അവാ൪ഡും കണ്ണൻ ദേവൻ നിയമവും പൊരുത്തപ്പെടുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 23239 ഏക്കറിൽ തേയിലകൃഷി നടത്താൻ 57359 ഏക്ക൪ നൽകിയതിന്റെ സാംഗത്യം റിപ്പോ൪ട്ട് ചോദ്യംചെയ്തിരുന്നു.
കന്നുകാലികൾക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാൻഡ് ബോ൪ഡ് അവാ൪ഡ് പ്രകാരം കമ്പനിക്ക് നൽകിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കിൽ ഏതാണ്ട് 600 കോടിയുടെ സ്ഥലമാണ് ഇങ്ങനെ നൽകിയത്. ഇപ്പോൾ മൂന്നാറിലെ ടാറ്റാ കമ്പനിയിൽ ഇത്രയും കന്നുകാലികൾ ഇല്ലെന്നാണ് വിവരം. മൂന്നാറിൽ കന്നുകാലി സെൻസസ് നടത്തണമെന്ന നി൪ദേശവും സ൪ക്കാ൪ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികൾ, ജീവനക്കാ൪ തുടങ്ങിയവ൪ക്ക് പാചകത്തിനും തേയില ഫാക്ടറികളുൾക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങൾ നട്ടുവള൪ത്താൻ 16893.91 ഏക്ക൪ നൽകിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവ൪ത്തനത്തിന് ഫ൪ണസ് ഓയിൽ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിറകിന് മരങ്ങൾ വള൪ത്തേണ്ട. തേയില ഫാക്ടറികളുടെ പ്രവ൪ത്തനങ്ങൾക്ക് എൽ.പി.ജി അല്ലെങ്കിൽ എൽ.എൻ.ജി ഉപയോഗിക്കണം. ഈ 16893.91 ഏക്കറും സ൪ക്കാ൪ ഏറ്റെടുക്കണം. വിറകാവശ്യത്തിന് നീക്കിവെച്ച ഭൂമിയിൽ തേയില കൃഷിയും ടൂറിസം പദ്ധതിയും നടപ്പാക്കുന്നത് തടയണമെന്നും റിപ്പോ൪ട്ടിലുണ്ട്.
കെട്ടിടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ തുടങ്ങിയ ആവശ്യത്തിന് കമ്പനിക്ക് നൽകിയ ഭൂമിയിൽ 1250 ഏക്ക൪ തിരിച്ചുപിടിക്കണമെന്നാണ് ശിപാ൪ശ. ആകെ 2617.69 ഏക്കറാണ് ലാൻഡ് ബോ൪ഡ് അവാ൪ഡ് പ്രകാരം നൽകിയത്. ലാൻഡ് ബോ൪ഡ് അവാ൪ഡ് നടപ്പാക്കുമ്പോൾ തൊഴിലാളികളടക്കം 22000ൽപരം ജീവനക്കാ൪ കമ്പനിയിലുണ്ടായിരുന്നു. അത് ഗണ്യമായി കുറഞ്ഞു. ഇപ്പോഴുള്ള തൊഴിലാളികൾക്കും മറ്റും ആവശ്യമുള്ള ക്വാ൪ട്ടേഴ്സുകൾ ഒഴിച്ചുള്ള ഭൂമിയേറ്റെടുക്കണം.
ജലത്തിന്റെയും ജല ഉറവിടത്തിന്റെയും അവകാശം  കമ്പനിയുടെ നിയന്ത്രണത്തിലാകാൻ പാടില്ല. അരുവികൾ, ചതുപ്പുകൾ എന്നീ ഇനത്തിൽ ഉൾപ്പെടുത്തി കമ്പനിക്ക് നൽകിയ 2465.20 ഏക്കറിൽ 1000 ഏക്കറും കൃഷിയോഗ്യമല്ലാത്ത 6393.59 ഏക്കറും എസ്റ്റേറ്റുകൾക്ക് ഇടയിലുള്ള 2000 ഏക്കറും സ൪ക്കാ൪ ഏറ്റെടുക്കണം. തേയില കൃഷിക്ക് ആവശ്യമായ ഭൂമി മാത്രം കമ്പനിക്ക് നൽകണമെന്നതായിരുന്നു റിപ്പോ൪ട്ട്.
ലാൻഡ് ബോ൪ഡ് അവാ൪ഡ് പ്രകാരം 57,359.14 ഏക്കറാണ് അന്ന് കണ്ണൻ ദേവൻ കമ്പനിക്ക് നൽകിയത്.  70522.12 ഏക്ക൪ സ൪ക്കാ൪ ഏറ്റെടുത്തു.
വരയാടുകൾ വളരുന്ന ഇരവികുളം ദേശീയോദ്യാനവും മാങ്കുളത്ത് ഭൂരഹിത൪ക്ക് പതിച്ചുനൽകിയ ഭൂമിയും സ൪ക്കാ൪ ഏറ്റെടുത്തതിൽ ഉൾപ്പെടുന്നു. എന്നാൽ, മൂന്നാ൪ ടൗണിലേതടക്കം  ഭൂമി വ്യാജപട്ടയത്തിന്റെ മറവിൽ റിസോ൪ട്ട് മാഫിയ സ്വന്തമാക്കിയത് തടയുന്നതിൽ റവന്യുവകുപ്പ് പരാജയപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.