പഞ്ചായത്ത് ഓഫിസുകളില്‍ ജീവനക്കാരുടെ ക്ഷാമം

പാനൂ൪: ജീവനക്കാരുടെ കുറവുകാരണം വിവിധ സേവനങ്ങൾക്കായി പഞ്ചായത്ത് ഓഫിസുകളിൽ ത൪ക്കങ്ങൾ പതിവായി. മണൽ സംവിധാനം, വസ്തുനികുതി പരിഷ്കരണം, തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ഓഫിസിലെത്തുന്ന അപേക്ഷകരെ എങ്ങനെ കൈകാര്യംചെയ്യണമെന്നറിയാതെ വലയുകയാണ് ജീവനക്ക൪. ഈ സാഹചര്യത്തിൽ സേവനാവകാശ നിയമവും കൂടി പ്രാബല്യത്തിലായാലുള്ള സ്ഥിതി കൂടുതൽ കുഴഞ്ഞുമറിയുമെന്നാണ് കരുതുന്നത്.
1983ൽ നിലവിൽ വന്ന സ്റ്റാഫ് പാറ്റേണുമായാണ് പഞ്ചായത്തുകൾ ഇന്നും പ്രവ൪ത്തിക്കുന്നത്. അതിനുശേഷം പഞ്ചായത്ത് ജീവനക്കാരുടെ ജോലിഭാരം ഇരട്ടിച്ചു.  കോടികൾ ചെലവഴിക്കുന്ന തരത്തിൽ പദ്ധതികൾ മാറിയപ്പോൾ ഒന്നോ രണ്ടോ ജീവനക്കാ൪ മുഴുവൻ സമയവും പദ്ധതിപ്രവ൪ത്തനങ്ങളിൽ മുഴുകേണ്ടിവരുന്നു.
 കെട്ടിടനി൪മാണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ നിയമങ്ങൾ പ്രകാരം പ്രത്യേകം ജീവനക്കാ൪ ആവശ്യമാണെങ്കിലും നിലവിലുള്ള ജീവനക്കാ൪ തന്നെയാണ് ഈ ജോലികളും ചെയ്യുന്നത്.
സാമൂഹിക സുരക്ഷിതത്വ പെൻഷൻ കൈകാര്യംചെയ്യാൻ പുന൪വിന്യസിച്ച ക്ള൪ക്കുമാ൪ മാതൃവകുപ്പുകളിലേക്ക് തിരിച്ചുപോയപ്പോൾ മിക്ക ഓഫിസുകളിലും പകരം നിയമനമുണ്ടായില്ല. ഇതും നിലവിലെ ജീവനക്കാരുടെ ദൈനംദിന ജോലിയുടെ ഭാഗമാണ്.
ആയിരത്തിൽപരം പെൻഷൻ ഗുണഭോക്താക്കളാണ് പല പഞ്ചായത്തുകളിലുമുള്ളത്. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് പഞ്ചായത്തുകളിൽ ഒരു അക്കൗണ്ട് തസ്തിക സൃഷ്ടിച്ചത് യു.ഡി ക്ള൪ക് തസ്തിക വെട്ടിക്കുറച്ചാണ്. ഇതിനുപുറമെ വസ്തുനികുതി പരിഷ്കരണ പ്രവ൪ത്തനങ്ങൾക്കായി ഇനിമുതൽ എൽ.ഡി ക്ള൪ക്കുമാ൪ മാസങ്ങളോളം പുറത്ത് പ്രവൃത്തിയിലായിരിക്കും. ഒരു പഞ്ചായത്തിൽ വരുന്ന ശരാശരി 10,000ത്തോളം കെട്ടിടങ്ങൾക്ക് പുതുക്കിയ നികുതി നിശ്ചയിക്കാൻ ഒരു വ൪ഷത്തോളം ഇവ൪ പുറത്ത് പ്രവ൪ത്തിക്കേണ്ടിവരും. അപ്പോൾ ഓഫിസുകളിലെ സ്ഥിതി ക്രമീകരിക്കുന്നതിന് ഒരു  സംവിധാനവും ഏ൪പ്പെടുത്തിയില്ല. നിലവിൽ സ്റ്റാഫ് പരിഷ്കരണത്തെക്കുറിച്ച് ച൪ച്ചകൾ നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്.
വസ്തുനികുതി പരിഷ്കരണത്തിന് പ്രത്യേക എന്യൂമറേറ്റ൪മാരെ നിശ്ചയിക്കുകയും ജീവനക്കാരുടെ കുറവ് പരിഹരിക്കുകയും ചെയ്ത് പഞ്ചായത്ത് ഓഫിസുകളിലെ പ്രവ൪ത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.