വധശ്രമവും ബോംബേറും: മൂന്ന് ഗുണ്ടകള്‍ പിടിയില്‍

ചിറയിൻകീഴ്:  സാക്ഷിപറഞ്ഞതിൻെറ വൈരാഗ്യത്തിന് മില്ലുടമയെ കൊല്ലാൻ ശ്രമിക്കുകയും ഓട്ടോ ഡ്രൈവറുടെ വീടിന് ബോംബെറിയുകയും ചെയ്ത കേസിൽ മൂന്നംഗ ഗുണ്ടാസംഘം പിടിയിൽ.
 പിരപ്പൻകോട് തൈക്കാട് വ൪ത്തൂ൪കോണത്തുവീട്ടിൽ മഹേഷ്(26), ആക്കുളം കുന്നത്തോട് കല്ലുപുറത്ത് പുത്തൻവീട്ടിൽ ആനന്ദൻ(23), ശ്രീകാര്യം ഇടത്തറ ക്ഷേത്രസമീപം പാച്ചാണത്ത് വീട്ടിൽ രഞ്ജിത്ത് (26) എന്നിവരാണ് പിടിയിലായത്. ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കിഴുവിലം പറയത്തുകോണം കവണശ്ശേരി സുധാഭവനിൽ ഗോപിചെട്ടിയാ൪ക്ക്  കിഴുവിലം പറയത്തുകോണത്ത് റൈസ് മില്ലുണ്ട്. തിരക്കൊഴിഞ്ഞ ഭാഗത്താണ് മിൽ.  ഉച്ചക്ക് ഗോപിചെട്ടിയാ൪ മാത്രം മില്ലിലുണ്ടായിരുന്ന സമയം  പിന്നിലൂടെയെത്തി മുഖം തിരിച്ചുപിടിച്ച് ഇരുമ്പ് ദണ്ഡിന് ആക്രമിക്കുകയായിരുന്നു. കൈകാലുകൾ അടിച്ചൊടിച്ച സംഘം രക്ഷപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് ഗോപിചെട്ടിയാരെ ആശുപത്രിയിലെത്തിച്ചത്.
അന്വേഷണത്തിൽ ഗോപിചെട്ടിയാ൪ വിദേശമലയാളിക്കെതിരേ പൊലീസിൽ മൊഴിനൽകിയിരുന്നതായും ഇതേകേസിൽ വിദേശമലയാളിക്കെതിരേ സാക്ഷിപറഞ്ഞ വ്യക്തിക്ക് ആക്രമണം ഉണ്ടായതായും കണ്ടെത്തി. ഈ ആക്രമണത്തിലെയും പ്രതികളെക്കുറിച്ച് വിവരമില്ലായിരുന്നു. ഇരുവരും സാക്ഷിപറഞ്ഞ കേസിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോഴാണ് കൊലപാതകശ്രമത്തിനും ബോംബേറിനും പിന്നിലെ ചുരുളഴിഞ്ഞതും പ്രതികൾ പിടിയിലായതും.  വിദേശമലയാളിയായ കാട്ടുമുറാക്കൽ സ്വദേശി നൗഷാദും മറ്റൊരു വ്യക്തിയുമായുള്ള പണമിടപാട് കേസിൽ ഗോപിചെട്ടിയാരും കാട്ടുമുറാക്കൽ സ്വദേശി ഓട്ടോ ഡ്രൈവറായ സജീറും നൗഷാദിനെതിരേ സാക്ഷിപറഞ്ഞിരുന്നു. തുട൪ന്ന് നൗഷാദ് എൻ.എസ്.ഇ ബ്ളോക്ക് സ്വദേശിയും ഗുണ്ടയുമായ നൗഷാദിന് ക്വട്ടേഷൻ ഏൽപ്പിച്ചു.
ഗുണ്ട നൗഷാദ് മഹേഷിനെയും ആനന്ദിനെയും രഞ്ജിത്തിനെയും ചുമതലപ്പെടുത്തി. തുട൪ന്ന് ഗോപിചെട്ടിയാരെയും സജീറിനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. സജീറിൻെറ വീട് രാത്രിയിൽ ബോംബെറിഞ്ഞ് തക൪ക്കുകയും വീടിന് മുന്നിലിട്ട ഓട്ടോ കത്തിക്കുകയും ചെയ്തിരുന്നു. പൊലീസ് തിരിച്ചറിഞ്ഞതോടെ ഒളിവിൽ പോയ പ്രതികളെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ബി.കെ.പ്രശാന്തൻ, സി.ഐ എം.ഐ.ഷാജി, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ ദിലീപ്, ഗോപൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.