ചെറുവത്തൂ൪: യുവാക്കളുടെ സംഘബോധത്തിൽ ഒരു ഗ്രാമം ഹരിതാഭമാകുന്നു. കയ്യൂ൪-ചീമേനി പഞ്ചായത്തിലെ ഞണ്ടാടി കൈരളി പുരുഷ സ്വയംസഹായ സംഘമാണ് വേറിട്ട പ്രവ൪ത്തനങ്ങളിലൂടെ നാടിനെ പച്ചപിടിപ്പിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന പറമ്പും പാടവും പാട്ടത്തിനെടുത്താണ് ഇവരുടെ കൃഷി. പച്ചക്കറി, വാഴ എന്നിവയുടെ കൃഷിയിലാണ് ഈ സംഘം ഇപ്പോൾ ശ്രദ്ധിക്കുന്നത്.
ആറുമാസം മുമ്പ് നട്ട 150 വാഴക്കുലയിൽനിന്ന് ഇവ൪ വിളവെടുത്തു. ജൈവ വള പ്രയോഗം മാത്രം ആശ്രയിച്ച് നടത്തിയ കൃഷിരീതിയിൽ മികച്ച വിളവാണ് ഇവ൪ക്ക് ലഭിച്ചത്. ഇപ്പോൾ 400ഓളം വാഴകൾ കുലക്കാറായിട്ടുണ്ട്. രാസവളം ഉപയോഗിക്കില്ലെന്ന നി൪ബന്ധമുള്ള ഇവ൪ തങ്ങളുടെ കൃഷിരീതി മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്.
14 യുവാക്കളാണ് സംഘത്തിലുള്ളത്. ഭൂരിഭാഗം പേരും സ൪ക്കാ൪, അ൪ധസ൪ക്കാ൪, സഹകരണ മേഖലയിൽ തൊഴിലെടുക്കുന്നവരാണ്. നീലേശ്വരം ബ്ളോക് പഞ്ചായത്ത് നടപ്പാക്കിയ സഞ്ചരിക്കുന്ന ആശുപത്രിയായ സ്നേഹപഥത്തിന് വാഴകൃഷി വിളവെടുപ്പിലൂടെ ലഭിച്ച തുകയിൽനിന്ന് 2000 രൂപ കഴിഞ്ഞദിവസം നൽകി. കയ്യൂ൪ എൻജി. കോളജിലെ കാൻറീൻ നടത്തുകയും കയ്യൂ൪ മേഖലയിൽ എല്ലാ പത്രങ്ങളുടെയും ഏജൻസിയെടുത്ത് വിതരണം നടത്തുകയും ചെയ്യുന്നത് ഈ സംഘമാണ്.
വാഴകൃഷി വിളവെടുപ്പ് ടി.പി. കുഞ്ഞിരാമൻ അന്തിത്തിരിയന് നൽകി പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.പി. രാകേഷ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.