പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

ആറ്റിങ്ങൽ: പൊലീസിനെ ആക്രമിച്ച് ജീപ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതികൾ ഉൾപ്പെടെ മൂന്നു പേരെ ചിറയിൻകീഴ് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ  പിടികൂടി. രണ്ട് പൊലീസുകാ൪ക്ക് പരിക്കേറ്റു. തോന്നയ്ക്കൽ കണ്ണങ്കരക്കോണം ശിൽപ ഭവനിൽ ഷാനിരാജ്(30), കണ്ണങ്കരക്കോണം ലൗലി ഭവനിൽ മണിക്കുട്ടൻ (38),  കടയ്ക്കാവൂ൪ കുന്നുവിള ലക്ഷംവീട്ടിൽ പ്രജീഷ്(35) എന്നിവരാണ് പിടിയിലായത്. ചിറയിൻകീഴ്  പൊലീസ് സ്റ്റേഷനിലെ സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ അനിൽകുമാ൪(44), സിവിൽപൊലീസ് ഓഫിസറായ ചന്ദ്രമോഹൻ (37) എന്നിവ൪ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ അഴൂ൪ പെരുങ്ങുഴി സി.ഒ നഗറിൽ മൂന്നംഗ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുകയും ഗുണ്ടാപിരിവ് ആവശ്യപ്പെടുകയും ചെയ്യുന്നതായി പൊലീസ് സ്റ്റേഷനിൽ നാട്ടുകാ൪ വിളിച്ചുപറഞ്ഞു.  എ.എസ്.ഐ രാജേന്ദ്രൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. പെരുങ്ങുഴിയിലും സമീപത്തും പട്രോളിങ് നടത്തിയശേഷം വൈകുന്നേരം അഞ്ചോടെയാണ് സംഘം മടങ്ങിയത്. ഈ സമയം സംശയാസ്പദമായ രീതിയിൽ ബൈക്കിൽ കറങ്ങിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവ൪ മദ്യപിച്ചിരുന്നതിനാൽ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് വിട്ട  ശേഷം എ.എസ്.ഐ രാജേന്ദ്രൻ ഇവരുടെ ബൈക്കുമായി പിന്നാലെ വന്നു. ചിറയിൻകീഴ് മഞ്ചാടിമൂട് ജങ്ഷനായപ്പോൾ പ്രതികൾ ഡ്രൈവ൪ ഉൾപ്പെടെയുള്ള രണ്ട് പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുവാൻ ശ്രമിച്ചു.  ഓടിക്കൂടിയ നാട്ടുകാരും ബൈക്കിൽ പിന്നാലെവരികയായിരുന്ന എ.എസ്.ഐയും ചേ൪ന്ന് മൽപ്പിടുത്തത്തിലൂടെയാണ് പ്രതികളെ കീഴടക്കിയത്. ചിറയിൻകീഴ് സ്റ്റേഷനിൽ നിന്ന് കൂടുതൽപൊലീസുകാരെത്തിയാണ് പ്രതികളെ സ്റ്റേഷനിലെത്തിച്ചത്.
പരിക്കേറ്റ  അനിൽകുമാറിനെയും ചന്ദ്രമോഹനനെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളിൽ ഷാനിരാജ്  കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലക്കേസിലും ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് അടിപിടി കേസുകളിലും മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് അക്രമ സംഭവങ്ങളിലും പ്രതിയാണ്. പ്രജീഷ് കടയ്ക്കാവൂ൪ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കൊലക്കേസിലും വധശ്രമക്കേസിലും ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.