കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനനും പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനുമുൾപ്പെടെ അഞ്ചുപേരുടെ ജാമ്യഹരജി ഹൈകോടതി തള്ളി. പതിനൊന്നുപേ൪ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എം.സി. അനൂപ്, ആറാം പ്രതി അണ്ണൻ സിജിത് എന്ന എസ്. സിജിത്, എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ എന്നിവരുടെ ജാമ്യ ഹരജികളാണ് ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രൻ തള്ളിയത്.
വായപ്പടച്ചി റഫീഖ്, എം.പി. സനൂപ്, ഇ.എം. ഷാജി, ജ്യോതി ബാബു, കാരായി രാജൻ, എം. സനീഷ്, മനോജ് എന്ന ട്രൗസ൪ മനോജ്, പി.സി. ഷിബു, കെ. ശ്രീജിത്, ലംബു എന്ന എം.കെ. പ്രദീപൻ, കെ.കെ. കൃഷ്ണൻ എന്നിവ൪ക്കാണ് ജാമ്യം അനുവദിച്ചത്. അതേസമയം, 2009ൽ ടി.പിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അണ്ണൻ സിജിത് ഉൾപ്പെടെ രണ്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. നാലാം പ്രതി അഭിനേഷ് എന്ന അഭിലിനാണ് 10ാം പ്രതി സിജിത്തിനൊപ്പം ജാമ്യം അനുവദിച്ചത്.
വധക്കേസിലെ ഒമ്പതാം പ്രതി സി.എച്ച്. അശോകന് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കുഞ്ഞനന്തൻ, പി. മോഹനൻ, കെ.സി. രാമചന്ദ്രൻ എന്നിവ൪ക്ക് ജാമ്യം അനുവദിക്കണമെന്ന വാദം കോടതി തള്ളി. അന്തിമ റിപ്പോ൪ട്ട് ഈ പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ ക്രൂരത വെളിവാക്കുന്നതായി ചൂണ്ടിക്കാട്ടിയ കോടതി ഇവ൪ ജാമ്യം അ൪ഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. കുറ്റവാളിയാണെന്ന് തെളിയും വരെ നിരപരാധിയാണെന്ന് കരുതണമെന്നതാണ് രീതിയെങ്കിലും ഹരജിക്കാ൪ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ ആഴം, ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ, സാഹചര്യങ്ങൾ, കൃത്യത്തിലെ ക്രൂരത, ഇവരുടെ പങ്ക് എന്നിവ പരിഗണിക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു.
വ്യക്തി സ്വാതന്ത്രൃം ഭരണഘടന പ്രകാരം വളരെ വിലപ്പെട്ടതാണ്. എന്നാൽ, സമൂഹത്തിന്റെ സ്വാതന്ത്രൃത്തെക്കാൾ വലുതല്ല.ഗൂഢാലോചന നടന്നതിന് തെളിവില്ലെന്ന് വാദവും കോടതി തള്ളി.
ഒന്നാം പ്രതിക്കെതിരെ കൊലപാതകമുൾപ്പെടെ നാല് കേസുകളാണ് നിലവിലുള്ളതെന്ന് സ൪ക്കാ൪ കോടതിയെ അറിയിച്ചു. രണ്ടാം പ്രതിക്കെതിരെ 15ഉം മൂന്നാം പ്രതിക്കെതിരെ 36ഉം നാലാം പ്രതിക്കെതിരെ അഞ്ചും അഞ്ചാം പ്രതിക്കെതിരെ മൂന്നും ആറാം പ്രതിക്കെതിരെ മറ്റൊന്നും ഏഴാം പ്രതിക്കെതിരെ അഞ്ചും കേസുകൾ നിലവിലുണ്ട്. എല്ലാ ഹരജിക്കാരും ഗൂഢാലോചനയിലോ കൃത്യനി൪വഹണത്തിലോ പ്രതികളെ സംരക്ഷിക്കുന്നതിലോ ഉൾപ്പെട്ടവരാണ്. അതിനാൽ, ഇവ൪ക്ക് ജാമ്യം അനുവദിക്കുന്നത് സാക്ഷികളുടെ സുരക്ഷക്ക് ഭീഷണിയാണെന്നും സ൪ക്കാ൪ വ്യക്തമാക്കി.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലാത്തവരാണെന്നതും തടവിൽ കഴിഞ്ഞ കാലയളവ് പരിഗണിച്ചുമാണ് 11 പേ൪ക്ക് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസിലും ടി.പി വധക്കേസിലും ഒരു ലക്ഷം രൂപയുടെ സ്വന്തവും മറ്റ് രണ്ടുപേരുടെയും ജാമ്യമാണ് പ്രധാന ഉപാധി. പാസ്പോ൪ട്ട് സമ൪പ്പിക്കണം, ഈ കേസുമായോ മറ്റേതെങ്കിലും കേസുമായോ ബന്ധപ്പെട്ട നടപടികൾക്കല്ലാതെ കോഴിക്കോട് ജില്ലയിൽ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുത്, കോടതി അനുമതിയില്ലാതെ സംസ്ഥാനം വിടരുത് എന്നിവയാണ് മറ്റ് ഉപാധികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.