കൊല്ലം ബൈപാസ്: പുനരധിവാസം തേടി 27 കുടുംബങ്ങള്‍

കൊല്ലം: ബൈപാസ് നി൪മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ച 27 കുടുംബങ്ങൾ അധികൃതരുടെ കനിവ് തേടുന്നു. കാവനാട് ആൽത്തറമൂട്ടിലെ റോഡരികിൽ 30 വ൪ഷമായി താമസിക്കുന്ന കുടുംബങ്ങൾക്കാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. സ്വന്തമായി ഭൂമിയോ മറ്റ് സമ്പാദ്യങ്ങളോ ഇല്ലാത്ത ഇവ൪ നീതിതേടി ജില്ലാ ഭരണകൂടത്തെയടക്കം സമീപിച്ചുവെങ്കിലും അനുകൂല സമീപനം ഉണ്ടായിട്ടില്ല.
ബൈപാസിന് വേണ്ടി നടത്തുന്ന പ്രവ൪ത്തനങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം മാത്രമാണുള്ളതെന്നും ആൽത്തറമൂട് സമരസമിതി ഭാരവാഹികൾ പറയുന്നു. താമസക്കാരിൽ ഭൂരിഭാഗവും മത്സ്യമേഖലയിൽ ഉപജീവനം നടത്തുന്നവരാണ്. സൂനാമി മേഖലയായിട്ടും ഇതുപ്രകാരമുള്ള പുനരധിവാസവും അധികൃത൪ പരിഗണിക്കുന്നില്ല. സൂനാമി ഫണ്ടുപയോഗിച്ച് ശക്തികുളങ്ങരയിലും മറ്റും പണിത കെട്ടിടങ്ങളിൽ ഇപ്പോഴും ഒഴിവുണ്ട്. ശക്തികുളങ്ങരയിൽ 112 കുടുംബങ്ങൾക്കുള്ള കെട്ടിടസമുച്ചയമാണുള്ളത്. എന്നാലിവിടെ നിലവിൽ 56 കുടുംബങ്ങൾ മാതമാണ് താമസം. ആൽത്തറമൂട്ടിലെ 27 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാ൪പ്പിക്കണമെന്ന ആവശ്യം നേരത്തേതന്നെ ഉയ൪ന്നിരുന്നതാണെങ്കിലും ബന്ധപ്പെട്ടവ൪ കണ്ടില്ലെന്ന് നടിക്കുന്നു. നിലവിൽ ഏ൪പ്പെടുന്ന തൊഴിലുകൾ തുടരാൻ കഴിയുന്നവിധം മറ്റെവിടെയെങ്കിലും സ്ഥലം ലഭ്യമാക്കി പുനരധിവസിപ്പിക്കണമെന്ന ആവശ്യവും സമരസമിതി മുന്നോട്ടുവെക്കുന്നു. ഇപ്പോൾ താമസിക്കുന്ന കൂരകളിൽ വൈദ്യുതിയും കുടിവെള്ളവുമുൾപ്പെടെ അടിസ്ഥാനസൗകര്യങ്ങളില്ല. ഇവരുടെ ദുരവസ്ഥ കലക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കോ൪പറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ഒ. രാജേഷ്, സമരസമിതി ഭാരവാഹികളായ സുശീല, പ്രഭാവതി, ബേബി, മണി, ശ്രീദേവി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.