കൊലപാതകം: ഗൂ കയ്ലായിയുടെ വിചാരണക്ക് തുടക്കം

ബെയ്ജിങ്: അപവാദത്തെ തുട൪ന്ന് പുറത്താക്കപ്പെട്ട മുതി൪ന്ന പോളിറ്റ് ബ്യൂറോ അംഗം ബോ സിലായിയുടെ ഭാര്യ ഗൂ കയ്ലായിക്കെതിരായ കൊലപാതകകേസിൽ ചൈനീസ് കോടതി ഇന്നലെ വിസ്താരം തുടങ്ങി.
ബ്രിട്ടീഷ് വ്യാപാരിയായ നെയ്ൽ ഹേയ്വുഡിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഗൂ കയ്ലായിക്കു പുറമെ അവരുടെ അടുത്ത സഹായി സാങ് സിയാജനെയും ഇന്നലെ കോടതി വിസ്തരിച്ചു.
 വിചാരണ ഏറക്കുറെ മുഴുമിച്ചതായും ഇരു പ്രതികളും കുറ്റം നിഷേധിക്കാൻ മുതി൪ന്നില്ലെന്നും കോടതിവൃത്തങ്ങൾ അറിയിച്ചു.
ചോൻഗിങ് പട്ടണത്തിലെ ഹോട്ടലിലാണ് ഇരുപ്രതികളും ചേ൪ന്ന് മദ്യപിച്ച് ഛ൪ദിക്കാൻ തുടങ്ങിയ ഹേയ്വുഡിനെ വിഷപാനീയം നൽകി കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ട൪മാ൪ വാദിക്കുന്നു. ചൈനയുടെ ഉന്നത നേതൃപദവിയിൽ അവരോധിക്കപ്പെടാനിരുന്ന ബോ സിലായി ഭാര്യയുടെ കൊലപാതകക്കുറ്റത്തെ തുട൪ന്ന് പോളിറ്റ്ബ്യൂറോയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു.
ബോയും ഭാര്യ ഗൂവും ചേ൪ന്ന് ശതകോടികൾ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചതായും റിപ്പോ൪ട്ടുണ്ട്.
ദമ്പതികളുടെ മകൻ ബോ ഗുവാഗ ആഡംബരജീവിതവുമായി ഉലകംചുറ്റുന്നതിനിടെയാണ് നവംബ൪ 15ന് ഹേയ്വുഡ് വധിക്കപ്പെട്ടത്.
ചൈനയിലെ ഉന്നത രാഷ്ട്രീയ മണ്ഡലത്തെ ഗ്രസിച്ച അഴിമതിയിലേക്കും പണം തട്ടാൻ വേണ്ടിയുള്ള ക്രിമിനൽ നടപടികളിലേക്കും സൂചനകൾ നൽകുന്ന ബോ സിലായി-ഗൂ കയ്ലായി ദമ്പതികളുടെ കരുനീക്കങ്ങളുടെ ചുരുളുകൾ വരുംദിവസങ്ങളിൽ മറനീക്കി പുറത്തുവരുമെന്ന് നയതന്ത്രകേന്ദ്രങ്ങൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.