ഡമസ്കസ്: സൈനിക മുന്നേറ്റത്തെ തുട൪ന്ന് സിറിയയുടെ പ്രമുഖ വാണിജ്യ നഗരമായ അലപ്പോയിൽനിന്ന് വിമതസേന പിന്മാറുന്നു. തന്ത്രപൂ൪വമായി പിന്മാറുകയാണെന്നാണ് വിമതരുടെ വാദം.
അലപ്പോയിലെ പ്രധാന ജില്ലയായ സലാഹുദ്ദീനിൽനിന്ന് പൂ൪ണമായി പിന്മാറിയതായി വിമത കമാൻഡ൪ ഹുസ്സാം അബു മുഹമ്മദ് പറഞ്ഞു. തങ്ങൾ സമീപ ജില്ലയായ സുകാരിയിൽ തമ്പടിച്ചതായും സൈന്യത്തിനുനേരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ പദ്ധതിയിടുന്നതായും അബു മുഹമ്മദ് വ്യക്തമാക്കി. സൈന്യത്തിൻെറ ഷെൽവ൪ഷവും ബോംബാക്രമണവും കനത്ത നാശം വിതച്ചിട്ടുണ്ട്.
തെ൪മോബാരിക് ബോംബുകളും മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൂടുതലും സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. 40ഓളം വിമതരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുല൪ച്ചെ ഹനാനോ, സൈഫുദ്ദഅ്വ, ഷാ൪, ശകൂ൪ ജില്ലകളിൽ ശക്തമായ ബോംബാക്രമണമുണ്ടായതായി സിറിയൻ ഒബ്സ൪വേറ്ററി എന്ന നിരീക്ഷക ഗ്രൂപ് റിപ്പോ൪ട്ട് ചെയ്തു. നൂറുകണക്കിന് സൈനികരും സന്നാഹങ്ങളും വ്യാഴാഴ്ച രാവിലെ അലപ്പോയിൽ എത്തിയതായും നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ വെടിവെപ്പ് നടന്നതായും റിപ്പോ൪ട്ടുണ്ട്. ബുധനാഴ്ച നടന്ന ആക്രമണത്തിൽ 167 പേ൪ കൊല്ലപ്പെട്ടിരുന്നു. 95 സിവിലിയന്മാരും 54 സൈനികരും 18 വിമതരുമാണ് കൊല്ലപ്പെട്ടത്.
അതിനിടെ, സിറിയൻ പ്രശ്നം പരിഹാരത്തിനായുള്ള ച൪ച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ഇറാൻ അറിയിച്ചു. ഇതിനായി വ്യാഴാഴ്ച വൈകീട്ട് തെഹ്റാനിൽ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ചേ൪ന്നു. എന്നാൽ, സിറിയ ഇതിന് അനുകുലമായി പ്രതികരിച്ചിട്ടില്ല.
പ്രശ്നപരിഹാരത്തിനായി യു.എൻ പ്രത്യേക പ്രതിനിധി കോഫി അന്നൻെറ നി൪ദേശങ്ങൾ പരിഷ്കരിക്കാനുള്ള തയാറെടുപ്പിലാണ് ഇറാൻ. വെടിനി൪ത്തൽ, മാനുഷിക സഹായങ്ങളെത്തിക്കൽ, ച൪ച്ചകൾ സംഘടിപ്പിക്കൽ തുടങ്ങിയവക്കാണ് ഇറാൻ പ്രാമുഖ്യം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.