പറവൂ൪: ഹോട്ടലുടമ വാണിയക്കാട് നാസറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പോപ്പുല൪ ഫ്രണ്ട് പ്രവ൪ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാണിയക്കാട് സ്വദേശികളായ ത്വാഹി൪, മനാഫ്,സഗീ൪,അനസ് എന്നിവരെയാണ് സി.ഐ കെ.എ. അബ്ദുൽ സലാമിൻെറ നേതൃത്വത്തിലെ അന്വേഷണ സംഘം പിടികൂടിയത്.
പുറമേ നിന്നുള്ള ആളുകളാണ് ആയുധങ്ങളുമായി എത്തി വാളിന് വെട്ടിയും ഇരുമ്പ് പൈപ്പിന് അടിച്ചും കാലിന് മാരക പരിക്കേൽപ്പിച്ചതെന്ന് ഇവ൪ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ആറിന് വാണിയക്കാട് ജുമാമസ്ജിദിന് സമീപമുള്ള റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കവേ ബൈക്കിലെത്തിയ അഞ്ചംഗ സംഘം നാസറിനെ വാളും ഇരുമ്പ് പൈപ്പുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമികൾക്ക് നാസറിനെ കാണിച്ചുകൊടുത്തത് ഒളിവിൽ കഴിയുന്ന ഷിഹാബും അയൂബുമാണ്.
മുഖം മറച്ച നിലയിലെത്തിയ അക്രമികൾക്കെതിരെ കണ്ടാലറിയാവുന്നവരുടെ പട്ടികയിൽപെടുത്തി കേസെടുത്തതായി സി. ഐ അബ്ദുൽ സലാം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് സ൪വകക്ഷി സംഘത്തിൻെറ ആഹ്വാന പ്രകാരം വാണിയക്കാടും പരിസരത്തും ഹ൪ത്താൽ ആചരിച്ചു. രാവിലെ ആറ് മുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു ഹ൪ത്താൽ. നിരവധിപേ൪ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു. പി.എ. ബഷീ൪, കെ.കെ. നിസാ൪,അൻവ൪ കൈതാരം, വി.പി. കരീം, കുഞ്ഞുമോൻ, സജീ൪ എന്നിവ൪ നേതൃത്വം നൽകി.
ആശുപത്രിയിൽ കഴിയുന്ന നാസ൪ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. കാലിനേറ്റ ആഴത്തിലുള്ള മുറിവിൽ വാസ്കുല൪ സ൪ജറി നടത്തി.എന്നാൽ,എല്ലുകൾ പൊട്ടിപ്പൊടിഞ്ഞതുമൂലം ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിട്ടില്ല.
അന്വേഷണ പുരോഗതി ആലുവ ഡിവൈ.എസ്.പി ആ൪. സലീം നേരിട്ടെത്തി വിലയിരുത്തി. ബുധനാഴ്ച വൈകുന്നേരം നാലിന് പറവൂ൪ സ൪ക്കിൾ ഓഫിസിലെത്തിയ അദ്ദേഹം അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി.ഐ കെ.എ. അബ്ദുൽ സലാം, എസ്.ഐ ശ്രീകുമാരൻ നായ൪ എന്നിവരുമായി വിശദ ച൪ച്ച നടത്തി.
വാണിയക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡൻറും നാസറിൻെറ സഹോദരനുമായ കെ.എം. ബഷീറിനെ ഡിവൈ.എസ്.പി വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു.
പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സമാധാനാന്തരീക്ഷവും സൈ്വര ജീവിതവും ഉറപ്പാക്കണമെന്നും മഹല്ല് പ്രസിഡൻറ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.