കൊല്ലം: ചികിത്സയിൽ പിഴവു വരുത്തിയ സ്വകാര്യ ആശുപത്രിയും ഡോക്ട൪മാരും 15 ലക്ഷം രൂപ പലിശയും ചെലവും നഷ്ടപരിഹാരമായി നൽകാൻ കൊല്ലം ഉപഭോക്തൃത൪ക്ക പരിഹാരഫോറം വിധിയായി.
കൊല്ലം ബിഷപ് ബെൻസിഗ൪ ആശുപത്രിയാണ് നഷ്ടപരിഹാരത്തുക അടയ്ക്കേണ്ടത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചെസ്റ്റ൪ഫീൽഡ് അൽഫോൺസയെന്ന രോഗിക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2002 ലാണ് അൽഫോൺസക്ക് അപകടമുണ്ടായത്. ഇടത് കാലിന് ഒടിവുണ്ടായതിനെ തുട൪ന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഡോക്ട൪മാ൪ അനസ്തേഷ്യ നൽകി ഓപറേഷന് വിധേയയാക്കി. ഓപറേഷന് ശേഷം അൽഫോൺസ പൂ൪ണ അബോധാവസ്ഥയിലാവുകയായിരുന്നു. രോഗിക്ക് പൾമണറി എംബോളിസം മൂലം ഹൃദയാഘാതമുണ്ടായെന്നും ഇതിനെത്തുട൪ന്ന് തലച്ചോറിന് കേടുപാടുകൾ സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ കാലൊടിഞ്ഞവ൪ക്ക് ഉണ്ടാവാൻ സാധ്യതയുള്ള ഫാറ്റ്/പൾമണറി എംബോളിസം എന്നിവക്ക് യാതൊരു ചികിത്സയോ മുൻകരുതലുകളോ ആശുപത്രി അധികൃത൪ എടുത്തിരുന്നില്ല. മാത്രവുമല്ല തലച്ചോറിന് ക്ഷതം സംഭവിച്ചു എന്ന് ബോധ്യം വന്നിട്ടും ന്യൂറോളജിയുടെ സഹായം നൽകിയില്ലെന്നും ഫോറത്തിന് ബോധ്യപ്പെട്ടു.
ഒടുവിൽ രോഗിയുടെ ബന്ധുക്കൾ നി൪ബന്ധപൂ൪വം ആശുപത്രിയിൽ നിന്ന് ഡിസ്ചാ൪ജ് ചെയ്ത് എറണാകുളത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബോധമില്ലാത്ത അവസ്ഥയിലേക്ക് രോഗി എത്തിച്ചേ൪ന്നത് ആവശ്യമായ ചികിത്സ സമയബന്ധിതമായി നൽകാത്തതിനാലാണെന്ന് ഫോറം കണ്ടെത്തി.
ഫോറംപ്രസിഡൻറ് വസന്തകുമാരി, അംഗങ്ങളായ അഡ്വ. രവിസുഷ, കെ. വിജയകുമാ൪ എന്നിവരാണ് വിധി പ്രഖ്യാപിച്ചത്. ഹരജിക്കാരനുവേണ്ടി അഭിഭാഷകരായ വി. ഹരിപ്രസാദ്, മങ്ങാട് സുനിൽ എന്നിവ൪ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.