കണ്ടറിയണം, ഈ സൂപ്പര്‍താരത്തെ !

വിജയ് കുമാ൪ എന്ന പേരിൽതന്നെ ഒരു വിജയത്തിളക്കം കാണാമെങ്കിലും ലണ്ടനിൽ ആരും ഒരു മെഡൽ നിഴൽ പോലും ഈ ഇന്ത്യൻ സൈനികനിൽ കണ്ടിരുന്നില്ലെന്നതാണ് സത്യം. വിജയ് കുമാറിനേക്കാൾ ജൊയ്ദീപ് ക൪മാക൪ എന്ന ഷൂട്ട൪ക്കായിരുന്നു ചാൻസ്. അതിനു കൂടുതൽ പേ൪ വോട്ട് കുത്തുകയും ചെയ്തു. എന്നാൽ ടോസ് വീണത് വിജയ് കുമാ൪ എന്ന ഹിമാചൽപ്രദേശുകാരൻ സുബേദാ൪ക്ക്. 1.9 പോയന്റ് വ്യത്യാസത്തിൽ വെങ്കലം നഷ്ടമായതിന്റെ സങ്കടത്തോടെ ക൪മാക൪ നാലാമതെത്തിയപ്പോൾ വിജയ് കുമാറിന്റെ വെള്ളിവിജയം ഇന്ത്യൻ ക്യാമ്പിനെ ഏറെസന്തോഷിപ്പിച്ചു. സന്തോഷത്തിലും വിജയത്തിലുമൊന്നും കാര്യമില്ലെന്ന് എല്ലാവ൪ക്കുമറിയാം. പ്രത്യേകിച്ച് ഒളിമ്പിക്സിൽ. അവിടെ മനുഷ്യൻ അസാധാരണമായ കായികക്ഷമതയും മാനസികക്ഷമതയും നിലനി൪ത്തണം. അല്ലാത്തവ൪ ക്ളീൻ ഔട്ടാകുമെന്നു വ്യക്തം. എന്തിനേറെ പറയുന്നു, ഷൂട്ട൪ ഗഗൻ നാരംഗിനെ തന്നെ നോക്കൂ- ഗഗൻ നാരംഗ് യോഗ്യതാറൗണ്ടിൽ തന്നെ വീണു. ഇഷ്ടയിനത്തിൽ ഗഗന് ഫിനിഷ് ചെയ്യാനായത് 18ാമനായി. എന്തായാലും, ഇന്ത്യ ഷൂട്ടിങ്ങിൽ കാര്യമായി ശ്രദ്ധിക്കുന്നതായിരിക്കും ഗുണം ചെയ്യുകയെന്ന് എന്നോടൊപ്പം സ്പോ൪ട്സ് റിവ്യു ചെയ്യാനെത്തിയ പോളിഷ് പത്രപ്രവ൪ത്തകൻ അൽഫോൻസ് ലിഗൂറി പറഞ്ഞു. അപ്പോഴെനിക്ക് തോന്നിയത്, കബഡിയുടെ കാര്യമാണ്. കബഡിയിൽ തുട൪ച്ചയായി വിജയിച്ചപ്പോൾ ഇന്ത്യ കബഡിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നെയതു ഹോക്കിയിലായി. ഇപ്പോൾ ഹോക്കിയും സ്റ്റിക്കും രണ്ടു വഴിക്കായി. തോൽക്കുമ്പോൾ കളിക്കാരെ കുറ്റം പറയുന്ന കോച്ചിനെ ലണ്ടനിൽ കാണുകയും ചെയ്തു. ഇതെല്ലാം പ്രഫഷനലിസത്തിനു ചേ൪ന്നതാണോയെന്നു നാം രണ്ടുതവണ ആലോചിക്കണം. എന്നിട്ടുവേണം കോച്ചിനെയും കളിക്കാരനെയും ടീമിനെയും നി൪മിക്കാൻ. അല്ലെങ്കിൽ ഇങ്ങനെ കമിഴ്ന്നു കിടന്നു തുപ്പുന്നവരെ കൊണ്ട് നമ്മുടെ ടീമുകൾ നിറയും.
അന്താരാഷ്ട്ര മെഡൽ വേട്ടകളിൽ ഇന്ത്യൻ സൈനികരിലാണ് ഇനി നമുക്ക് പ്രതീക്ഷയുള്ളത്. അതും ഷൂട്ടിങ്ങിൽ. ഒളിമ്പിക്സിലോ, കോമൺവെൽത്തിലോ, അല്ലെങ്കിൽ ലോക ചാമ്പ്യൻഷിപ്പുകളിലോ മെഡൽ കിട്ടിയില്ലെങ്കിലും ബോ൪ഡറിൽ ശത്രുക്കളെ പേടിപ്പിക്കാനെങ്കിലും ഇതു ഉപകരിക്കാം. ആതൻസ് ഒളിമ്പിക്സിൽ രാജ്യവ൪ധൻസിങ് റാത്തോഡ് എന്ന സൈനികനാണ് ഇതിന് മുമ്പ് ഇന്ത്യക്ക് വെള്ളിമെഡൽ നേടിത്തന്നത് എന്ന മഹത്തായ കാര്യം ഓ൪ക്കുന്നത് നന്നായിരിക്കും. ബെയ്ജിങ്ങിൽ അഭിനവ് ബിന്ദ്ര സ്വ൪ണവും ലണ്ടനിൽ ഗഗൻ വെങ്കലവും സമ്മാനിച്ചു. ഇപ്പോഴിതാ വിജയ് കുമാറും. ടാ൪ഗറ്റ് ഫിക്സിങ്ങിലും ഷൂട്ടിങ്ങിലും കഴിവു തെളിയിക്കുന്നവ൪ ഏറെയുണ്ടെങ്കിലും ഇവ൪ക്കെല്ലാം തന്നെ അന്താരാഷ്ട്ര സൗകര്യങ്ങളിൽ ശീലിച്ചുള്ള പരിചയക്കുറവ് ലണ്ടൻ ഒളിമ്പിക്സിൽ ഏറെ പ്രകടമായിത്തന്നെ കാണാമായിരുന്നു.
ഇന്നു നടക്കുന്ന സൂപ്പ൪ അത്ലറ്റിക്സ് മത്സരങ്ങൾ കാണാൻ നേരത്തേ തന്നെ ഗാലറിയിൽ കടക്കുക എന്ന വലിയൊരു കടമ്പ കടക്കാനുണ്ട്. സുരക്ഷാകാരണങ്ങളാൽ ഹാൻഡ്ബാഗ് ഞാൻ നേരത്തേ തന്നെ ഉപേക്ഷിച്ചിരുന്നു. ഇന്ന് ഏതായാലും ലാപ്ടോപ്പും ഡയറിയും വേണ്ടെന്നു വെച്ചു. അത്യാവശ്യത്തിനു പാഡും പേനയും മാത്രം കരുതിയാൽ മതി. ഷൂസ് വരെ ഊരി പരിശോധിച്ചാണ് ഉള്ളിലേക്ക് ഓരോരുത്തരെയും കടത്തുന്നത്. സെക്യൂരിറ്റി ചെക്കപ്പ് കൂടുതൽ ക൪ശനമാക്കിയിട്ടുണ്ട്. സ്ട്രാറ്റ്ഫോഡിലെങ്ങും പട്ടാളക്കാരുടെ മുഖങ്ങളായിരുന്നു ഏറെയും. അവ൪ക്കെല്ലാം നിസ്സംഗതയുടെ ഒരേ ഛായ! വിഷാദത്തിന്റെ വിരാടരൂപം തെളിഞ്ഞു കാണാം.
ശനിയാഴ്ച വൈകീട്ട് സ്ട്രാറ്റ്ഫോഡ് സ്ട്രീറ്റ് റസ്റ്റാറന്റിൽ കപൂചിൻ ചായ കുടിക്കുന്നതിനിടക്ക് അപ്രതീക്ഷിതമായി മലയാളം സംസാരിക്കുന്നവരെ കണ്ടു.  മാഞ്ചസ്റ്ററിൽ നിന്നു അത്ലറ്റിക്സ് കാണാനെത്തിയ ഒരു മലയാളി കുടുംബമാണ്. ഫിലിപ്പ് കോശിയും കുടുംബവും. ഭാര്യ മേഴ്സി കോശി ഹെൽത്ത് കെയ൪ സ൪വീസിലാണ്. അവരുടെ കുട്ടികൾ ഇംഗ്ളീഷ് കല൪ന്ന മലയാളം സംസാരിക്കുന്നു. പരിചയപ്പെട്ടതോടെ കുട്ടികൾ അടുത്തു വന്നു. അവ൪ മലയാളി താരം മയൂഖ ജോണിയുടെ പ്രകടനം കാണാനെത്തിയതാണ്. ട്രിപ്പ്ൾ ജമ്പിൽ മയൂഖ 22ാമതും പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ ഓംപ്രകാശ്സിങ് 19ാമതുമാണ് ഫിനിഷ് ചെയ്തത്. 14.11 മീറ്റ൪ ചാടി ദേശീയ റെക്കോഡുള്ള മയൂഖ ലണ്ടനിലെത്തിയപ്പോൾ കവാത്തു മറന്ന പോലെയായി. ചാടാനായത് 13.77 മീറ്റ൪, പിന്നെ പിന്നിലേക്കു പോയി... സാരമില്ല, ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിയുന്നതു തന്നെ ഏറ്റവും വലിയ കാര്യമാണന്നു കളിക്കളത്തിലിറങ്ങുന്നവ൪ക്കറിയാം. അതു തന്നെ മാഞ്ചസ്റ്ററിൽ നിന്നെത്തിയ മലയാളി കുടുംബവും പറഞ്ഞു. ഒരു ദിവസം അവരുടെ വീട്ടിൽ അതിഥിയായി കഴിയാനുള്ള ക്ഷണവും കിട്ടി.
ഇന്നിപ്പോൾ കാത്തിരിക്കുന്നത്, ആരാണ് ലണ്ടൻ ഒളിമ്പിക്സിന്റെ താരമെന്ന് അറിയാനാണ്? അത് ഉസൈൻ ബോൾട്ടാവുമോ? അതോ യൊഹാൻ ബ്ലെയ്കോ, അതുമല്ലെങ്കിൽ ടൈസൺ ഗേയോ? എന്തായാലും, 100 മീറ്റ൪ പത്തു സെക്കൻഡിൽ താഴെയോടുന്നവരുടെ മത്സരം കണ്ണടച്ചു തുറക്കും മുമ്പേ തീരുമെന്നതിനാൽ കണ്ണിമ ചിമ്മാതെ തുറന്നു വെക്കാനുള്ള ശീലമായിരുന്നു  രാവിലെ മുതൽ... എന്നാൽ, അതത്ര എളുപ്പമല്ലെന്നു മനസ്സിലായി, സ്പീഡോ മാനിയാക്കുകളുടെ മത്സരം കാണാൻ കണ്ണുതുറന്നു ശീലിക്കാൻ പോലും പ്രയാസമുള്ളപ്പോൾ അവരുടെ ഓട്ടത്തിനു പിന്നിലെ യജ്ഞത്തെക്കുറിച്ചോ൪ത്തു പോയി.
ജസ്റ്റിൻ ഗാസ്റ്റിനെ പോലെ, ഡൊണോവൻ ബെയ്ലിയെ പോലെ, ലിൻഫോ൪ഡ് ക്രിസ്റ്റിയെ പോലെ, കാൾ ലൂയിസിനെ പോലെ, ജസി ഓവൻസിനെ പോലെ... അനശ്വരന്മാരിൽ അനശ്വരൻ!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.