ആധാര്‍: ഉടന്‍ രജിസ്റ്റര്‍ ചെയ്യണം

കൊല്ലം: റേഷൻ, എൽ.പി.ജി, വിവിധ സബ്സിഡികൾ തുടങ്ങിയവക്കുള്ള അടിസ്ഥാനരേഖയായി ആധാ൪ മാറുന്ന സാഹചര്യത്തിൽ ഇതുവരെ രജിസ്റ്റ൪ ചെയ്യാത്തവ൪ ഉടൻ ചെയ്യണമെന്ന് ജില്ലാ കോഓഡിനേറ്റ൪ അറിയിച്ചു. ജില്ലയിൽ ടി.എം. വ൪ഗീസ് മെമ്മോറിയൽ ലൈബ്രറി ഹാൾ, കാവനാട് കമ്യൂണിറ്റി ഹാൾ, മങ്ങാട് ഗവ. ഹൈസ്കൂൾ, പള്ളിത്തോട്ടം എഫ്.സി.ഡി.പി, പേരയം എൻ.എസ്.എസ് കരയോഗമന്ദിരം എന്നിവിടങ്ങളിലാണ് സെൻററുകൾ.
ആധാ൪ എൻറോൾമെൻറിന് ഫോട്ടോ പതിച്ച സ൪ക്കാ൪ അംഗീകൃത തിരിച്ചറിയൽരേഖ പക൪പ്പ് സഹിതം കൊണ്ടുവരണം. ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയിലെ വിലാസവും ആധാ൪ നമ്പ൪ തപാലിൽ വരേണ്ട വിലാസവും ഒന്നുതന്നെയാണെങ്കിൽ അപേക്ഷാ ഫോമിനൊപ്പം ആ രേഖ മാത്രം മതി. വിലാസത്തിന് വ്യത്യാസമുള്ളവ൪ തെളിയിക്കാൻതക്ക രേഖ -സ്വന്തം പേര് ചേ൪ത്ത റേഷൻ കാ൪ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയുടെ അസ്സലുകളും പക൪പ്പുകളും ഹാജരാക്കണം.
മേൽവിലാസം തെളിയിക്കുന്ന രേഖകളില്ലാത്തവ൪ പഴയവിലാസത്തിലെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖയും അതിൻെറ പക൪പ്പും ഒപ്പം അതാത് ഡിവിഷൻ കൗൺസില൪, പഞ്ചായത്തംഗത്തിൻെറ പക്കൽനിന്ന് വിലാസത്തിലെ താമസക്കാരനാണെന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവ൪ ഗ്രേഡ് എ തലത്തിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്മാരുടെ ലെറ്റ൪ ഹെഡിൽ ഫോട്ടോപതിച്ച് വിലാസം ഉൾപ്പെടുത്തിയ സാക്ഷ്യപത്രം ഹാജരാക്കണം. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾ നിലവിലെ വിലാസത്തിലെ റേഷൻ കാ൪ഡിൽ പേര് ചേ൪ത്തവരും സ്കൂളിലെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാ൪ഡ് ഉള്ളവരുമാണെങ്കിൽ ഇവയുടെ അസ്സലുകളും പക൪പ്പുമായി എത്തണം. ഇവയിലേതെങ്കിലും ഒന്ന് ഇല്ലാത്തവ൪ കുട്ടിയുടെ പാസ്പോ൪ട്ട്സൈസ് ഫോട്ടോ പതിച്ച് സ്കൂൾ ലെറ്റ൪ഹെഡിൽ വിലാസത്തിലുള്ള കുട്ടി ഈ സ്കൂളിലെ വിദ്യാ൪ഥിയാണെന്ന് സ്ഥാപിച്ച് പ്രിൻസിപ്പലുടെ ഒപ്പും സീലും അടങ്ങിയ കത്തും ഹാജരാക്കണം. പത്താംക്ളാസ് കഴിഞ്ഞ കുട്ടികൾക്ക് ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി സ൪ട്ടിഫിക്കറ്റ്, അതിൻെറ പക൪പ്പ് സഹിതം വിലാസം കൃത്യമാണെങ്കിൽ ഹാജരാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.