ബൈക്ക് യാത്രികര്‍ മരിച്ച സംഭവം: വാഹനം കണ്ടെത്താനായില്ല

പീരുമേട്: കുട്ടിക്കാനത്ത് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രിക൪ മരിച്ച സംഭവത്തിൽ ഒരുമാസം പിന്നിട്ടിട്ടും വാഹനം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ജൂൺ മൂന്നിന് ഉച്ചക്ക് 1.30 നാണ് ദേശീയപാത 220 ൽ വളഞ്ചാങ്കാനത്തിന് സമീപം അപകടമുണ്ടായത്.
പൊൻകുന്നം വാഴൂ൪ സ്വദേശി പ്രിൻസ് ബാബു, പാമ്പാടി വെള്ളൂ൪ സ്വദേശിനി അനുശ്രീ എന്നിവരാണ് മരിച്ചത്. വിജനമായ സ്ഥലത്ത് റോഡിൽ കിടന്ന ഇവരെ പിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രിൻസ് ബാബു സംഭവ സ്ഥലത്തും അനുശ്രീ ആശുപത്രിയിൽ കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. വാഹനം കയറിയാണ് ഇവ൪ മരിച്ചതെന്ന് രക്ഷാപ്രവ൪ത്തനം നടത്തിയവ൪ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ, ബൈക്ക് തെന്നിവീണ് മരിച്ചതാണെന്ന നിഗമനത്തിൽ ഉടൻ തന്നെ വാഹനങ്ങൾ പരിശോധിക്കാൻ പൊലീസ് തയാറായില്ല. പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് വാഹന പരിശോധന നടന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോ൪ട്ടത്തിലും പിക്കപ്പ് വാൻ പോലുള്ള ചെറിയ വാഹനങ്ങൾ ശരീരത്തിൽ കയറിയാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിരുന്നു. പ്രിൻസ് ബാബുവിൻെറ തല തകരുകയും അനുശ്രീയുടെ വയ൪ അട൪ന്ന് മാറിയ നിലയിലുമായിരുന്നു. ചെറിയ വാഹനത്തിൻെറ ടയ൪ കയറിയതായും പോസ്റ്റ്മോ൪ട്ടത്തിൽ കണ്ടെത്തി.
പൊലീസിൻെറ സയൻറിഫിക് വിഭാഗവും മോട്ടോ൪ വാഹന വകുപ്പും ബൈക്കും അപകട സ്ഥലവും പരിശോധിച്ചതിൽ ബൈക്കിൽ മറ്റ് വാഹനങ്ങൾ ഇടിച്ചതായി കണ്ടെത്തിയില്ല. എന്നാൽ, ബൈക്ക് റോഡിൽ തെന്നി വീഴുകയും ഇടതുവശത്തെ ഫുട്റെസ്റ്റ്, ക്ളച്ച് ലിവ൪ തുടങ്ങിയ ഭാഗങ്ങൾ എന്നിവ റോഡിൽ ഉരഞ്ഞതായും കണ്ടെത്തി. തെന്നിവീണ യാത്രികരുടെ മേൽ പിന്നാലെയോ എതിരെയോ വന്ന വാഹനം കയറിയതാണെന്നാണ് മോട്ടോ൪ വാഹന വകുപ്പ്, പൊലീസ് അധികൃതരുടെ നിഗമനം. അപകടത്തെ തുട൪ന്ന് 500 ൽപരം വാഹനങ്ങൾ പരിശോധിക്കുകയും ഈ സമയത്ത് കുട്ടിക്കാനം, മുറിഞ്ഞപുഴ മേഖലകളിൽ മൊബൈൽ ഫോണിൽ സംസാരിച്ചവരുടെ വിവരങ്ങളും സൈബ൪ സെൽ മുഖേന പൊലീസ് ശേഖരിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഒരുമാസം പിന്നിട്ടിട്ടും അജ്ഞാത വാഹനം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.