സ്റ്റേഡിയം നിര്‍മാണത്തിന് പാടം നികത്തല്‍: അനുമതി നിഷേധിച്ചു

തൊടുപുഴ: ക്രിക്കറ്റ് സ്റ്റേഡിയം നി൪മിക്കാൻ നെൽവയൽ നികത്തുന്നതിന് സ൪ക്കാ൪ അനുമതി നിഷേധിച്ചു. മണക്കാട് ചിറ്റൂരിൽ രണ്ടേക്ക൪ വയൽ നികത്തുന്നതിനാണ് അനുമതി നിഷേധിച്ചത്. അനുമതി കൂടാതെ നികത്തിയ വയൽ പൂ൪വ സ്ഥിതിയിലാക്കാനും നി൪ദേശിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനാണ് ചിറ്റൂരിൽ സ്റ്റേഡിയം നി൪മിക്കുന്നത്. നെൽവയൽ-തണ്ണീ൪ത്തട സംരക്ഷണ നിയമപ്രകാരമുള്ള പൊതു ആവശ്യം എന്ന നി൪വചനത്തിൻെറ പരിധിയിൽ സ്റ്റേഡിയം ഉൾപ്പെടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച സംസ്ഥാനതല സമിതി റിപ്പോ൪ട്ട്. ഈ സാഹചര്യത്തിൽ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും സ്റ്റേഡിയം പണിയാൻ മറ്റൊരു കര ഭൂമി കണ്ടെത്താനും സ൪ക്കാറിന് റിപ്പോ൪ട്ട് നൽകി. ഇതേ തുട൪ന്നാണ് അനുമതി നിഷേധിച്ചത്.
2010 ൽ ഒമ്പതരയേക്ക൪ ഭൂമിയാണ് സ്റ്റേഡിയം നി൪മിക്കാനായി വാങ്ങിയത്. പിന്നീട് ഇതിനടുത്ത് ഒരേക്ക൪ കൂടി വാങ്ങിയിരുന്നു. ഇതോടനുബന്ധിച്ചുള്ള 2.36 ഏക്ക൪ നിലം സ്റ്റേഡിയം പണിക്കായി നികത്താൻ കൃഷി ഓഫിസ൪ കൺവീനറായ പ്രാദേശിക വികസന സമിതിക്ക് കെ.സി.എ അപേക്ഷ നൽകി. പൊതു ആവശ്യത്തിന് നികത്തുന്നതിനാൽ അപേക്ഷ ജില്ലാ സമിതിക്ക് കൈമാറി. പിന്നീടത് സംസ്ഥാന സമിതിയുടെ പരിഗണനയിലുമെത്തി. കഴിഞ്ഞ ജൂൺ 28 ന് ചേ൪ന്ന സംസ്ഥാന സമിതി കെ.സി.എയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് ശിപാ൪ശ ചെയ്തു.
നി൪ദിഷ്ട സ്റ്റേഡിയത്തിനും ചെറു റോഡിനുമിടക്കുള്ള രണ്ടേക്ക൪ വയൽ നികത്താൻ അനുമതിയില്ലായിരുന്നു. എന്നാൽ, അനുമതിയില്ലാതെ രണ്ടരയേക്കറോളം നിലം നികത്തിയത് മണ്ണെടുത്ത് മാറ്റി പൂ൪വ സ്ഥിതിയിലാക്കാനാണ് സ൪ക്കാ൪ നി൪ദേശം. നിലവിൽ പാടത്തിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതായി മണക്കാട് പഞ്ചായത്ത് അധികൃത൪ പറഞ്ഞു. അടുത്ത ദിവസം പ്രാദേശിക വികസന സമിതി ചേ൪ന്ന് ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.