പ്രതിഷേധം കൊടുങ്കാറ്റായി; വിളപ്പില്‍ നിവാസികള്‍ സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ചു

തിരുവനന്തപുരം: വിളപ്പിൽശാല ചവ൪ സംസ്കരണ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി വിളപ്പിൽനിവാസികൾ സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരങ്ങൾ പ്രതിഷേധവുമായി അണിനിരന്നതോടെ ഭരണസിരാകേന്ദ്രവും പരിസരവും വീ൪പ്പുമുട്ടി.
വിളപ്പിൽശാല മാലിന്യസംസ്കരണ കേന്ദ്രത്തിൽ പ്രവ൪ത്തിക്കുന്ന ലീച്ചേറ്റ് ട്രീറ്റ്മെൻറ് പ്ളാൻറിലേക്ക് യന്ത്രം എത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി വിധിച്ചിരുന്നു. തുട൪നടപടിയെടുക്കാനുള്ള സ൪ക്കാ൪ നീക്കത്തിനെതിരെയാണ്  സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ  ബഹുജന പ്രതിഷേധം സംഘടിപ്പിച്ചത്.
സംയുക്ത സമരസമിതി രക്ഷാധികാരി കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് ശോഭനകുമാരിയുടെ നേതൃത്വത്തിയായിരുന്നു പ്രതിഷേധം. രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച മാ൪ച്ചിൽ കോ൪പറേഷനെതിരെ മുദ്രാവാക്യങ്ങളുയ൪ന്നു.
 ഫാക്ടറി പൂട്ടുമെന്ന് ഡിസംബറിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ബാനറുകളും പ്ളക്കാ൪ഡുകളുമേന്തി കുട്ടികളടക്കം സമരത്തിൽ പങ്കെടുത്തു.
ഡെപ്യൂട്ടി സ്പീക്ക൪ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. ഒരുലോഡ് ചവറുപോലും വിളപ്പിൽശാലയുടെ മണ്ണിൽ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിളപ്പിൽശാലയിൽ ഗുരുതര സ്ഥിതിവിശേഷമില്ലാത്തതിനാൽ യന്ത്രം കൊണ്ടുവരേണ്ട കാര്യം ഇപ്പോഴില്ല. ഹൈകോടതി വിധി മാനിച്ചുകൊണ്ടുതന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരും. ഇപ്പോഴുണ്ടായ എല്ലാ നീക്കത്തിന് പിന്നിലും നഗരസഭയുടെ ഗൂഢാലോചന വ്യക്തമാണ്. ഹൈകോടതിയെ നഗരസഭ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, സ൪ക്കാ൪ നിലപാട് വിളപ്പിൽശാലക്കാ൪ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ശോഭനകുമാരി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് രാജ്, നേമം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. മണികണ്ഠൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ചെറുകോട് മുരുകൻ, ജില്ലാ പഞ്ചായത്തംഗം എം.ആ൪. ബൈജു, വിളപ്പിൽ രാധാകൃഷ്ണപിള്ള, മുക്കംപാലമൂട് ബിജു തുടങ്ങിയവ൪ പങ്കെടുത്തു.
സമരത്തിനുശേഷം ശോഭനകുമാരിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മാലിന്യം വിളപ്പിൽശാലയിലേക്ക് കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
എന്നാൽ ഹൈകോടതി വിധി നടപ്പാക്കാൻ സ൪ക്കാ൪ ബാധ്യസ്ഥമാണ്. കഴിവിൻെറ പരമാവധി സ൪ക്കാറിൻെറ സഹകരണം ഇക്കാര്യത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.