പീരുമേട്: ദേശീയപാത 220 ൽ കുമളി-പെരുവന്താനം റൂട്ടിൽ സ്വകാര്യ ഫാസ്റ്റുകളിൽ വിദ്യാ൪ഥികൾക്ക് കൺസെഷൻ നൽകാൻ ധാരണ.
ഇ.എസ്. ബിജിമോൾ എം.എൽ.എ വിളിച്ചുചേ൪ത്ത ബസ് ഉടമകൾ, ജനപ്രതിനിധികൾ, പൊലീസ്, ആ൪.ടി.എ, കെ.എസ്.ആ൪.ടി.സി പ്രതിനിധികളുടെ യോഗത്തിലാണ് ധാരണയായത്. ഈമാസം 14 വരെ വിദ്യാ൪ഥികൾക്ക് കൺസെഷൻ നൽകും. അതിനുമുമ്പ് പ്രശ്നത്തിൽ സ൪ക്കാറിൽ നിന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സ്കൂൾ സമയത്ത് സ്റ്റുഡൻറ്സ് ഒൺലി ബസുകൾ ഓടിക്കണമെന്ന ബസ് ഉടമകളുടെ വാദം യോഗത്തിൽ ബഹളത്തിന് കാരണമായി.
കുമളിയിൽ നിന്നും കോട്ടയം റൂട്ടിൽ 20 മിനിറ്റ് ഇടവിട്ടാണ് ഓ൪ഡിനറി സ൪വീസുകളുള്ളത്. കൂടുതൽ ബസ് അനുവദിച്ച് 10 മിനിറ്റ് ഇടവിട്ട് സ൪വീസ് ആരംഭിക്കുകയാണെങ്കിൽ കൂടുതൽ വിദ്യാ൪ഥികൾക്ക് കൺസെഷൻ നൽകാൻ സാധിക്കുമെന്ന് കെ.എസ്.ആ൪.ടി.സി അധികൃത൪ അറിയിച്ചു. സ്കൂൾ സമയത്തെ സ്വകാര്യ ബസുകൾ കൂട്ടത്തോടെ ഫാസ്റ്റായതിനാൽ വിദ്യാ൪ഥികളും യാത്രക്കാരും ദുരിതത്തിലാണെന്നും യാത്ര ചെയ്യാൻ സൗകര്യമില്ലാതെ ക്ളേശിക്കുന്നതിനാൽ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും ജനപ്രതിനിധികൾ യോഗത്തെ അറിയിച്ചു. ബസ് സൗകര്യമില്ലാത്തതിനാൽ വൈകുന്നേരം ഏഴുവരെ പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാ൪ഥികൾ ബസ്സ്റ്റോപ്പുകളിൽ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥ൪ യോഗത്തെ അറിയിച്ചു.
തഹസിൽദാ൪ ഷാനവാസ് ഖാൻ, ആ൪.ടി.ഒ സാജൻ, കെ.എസ്.ആ൪.ടി.സി എ.ടി.ഒ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.