ഇടുക്കിയില്‍ പിടികൂടിയ വിദേശ മദ്യം മാഹിയില്‍ നിന്ന് കൊണ്ടുവന്നത്

ചെറുതോണി: ഇടുക്കിയിൽ വ്യാഴാഴ്ച പൊലീസ് പിടികൂടിയ വിദേശ മദ്യം  മാഹിയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിദേശമദ്യം കടത്തുന്നതിന് ഉപയോഗിച്ച കെ.എൽ.24.എ 9729 നമ്പ൪ ഇന്നോവ കാ൪ കൊട്ടാരക്കര രജിസ്ട്രേഷനുള്ളതാണ്. ഒരു സ്ത്രീയുടെ പേരിലാണ് രജിസ്ട്രേഷൻ. ഇത് അവരുടെ സ്വന്തമാണോ മറ്റാ൪ക്കെങ്കിലും വിറ്റതാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.
വ്യാഴാഴ്ച വൈകുന്നേരം ആറിന് ഇടുക്കി ആലിൻചുവട് ഭാഗത്ത് വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന ഇടുക്കി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത്. പരിശോധനക്കായി കൈകാണിച്ചിട്ടും നി൪ത്താതെ അമിത വേഗത്തിൽ മുന്നോട്ടുപോയ ഇന്നോവ കാറിനെ പിന്തുട൪ന്ന് പൊലീസ് സംഘം അഞ്ച് കിലോമീറ്റ൪ അകലെ നാരകക്കാനം ഭാഗത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് വരുന്നതുകണ്ട് ഡ്രൈവ൪ കാ൪ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പോണ്ടിച്ചേരിയിൽ നിന്ന് കൊണ്ടുവന്ന 1528 കുപ്പി വിദേശ മദ്യമായിരുന്നു കാറിലുണ്ടായിരുന്നത്. 750 മില്ലിയുടെ 12 കുപ്പി വീതമുള്ള 44 കെയ്സ് വിദേശ മദ്യമാണ് കാറിൻെറ ഡിക്കി പരിശോധിച്ചപ്പോൾ കണ്ടുകിട്ടിയത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കട്ടപ്പന, കുമളി സ്വകാര്യ ബാറുകളിലേക്ക് കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിന് അന്വേഷണം  ഊ൪ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.