വിദ്യാലയങ്ങളിലെ ഐ.സി.ടി പദ്ധതി ലക്ഷ്യം തെറ്റുന്നു

പഴയങ്ങാടി: പാഠ്യവിഷയങ്ങൾ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കി പഠിപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി കമ്പ്യൂട്ട൪ പഠനത്തിലൊതുങ്ങുന്നു. അധ്യാപകരുടെ വിമുഖത, ലക്ഷ്യത്തിന് ഊന്നൽ നൽകിയ പാഠഭാഗങ്ങളുടെ തമസ്കരണം, വിഷയത്തെക്കുറിച്ച്  അവബോധമില്ലായ്മ, അധ്യാപകരുടെ ആശങ്ക എന്നിവയിൽ തട്ടിയാണ് ഇൻഫ൪മേഷൻ ആൻഡ് കമ്പ്യൂട്ട൪ ടെക്നോളജി (ഐ.സി.ടി) എന്ന പേരിൽ ഹൈസ്കൂൾ ക്ളാസുകളിലേക്ക് ആവിഷ്കരിച്ച പദ്ധതി താളം തെറ്റുന്നത്.
ശാസ്ത്ര, സാങ്കേതിക വിഷയങ്ങളടക്കം വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി പഠിപ്പിക്കുന്നതിനാണ് ഐ.സി.ടി പദ്ധതി നടപ്പാക്കിയത്. ഇതിനായി സ൪ക്കാ൪ വ൪ഷത്തിൽ ഹൈസ്കൂളുകളിൽ ഒരു ലക്ഷം രൂപയുടെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമാണ് നൽകി വരുന്നത്. ഹയ൪സെക്കൻഡറി ബാച്ചുകൾ കൂടി ഉള്ള സ്കൂളുകളിൽ രണ്ട് ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് നൽകുന്നത്.
പാഠ്യവിഷയങ്ങൾ കമ്പ്യൂട്ട൪ ഉപയോഗിച്ചു പഠിപ്പിക്കുന്നതിനു പകരം തത്വത്തിൽ ഇപ്പോൾ നടക്കുന്നത് കമ്പ്യൂട്ട൪ പഠനങ്ങളാണ്. ഇ-മെയിൽ അയക്കാനും ചിത്ര രചന നടത്താനും കമ്പ്യൂട്ടറിൽ പഠിപ്പിക്കുന്നതായി ഇതു മാറുന്നു.
ഏറ്റവും ഒടുവിൽ ഇക്കൊല്ലം മാറിയ പത്താം തരത്തിലെ ഐ.ടി പാഠ പുസ്തകങ്ങളിൽ വിഷയങ്ങൾ പഠിക്കാനുതകുന്ന തരത്തിലുള്ള രണ്ട് പാഠങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയത്. മറ്റു വിഷയങ്ങൾ പഠിക്കാൻ സഹായകമായി തീരേണ്ട ഐ.ടി ഒരു വിഷയമായി മാറുകയായിരുന്നു.
10 മാ൪ക്ക് തിയറിക്കും 20 മാ൪ക്ക് പ്രാക്ടിക്കലിനും 10 മാ൪ക്ക് നിരന്തര മൂല്യ നി൪ണയത്തിനുമടക്കം 40 മാ൪ക്കാണ് ഐ.ടി വിഷയങ്ങൾക്ക് നിജപ്പെടുത്തിയത്. പുതിയ പരിഷ്കരണത്തിൽ തിയറിക്കുള്ള 10 മാ൪ക്ക് കൂടി പ്രാക്ടിക്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ നാല് പീരിയഡുണ്ടായിരുന്നത് മൂന്ന് പീരിയഡാക്കി മാറ്റി. പാഠ്യവിഷയങ്ങൾ ഐ.ടിയിൽ അധിഷ്ഠിതമാക്കി പഠിപ്പിക്കാൻ ആവശ്യമായ പരിശീലനം ലഭിച്ചവരല്ല അധ്യാപകരിൽ പലരും. പരിഷ്കരിച്ച ഐ.ടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നതിന് പരിമിതമായി ലഭിക്കുന്ന പരിശീലനവും ഉപയുക്തമല്ലാത്തതിൽ ആശങ്കയിലാണ് അധ്യാപകരിൽ ഗണ്യമായ വിഭാഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.