1942ലെ ക്വിറ്റ് ഇന്ത്യ സമരകാലം. പശ്ചിമ ബംഗാളിലെ ബി൪ഭൂം ജില്ലയിൽ മിറാത്തി ഗ്രാമത്തിലെ കമദ കിങ്ക൪ മുഖ൪ജി ബ്രിട്ടീഷ് പൊലീസ് നിരീക്ഷണത്തിലാണ്. ഏതു നിമിഷവും അറസ്റ്റുണ്ടാവുമെന്ന അവസ്ഥ. ദേഹപരിശോധന നടത്തിയല്ലാതെ വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് അദ്ദേഹം മക്കൾക്ക് നി൪ദേശം നൽകിയിരുന്നു. കൃത്രിമ തെളിവുകൾ സൃഷ്ടിക്കാൻ പൊലീസ് തന്നെ വീട്ടിൽ പലതും നിക്ഷേപിക്കും എന്ന കാരണത്താലായിരുന്നു അത്. ദേഹപരിശോധന നടത്താൻ നിയോഗിക്കപ്പെട്ടത് ഏഴു വയസ്സുകാരൻ മകനും. പ്രതീക്ഷിച്ചപോലെ ഒരു ബ്രിട്ടീഷ് പൊലീസ് ഓഫിസ൪, രണ്ട് കോൺസ്റ്റബ്ൾമാരൊപ്പം വീട്ടിലെത്തി. അവരെ തടഞ്ഞ മകൻ, ദേഹപരിശോധന നടത്താതെ വീട്ടിൽ പ്രവേശിക്കാനാവില്ലെന്ന് വ്യക്തമാക്കി. മകൻെറ ധീരത കണ്ട ആ ബ്രിട്ടീഷ് ഓഫിസ൪ പിന്നെ ആ ഏഴു വയസ്സുകാരന് വഴങ്ങിക്കൊടുത്തു. റെയ്ഡ് പൂ൪ത്തിയാക്കി തിരിച്ചുപോകാനൊരുങ്ങിയ പൊലീസുകാരോട്, ഭക്ഷണം കഴിച്ചിട്ടല്ലാതെ അവരെ പറഞ്ഞയക്കരുതെന്ന് പിതാവ് പ്രത്യേകം നി൪ദേശിച്ചതായി പ്രണബ് അറിയിച്ചു. ഒടുവിൽ, ഉച്ച ഭക്ഷണവും കഴിഞ്ഞാണ് അവ൪ മടങ്ങിയത്. ആ ഏഴു വയസ്സുകാരനാണ് റെയ്സിന കുന്നിലെ കൊട്ടാരമേറാനൊരുങ്ങുന്ന ഇന്നത്തെ പ്രണബ്കുമാ൪ മുഖ൪ജി.
കുഞ്ഞനിയനെപ്പറ്റി ഇതുപോലുള്ള നിരവധി ഓ൪മകളുണ്ട് മൂത്ത സഹോദരി അന്നപൂ൪ണക്ക്. എങ്കിലും വിവാഹം കഴിഞ്ഞ് ഭ൪ത്താവിനൊപ്പം പോകാനൊരുങ്ങുന്ന തൻെറ പിറകിൽ കരഞ്ഞുകൊണ്ടുനിന്ന പ്രണബിനെ ഓ൪ക്കാനാണ് അന്നപൂ൪ണ ഇഷ്ടപ്പെടുന്നത്. ന്യൂദൽഹിയിലെ തിരക്കേറിയ ദിവസങ്ങൾക്കിടയിലും, മിറാത്തിക്കടുത്ത കി൪നാഹാറിലെ സഹോദരിയെത്തേടി പ്രണബിൻെറ ഫോൺ എത്തും.
മിറാത്തി ഗ്രാമത്തിലെ ധനപതി ചൗധരിയുടെ ഓ൪മകളിൽ പ്രഥമപൗരനെക്കുറിച്ചുള്ള ഓ൪മകൾ മറ്റൊരു ട്രബ്ൾ ഷൂട്ടറുടേതാണ്. പ്രണബിൻെറ അയൽവാസിയാണ് ഇയാൾ. തൻെറ മകൻ ഭാവിയിൽ ഒരു ശാസ്ത്രജ്ഞനായി തീരുമെന്ന് പ്രണബിൻെറ മാതാവ് രാജലക്ഷ്മി മുഖ൪ജി എല്ലായ്പ്പോഴും പറയുമായിരുന്നത്രെ. പഠനത്തിൽ പ്രണബ് പുല൪ത്തിയ അതീവ ജാഗ്രതയും നിരന്തര വായനയും കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ നിരീക്ഷിക്കുന്നതിലുള്ള കഴിവുമൊക്കെയായിരിക്കാം ആ വീട്ടമ്മക്ക് അങ്ങനെ തോന്നാൻ കാരണം. ചൗധരിക്ക് അനുഭവപ്പെട്ടത് മറ്റൊരു രീതിയിലായിരുന്നു. ഏതൊരു പ്രശ്നത്തിനും ഞൊടിയിടയിൽ പരിഹാരം കാണാനുള്ള കഴിവായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ‘ഒരു ശാസ്ത്രജ്ഞനൊന്നുമല്ലെങ്കിലും അദ്ദേഹം രാജ്യത്ത് അറിയപ്പെടുന്നവനാകുമെന്ന് അന്നേ തോന്നിയിരുന്നു. ‘പോൽതു ദാ’യുടെ (പ്രണബിൻെറ വിളിപ്പേര്) സംസാരരീതിയും മറ്റും അങ്ങനെയായിരുന്നു’. -ചൗധരി പറയുന്നു.
1940കൾ. മിറാത്തി ഗ്രാമത്തിലെ കായിക,സാംസ്കാരിക പ്രവ൪ത്തനങ്ങളുടെ കേന്ദ്രം പ്രണബിൻെറ കൊച്ചുവീടായിരുന്നു. പ്രണബിൻെറ പിതാവ് കമദ കിങ്ക൪ മുഖ൪ജി എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ സാന്നിധ്യമാണ് അതിനെ വീടിനപ്പുറം ഒരു സാംസ്കാരിക നിലയമാക്കിയത്. ബ്രിട്ടീഷുകാ൪ക്കെതിരെ സമരം നയിച്ചതിൻെറ പേരിൽ പലപ്പോഴായി കിങ്ക൪ മുഖ൪ജി പത്തുവ൪ഷം ജയിൽവാസം അനുഭവിച്ചിരുന്നു. പ്രണബ് അന്നേ നന്നായി പ്രസംഗിക്കുമായിരുന്നു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മറ്റും കുഞ്ഞുപ്രണബ് പിതാവിനോട് ച൪ച്ചചെയ്യുന്നതിൻെറ നേരിയ ഓ൪മകൾ ഇപ്പോഴും ചൗധരിക്കുണ്ട്. ബി൪ഭൂം ജില്ലയിലെ ആദ്യ ലൈബ്രറിയായ മിറാത്തി കിഷോ൪ സമിതിയുടെ സ്ഥാപകൻ കൂടിയായിരുന്നു പ്രണബ്. പ്രണബ് ആദ്യമായി ധനകാര്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് 1982ലാണ്. സത്യപ്രതിജ്ഞക്കുശേഷം പിതാവിനെ കാണാൻ അദ്ദേഹം മിറാത്തിയിലെത്തി. ‘നിനക്ക് ഈ ജോലിയെക്കുറിച്ച് വല്ല ധാരണയുമുണ്ടോ?’ പിതാവിൻെറ ചോദ്യം. ‘ഇല്ല, പക്ഷേ, ഞാനത് പഠിക്കും. എനിക്കറിയാം, അമ്മ എങ്ങനെയാണ് വീട്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന്.’ -പ്രണബിൻെറ മറുപടി ഇങ്ങനെയായിരുന്നു. ചെറുപ്പം മുതലേ, സംസാരത്തിലും പെരുമാറ്റത്തിലും പ്രണബ് ഈ വ്യത്യസ്തത വെച്ചുപുല൪ത്തി. അന്നപൂ൪ണയോടൊപ്പം താമസിച്ചാണ് പ്രണബ് തൻെറ കോളജ് കാലഘട്ടം പൂ൪ത്തിയാക്കിയത്. പഠനകാലത്ത് അവിടെ ഒരു സ്കൂളിൽ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു.
76ാം വയസ്സിലും 18 മണിക്കൂ൪ ജോലിയെടുക്കുന്ന പിതാവിനെക്കുറിച്ചാണ് മകൾ ശ൪മിസ്ത മുഖ൪ജിക്ക് പറയാനുള്ളത്. കഴിഞ്ഞ 20 വ൪ഷത്തിനിടെ അദ്ദേഹം അവധി എടുത്തിട്ടുള്ളത് ഏതാനും ദിവസങ്ങളിൽ മാത്രം. എന്നാൽ, വ൪ഷത്തിൽ ദു൪ഗാ പൂജാ ദിവസം അദ്ദേഹം തിരക്കുകൾ മാറ്റിവെച്ച് സ്വന്തം ഗ്രാമത്തിൽവരും. ആ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമുള്ളതാണ്. രബീന്ദ്ര സംഗീതത്തിൻെറ ആരാധകനായ പ്രണബിന് ആ ദിവസം പാടാനുള്ളതാണ്. രബീന്ദ്ര സംഗീത വേദികളിലെ സജീവ സാന്നിധ്യമായ ഭാര്യ സ൪വ മുഖ൪ജിയും കൂടെയുണ്ടാകും.
ദിവസവും പത്ത് കിലോമീറ്റ൪ നടന്നാണ് സ്കൂളിൽ പോയിരുന്നതെന്ന പിതാവിനെക്കുറിച്ച അറിവാണ് തന്നെ ഏറെ അദ്ഭുതപ്പെടുത്തിയതെന്ന് ശ൪മിസ്ത പറയുന്നു. വെള്ളപ്പൊക്കം ഭീഷണി സൃഷ്ടിക്കാറുള്ള ആ ഗ്രാമത്തിൽ മൺസൂൺ കാലത്ത് തൻെറ അധ്യാപികയുടെ വീട്ടിലായിരുന്നു അദ്ദേഹത്തിൻെറ താമസം. ‘ ഞാൻ ആ കാലത്തെ പലപ്പോഴും ഭാവനയിൽ കാണാറുണ്ട്. മൺസൂൺ കാലത്ത് ഒരു പുഴക്കുസമീപം ഇതെങ്ങനെ മുറിച്ചുകടക്കുമെന്ന് ആശങ്കപ്പെട്ടു നിൽക്കുന്ന ഒരു കുട്ടിയായിരിക്കും അപ്പോൾ എൻെറ മനസ്സിൽ’ - ശ൪മിസ്ത പറയുന്നു. ഏൽപിക്കപ്പെട്ട ചുമതലകളെല്ലാം പൂ൪ണ ഉത്തരവാദിത്തത്തോടെ നിറവേറ്റിയ അദ്ദേഹം പ്രസിഡൻറ് പദത്തിൽ പുതിയപാത വെട്ടിത്തെളിക്കുമെന്നതിൽ ഈ മകൾക്ക് സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.