കൂടുകളില്‍ കളാഞ്ചി മത്സ്യം: നൂറുമേനിയുമായി ചെറുവത്തൂര്‍

ചെറുവത്തൂ൪: തീരദേശ പ്രദേശങ്ങളിലെ ഓരുജലാശയങ്ങളിൽ പ്രത്യേകമുണ്ടാക്കിയ കൂടുകളിൽ ശാസ്ത്രീയമായി കളാഞ്ചി മത്സ്യം കൃഷി ചെയ്തത് ചെറുവത്തൂരിൽ വൻ വിജയമായി. നാല് ചതുരശ്ര കി.മീ വിസ്തൃതിയിൽ നൈലോൺ നെറ്റ് ഉപയോഗിച്ച് തയാറാക്കിയ കൂടുകളിൽ നിക്ഷേപിച്ച 15 സെ.മീ നീളമുള്ള കുഞ്ഞുങ്ങളെയാണ് ആറുമാസംകൊണ്ട് ഒരു കി.ഗ്രാം തൂക്കം വരെയുള്ള മത്സ്യങ്ങളാക്കി വള൪ത്തിയെടുത്തത്. ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ കളാഞ്ചി കൂട് കൃഷിയിൽനിന്ന് നൂറുമേനി മത്സ്യ വിളവാണ് ക൪ഷക൪ക്കുണ്ടായത്.
ചെറുവത്തൂ൪ പഞ്ചായത്തിലെ മടക്കര ഫിഷ്ലാൻഡിങ് സെൻറ൪ പരിസരത്തെ കാവുഞ്ചിറ, കാരിയിൽ പുഴ, മടക്കര, വലിയപറമ്പ് എന്നിവിടങ്ങളിലാണ് കൃഷിയിറക്കിയത്. തെരഞ്ഞെടുത്ത നാല് പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ ഏഴ് പുരുഷ സ്വയംസഹായ സംഘം ഗ്രൂപ്പുകളാണ് വിത്തിറക്കിയത്. 70ഓളം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാ൪ഗം കൂടിയായി മാറിയ ഈ മത്സ്യകൃഷി വൻ വിളവാണ് തന്നത്.
ഓരുജലാശയങ്ങളിൽ രാഷ്ട്രീയ കൃഷി വികാസ യോജന പദ്ധതി പ്രകാരം മത്സ്യഫെഡിൻെറ സഹകരണത്തോടെയാണ് വിത്തിറക്കിയത്. കാവുഞ്ചിറയിൽ നടന്ന വിളവെടുപ്പുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ഭരണസമിതി അംഗം ഉമ്മ൪ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജ൪ കെ. വനജ, ജില്ലാ പഞ്ചായത്തംഗം പി. ജനാ൪ദനൻ എന്നിവ൪ സംസാരിച്ചു. ആദ്യവിൽപന പഞ്ചായത്ത് പ്രസിഡൻറ് സി. കാ൪ത്യായനി നി൪വഹിച്ചു. കൂടുതൽ ക൪ഷകരെ ഇതിലേക്ക് ആക൪ഷിക്കുന്നതിനായി ഈ വ൪ഷം കളാഞ്ചി കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.