മമതയും പ്രണബിനൊപ്പം

ന്യൂദൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 'മനസ്സില്ലാ മനസ്സോടെ' പ്രണബ് മുഖ൪ജിയെ പിന്തുണക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചു. പ്രണബിനെ പിന്തുണക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് തുറന്നുപറഞ്ഞാണ്, പാ൪ട്ടി എം.പിമാരുടെ യോഗത്തിന് ശേഷം തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാന൪ജി തീരുമാനം പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഹാമിദ് അൻസാരിയെ പിന്തുണക്കുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല.
 രാഷ്ട്രപതി തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കേയാണ്, ഒരുമാസത്തിലധികം നീണ്ട സസ്പെൻസ് അവസാനിപ്പിച്ച് തൃണമൂൽ കോൺഗ്രസ് തീരുമാനമെടുത്തത്. മമതയുടെ തീരുമാനം ജയപരാജയങ്ങളെ ബാധിക്കുന്നതല്ല. തൃണമൂലിന്റെ പിന്തുണകൂടി പ്രണബിന് ലഭിക്കുന്നതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മത്സരം പേരിനു മാത്രമായി. മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ പ്രണബ് മുഖ൪ജി അനായാസം രാഷ്ട്രപതിയാകാൻ കളമൊരുങ്ങി.
 പ്രണബിനെ പിന്തുണക്കാനുള്ള തീരുമാനം വേദനാജനകമാണെന്ന് മമത സ്വയം വിശേഷിപ്പിച്ചു. എ.പി.ജെ അബ്ദുൽ കലാമിനെ സ്ഥാനാ൪ഥിയാക്കണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ, നി൪ഭാഗ്യം, അദ്ദേഹം സ്ഥാനാ൪ഥിത്വം നിരസിച്ചു. എല്ലാവരുടെയും പിന്തുണ കിട്ടിയതുമില്ല. ഈ നി൪ബന്ധിത സ്ഥിതിയിലാണ് ജനാധിപത്യത്തെയും പശ്ചിമ ബംഗാൾ ജനതയുടെ താൽപര്യത്തെയും മാനിച്ച് പ്രണബിന് വോട്ടുചെയ്യാൻ തീരുമാനിക്കുന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം ദു൪ബലമായ രണ്ടാം ചോയ്സ് മാത്രമാണ് പ്രണബ്. ഏതായാലും ഇനി ആ അധ്യായം അടക്കുകയാണ്.
 തൃണമൂൽ കോൺഗ്രസിന് 50,000 വരുന്ന വോട്ടുമൂല്യമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലുള്ളത്. വിട്ടുനിന്നാൽ അതു വെറുതെ കളയാമെന്നല്ലാതെ, ഒരു നേട്ടവും പാ൪ട്ടിക്കില്ല. ഒട്ടും സന്തോഷത്തോടെയല്ല പ്രണബിനെ പിന്തുണക്കുന്നത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനുമുമ്പു നൽകിയ വാഗ്ദാനം പാലിച്ച് തെരഞ്ഞെടുപ്പിന് ശേഷം യു.പി.എക്കൊപ്പം നിന്നു. അത് അദ്ദേഹത്തിന്റെ ഉയ൪ച്ചയിൽ പുതിയ വഴിത്തിരിവായി. എന്നാൽ, കഴിഞ്ഞ എട്ടുമാസമായി പ്രണബും താനുമായി സംസാരിച്ചിട്ടില്ലെന്ന്, കാരണങ്ങളിലേക്ക് കടക്കാതെ മമത വിശദീകരിച്ചു.
 സഖ്യകക്ഷി സമ്മ൪ദങ്ങൾ തീരുമാനമെടുക്കാൻ തങ്ങളെ നി൪ബന്ധിക്കുകയായിരുന്നു. രണ്ടു മൂന്നു ദിവസം മുമ്പ് പ്രധാനമന്ത്രി മൻമോഹൻസിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി താൻ സംസാരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് പിന്തുണക്കാൻ തീരുമാനിച്ച കാര്യം അറിയിച്ചുവെന്നും മമത പറഞ്ഞു.
പ്രണബിന്റെ വിജയം ഒന്നുകൂടി ഉറപ്പിച്ച മമതയുടെ തീരുമാനത്തിൽ കോൺഗ്രസ് ആഹ്ലാദത്തിലാണ്. പ്രതിപക്ഷനിരയിൽനിന്നടക്കം മിക്കവരും ഇപ്പോൾ പ്രണബിനൊപ്പമാണ്. എന്നാൽ, മനസ്സാക്ഷി വോട്ടിന് അഭ്യ൪ഥിച്ച് ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് എൻ.ഡി.എ സ്ഥാനാ൪ഥി പി.എ സാങ്മ. സി.പി.ഐ, ആ൪.എസ്.പി എന്നീ കക്ഷികൾ മാത്രമാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നത്.
 വോട്ടെടുപ്പിന് രണ്ടുനാൾ മാത്രം ബാക്കിനിൽക്കേ, എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് എം.പിമാരെ ദൽഹിയിലേക്ക് വിളിച്ച് സോണിയ ഗാന്ധി  കൂടിക്കാഴ്ച നടത്തി. ഓരോ സംസ്ഥാനങ്ങളുടെയും ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പല ബാച്ചുകളായാണ് എം.പിമാ൪ സോണിയയുടെ വസതിയിൽ എത്തിയത്. വോട്ടിങ് നടപടിക്രമങ്ങളെക്കുറിച്ച് ഓ൪മപ്പെടുത്താനും മറ്റുമായിരുന്നു കൂടിക്കാഴ്ചയെന്ന് എം.പിമാ൪ വിശദീകരിച്ചു. ബുധനാഴ്ച എം.പിമാ൪ക്കായി വിരുന്നും ഒരുക്കിയിട്ടുണ്ട്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭ പാട്ടീൽ വിടവാങ്ങൽ വിരുന്നുകൾ നടത്തിവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.